night news hd 1

 

വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചതോടെ നിരക്ക് വര്‍ധന ഇന്നലെ പ്രാബല്യത്തില്‍ വന്നു. 25 മുതല്‍ 40 വരെ ശതമാനംനിരക്ക് കൂട്ടണമെന്നായിരുന്നു കഎസ്ഇബി ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ആദ്യഘട്ടത്തില്‍ നിയമിക്കപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. പുതിയ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിയമന നീക്കങ്ങള്‍ ഇതോടെ തടസപ്പെട്ടു.

ദാരിദ്ര്യം മറയ്ക്കാന്‍ പുരപ്പുറത്ത് ഉണക്കാനിട്ട പട്ട് കോണകമാണ് കേരളീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളീയം പരിപാടി വന്‍ ധൂര്‍ത്താണ്. പുതിയ തലമുറ സര്‍ക്കാരിനെതിരെയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

തൃശൂര്‍ കേരളവര്‍മ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ റീ കൗണ്ടിംഗിലൂടെ തോല്‍പിച്ചെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിരാഹാര സമരം തുടങ്ങി. തൃശൂര്‍ കോര്‍പ്പറേഷന് ഓഫീസിനു സമീപമാണ് നിരാഹാര സമരം ആരംഭിച്ചത്.

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ വിജയം ഇരുട്ടിന്റെ മറവിലൂടെ അട്ടിമറിച്ച എസ്എഫ് ഐയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. രണ്ടു തവണ വൈദ്യുതി വിച്ഛേദിച്ച് ഇരുട്ടിന്റെ മറവിലാണ് അവര്‍ വിപ്ലവം നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.

കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ തര്‍ക്കമുണ്ടായ റീ കൗണ്ടിംഗ് എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍. നിയമപരമായി കൗണ്ടിങ് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചത്. കൗണ്ടിങ് ഇടയ്ക്കു നിര്‍ത്തിവച്ചിരുന്നു. നിര്‍ത്തിവച്ച റീകൌണ്ടിംഗ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു തുടര്‍ന്നതെന്ന പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വെളിപെടുത്തിയിരുന്നു.

കേരളവര്‍മ്മ കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ തോല്‍വി കെഎസ്‌യു അംഗീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. കേരളവര്‍മ്മയിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തുടക്കംമുതല്‍ കെഎസ്‌യു ശ്രമിച്ചിരുന്നുവെന്നും ആര്‍ഷോ ആരോപിച്ചു.

കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്റ് കോളേജില്‍ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. സംഘര്‍ഷംമൂലം കോളേജിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. എസ് എഫ് ഐ, കെ എസ് യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനങ്ങളുടെ നിക്ഷേപത്തുക മടക്കി നല്‍കാതെ ഹൈക്കോടതിയില്‍ കേസുകള്‍ അഭിമുഖീകരിക്കുന്ന കെടിഡിഎഫ്‌സിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന് ചുമതല നല്‍കി. വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്‌സിയും കെഎസ്ആര്‍ടിസിയും തമ്മിലുള്ള തര്‍ക്കവും രൂക്ഷമായിരിക്കേയാണ് നടപടി.

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കു ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ റിവ്യൂ ബോംബിങ് തടയാന്‍ കടുത്ത നടപടികളുമായി നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും. സിനിമ റിവ്യുവില്‍ പരാതിയുള്ളവര്‍ക്കെല്ലാം നിയമസഹായം നല്‍കുമെന്ന് ഫെഫ്ക അറിയിച്ചു.

സൗദി അറേബ്യയിലെ തെക്കന്‍ പ്രവശ്യയിലെ ജയിലുകളില്‍ 40 മലയാളികള്‍ ഉള്‍പെടെ 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘത്തിന്റെ ജയില്‍ സന്ദര്‍ശനത്തില്‍ കണ്ടെത്തിയത്.

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികള്‍ പൂര്‍ത്തിയാക്കാതെ ഹിയറിംഗ് ബഹിഷ്‌കരിച്ചു. ഒരു വനിത എംപിയോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിച്ച് അപമാനിക്കുന്ന നടപടികളാണ് കമ്മിറ്റി ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അവര്‍ ആരോപിച്ചു. ഭരണപക്ഷ എംപി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്നും മഹുവ ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളെല്ലാം മഹുവ നിഷേധിച്ചു.

പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായ മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റി ചെയര്‍മാനെ അപമാനിച്ചെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബൈ എംപി. പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടാണ് സമിതി ചെയര്‍മാനെ അപമാനിച്ചതെന്നും നിഷികാന്ത് ദുബൈ പറഞ്ഞു.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം ലാക്‌സഭാ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചു. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി.

രാജസ്ഥാനില്‍ കൈക്കൂലി ചോദിച്ചതിന് രണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. ചിട്ടി ഫണ്ട് വിഷയത്തില്‍ കേസ് എടുക്കാതിരിക്കാന്‍ 17 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ അറിയിച്ചു.

കൊട്ടക് ജനറല്‍ ഇന്‍ഷുറന്‍സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ സൂറിച്ച് ഇന്‍ഷുറന്‍സ് കമ്പനി. 4,051 കോടി രൂപയാണ് സൂറിച്ച് ഇന്‍ഷുറന്‍സ് ഇതിനായി നിക്ഷേപിക്കുക. മൂന്നു വര്‍ഷത്തിനകം 19 ശതമാനം അധിക ഓഹരിയും കമ്പനി ഏറ്റെടുക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു.

ഇസ്രായേല്‍ ആക്രമണം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 11 ന് റിയാദില്‍ അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരുന്നു. അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം രണ്ടു സ്വതന്ത്ര രാജ്യങ്ങള്‍ ഉണ്ടാവുകയാണെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികിച്ചത്. വിശുദ്ധ നാട്ടിലെ യുദ്ധം ഭയപ്പെടുത്തുന്നതാണ്. നൂറുകണക്കിനു ജീവനുകളാണു കൊല്ലപ്പെടുന്നത്. അദ്ദേഹം പറഞ്ഞു.

കഫ് സിറപ്പ് കഴിച്ച് ഇരുന്നൂറോളം കുട്ടകള്‍ മരിച്ച സംഭവത്തില്‍ കഫ് സിറഫ് കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് ഇന്തോനേഷ്യന്‍ കോടതി. ചുമ മരുന്ന് നിര്‍മ്മാണ കമ്പനിയായ അഫി ഫാര്‍മയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവായ ആരിഫ് പ്രസേത്യ ഹരഹാപ്പിയുമടക്കം നാല് പേര്‍ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. നൂറു കോടി ഇന്തോനേഷ്യന്‍ രൂപ പിഴ അടയ്ക്കുകയും വേണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *