സ്കൂള്‍ കായികമേളയെ സ്കൂള്‍ ഒളിമ്പിക്സ് എന്നാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ ഒളിമ്പിക്സായാല് മത്സരയിനങ്ങളില്‍ ഗെയിംസും ഉള്‍പ്പെടുത്താം. കായിക താരങ്ങള്‍ക്കു ഏഴു വര്‍ഷത്തിനിടെ 676 പേര്‍ക്ക് ജോലി നല്കി. അടുത്ത വര്‍ഷംമുതല്‍ സ്പോര്‍ട്സ് കലണ്ടര്‍ തയാറാക്കുമെന്നും മന്ത്രി ശിവന് കുട്ടി പറഞ്ഞു.
അറുപതു വയസു കഴിഞ്ഞ ഡോ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമിക്കുന്നത് എന്തിനെന്നു സുപ്രീം കോടതി. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതോടെ കേസ് വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇളവ് അനുവദിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണ്ണി ജനറല്‍ ആര് വെങ്കിട്ട രമണി കോടതിയില്‍ വാദിച്ചു.
അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറോടെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളസംഘത്തിന്റെ ഭരണമാണ് കേരളത്തിലേതെന്നാണ് ആരോപണം. രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സിപിഎമ്മുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകരിക്കരുതെന്ന മുന്നറിയിപ്പുമായി കെ പി സി സി. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ശക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സിപിഎം നേതാവ് പിവി അരവിന്ദാക്ഷന്റെ ജാമ്യ ഹര്‍ജിയില്‍ 19 ന് വാദം തുടരും. ഇഡി ഉദ്യോഗസ്ഥര്‍ അരവിന്ദാക്ഷനും കുടുംബവും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു. എന്നാല്‍ അമ്മക്ക് 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം തെറ്റാണെന്ന് അരവിന്ദാക്ഷന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരേ സിപിഎം നേതാവ് പി ജയരാജന് ന്കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. അരിയില്‍ ഷുക്കൂര്‍ വധ കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണന്നായിരുന്നു കേസ്. തന്റെ പരാമര്‍ശങ്ങള്‍ പൊതുതാല്പര്യം മുന്‍ നിര്‍ത്തിയുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഷാജി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇസ്രായേല്‍ -പലസ്തീന് യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതാണെന്നും ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യ ‘ഇസ്രായേലിനൊപ്പം ‘എന്ന് മോദി എക്സില്‍ പ്രഖ്യാപിച്ചത് രാജ്യത്തിന്റെ നയതന്ത്രത്തെക്കുറിച്ച് തീരെ ആലോചിക്കാതെയാണെന്ന് ബേബി കുറ്റപ്പെടുത്തി.
മലപ്പുറം എടയൂരിലെ മൂന്നാക്കല്‍ ജുമാമസ്ജിദിന്റെ ഭൂമിയിലെ ചന്ദനം മുറിക്കാനെത്തിയയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. മരം മുറിച്ച വാള് നേരത്തെ കണ്ടെടുത്തിരുന്നു. വളാഞ്ചേരി പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് വീണ്ടും മോഷ്ടിക്കാനെത്തിയത്.
തിരുവനന്തപുരം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീ പിടിച്ചു. തിരുവനന്തപുരം പാളയത്ത് യൂണിവേഴ്സിറ്റി കോളേജിനു മുന്‍പിലെത്തിയപ്പോഴാണ് ബസില്‍ നിന്ന് തീ ഉയര്‍ന്നത്. ഉടന്‍ തന്നെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകട കാരണം.
തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുന്‍പ് കാണാതായ യുവാവിന്റെതാണ് മൃതശരീരം. മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ഇന്ത്യ 2035 നകം സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 ആകുമ്പോഴേക്കും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങള്‍ വേണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഗഗന്യാന് പദ്ധതി അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.
പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനി െശിവകാശിയില് രണ്ട് പടക്ക നിര്‍മാണശാലകളില്‍ സ്ഫോടനത്തില്‍ 13 മരണം. തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയിലാണു സംഭവം.
എല്ലാവര്ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷാ വാഗ്ദാനവുമായി മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് പ്രകടനപത്രിക. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം, സംസ്ഥാന ഐപിഎല്‍ ടീം എന്നിവ അടക്കം 59 വാഗ്ദാനങ്ങളാണ് 106 പേജുളള പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്. വയോജനങ്ങള്‍ക്കു പെന്ഷന്, സൗജന്യ വിദ്യാഭ്യാസം, തൊഴിലില്ലായ്മ വേതനം, 500 രൂപയ്ക്ക് എല്‍പിജി സിലിന്‍ഡറുകള്‍ എന്നീ വാഗ്ദാനങ്ങളുമുണ്ട്.
കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു ബിജെപിയിലെ കുടുംബാധ്യപത്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് രാഹുല്‍ ചോദിച്ചു. മിസോറാമില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.
ചോദ്യത്തിനു കോഴ വാങ്ങിയെന്ന് ആരോപിച്ച ബിജെപി എംപി നിഷികാന്ത് ദുബൈക്കെതിരേ മഹുവ മൊയ്ത്ര എംപി ഡല്‍ഹി ഹൈക്കോടിതയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. നിഷികാന്തിന്റെ പരാതി സ്പീക്കര്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. ഹിരാ നന്ദാനി ഗ്രൂപ്പില്‍നിന്ന് കോടികള്‍ കൈപ്പറ്റിയെന്നാണു ബിജെപിയുടെ പരാതി.
ഗാസയില്‍ ദുരിതം അനുഭവിക്കുന്ന അഭയാര്ത്ഥികള്ക്കായിി യുഎന്‍ എത്തിച്ച ഇന്ധനവും വൈദ്യസഹായവും ഹമാസ് തട്ടിയെടുത്തെന്ന് ഇസ്രായേല്‍. ഗാസയിലെ ജലശുദ്ധീകരണത്തിന് ആറ് ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്ധനമാണ് മോഷ്ടിച്ചത്.
ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്പില്‍നിന്ന് പലായനം ചെയ്ത നൂറുകണക്കിന് പലസ്തീന് മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതന ക്രിസ്ത്യന്‍ ദേവാലയത്തില്‍. ഗാസയിലെ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും പ്രതിരോധ ശക്തികളെ ആര്‍ക്കും തടുക്കാനാവില്ലെന്നും ഖമേനി പറഞ്ഞു.