night news hd 10

 

ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ ഇന്നു രാത്രിയോടെ പുറത്തെത്തിക്കും. തുരങ്കത്തിലേക്ക് ഇതിനകം ഒമ്പതു കുഴലുകള്‍ സ്ഥാപിച്ചു. ഈ പൈപ്പുകളിലൂടെ എല്ലാവരേയും പുറത്തെത്തിക്കും. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കല്‍ സംഘം സജ്ജമാണ്.

കണ്ണൂര്‍ പഴയങ്ങാടിയില്‍ നവകേരള സദസ് ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ നാലു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റമീസ്, ജിതിന്‍, അമല്‍ ബാബു, അനുവിന്ദ് എന്നിവരാണ് അറസ്റ്റിലായത്.

നവകേരള ബസിന് അഭിവാദ്യമര്‍പ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലില്‍ നിര്‍ത്തി. തലശ്ശേരി ചമ്പാട് എല്‍പി സ്‌കൂളിലെ കുട്ടികളെയാണ് വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നവ കേരള സദസ് തടയുമെന്നു മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വയനാട് കലക്ടറേറ്റിലാണ് സിപിഐ എംഎലിന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനമുള്ള ജില്ലകളില്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് വ്യാഴാഴ്ച അവധി. ഒമ്പതു ജില്ലകളിലാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം നല്‍കുന്ന ദിവസം അവധിയായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക.

നവകേരള സദസ് വന്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ല. ഏതെങ്കിലും ഒരാളുടെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറാകുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള രാഷ്ട്രീയ പ്രചാരണമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനു ലഭിച്ച ധനസഹായം തട്ടിയെടുത്ത കേസില്‍ പ്രതികളെ സഹായിക്കുന്നുവെന്നാരോപിച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്കു നടന്ന മാര്‍ച്ച് മഹാരാജാസ് കോളേജിന് മുന്നില്‍ പൊലീസ് ബാരിക്കേഡു വച്ച് തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഒടുവില്‍ കസ്റ്റഡിയിലെടുക്കുകയുംചെയ്തു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയത് താനാണെന്നു വികാസ് കൃഷ്ണന്‍ കുറ്റസമ്മത മൊഴി നല്‍കിയെന്നു പോലീസ്. അടൂരില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നയാളാണ് വികാസ് കൃഷ്ണന്‍. അഭി വിക്രം, ബിനില്‍ ബിനു, ഫെനി നൈനാന്‍ എന്നിവര്‍ ഒരു മാസം മുമ്പേ ഫോട്ടോയും വിലാസവും നമ്പറും നല്‍കി. വ്യാജരേഖയുണ്ടാക്കിയതിന് പ്രതിഫലം ലഭിച്ചെന്നും വികാസ് കൃഷ്ണന്‍ മൊഴി നല്‍കി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ പ്രസിഡന്റാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരാണ്. വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.

അതിതീവ്ര മഴക്കു സാധ്യത. പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട്. തിരുവനന്തപുരത്തും കനത്ത മഴയാണ്. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.

കോഴിക്കോട് കടപ്പുറത്ത് നാളെ കെപിസിസിയുടെ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി. ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. അര ലക്ഷം പേര്‍ അണിനിരക്കുമെന്നു സംഘാടകര്‍.

നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ ഡിഇഒ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗനും മകനും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് എന്‍ഫ്‌ഴോസ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവരും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും കസ്റ്റഡി അപേക്ഷയില്‍ ഇഡി പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഉദയനിധി സ്റ്റാലിന്‍ എത്തുന്നത്.

പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മത പ്രഭാഷകന്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് അറസ്റ്റിലായത്.

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായതോടെ സെപ്റ്റംബര്‍ 21 ന് വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *