പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ നിര്‍ണായക സ്ഥാനം നേടിയെന്ന് അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. മോദി സര്‍ക്കാരിന്റെ പത്തു നേട്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ജിഎസ്ടി നടപ്പാക്കല്‍, കോര്‍പറേറ്റ് നികുതി ഏകീകരണം, ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍, ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കു സബ്‌സിഡി തുടങ്ങിയവയാണ് നേട്ടങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പൊലീസ് തലപ്പത്ത് മാറ്റം. പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു. ഇരുവര്‍ക്കും ഡിജിപിയായി സ്ഥാനം നല്‍കിയാണു നിയമനം. ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും.
കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതു സംബന്ധിച്ച് വിശദമായ കണക്കു തരാമെന്ന് കേന്ദ്ര ധനമന്ത്രാലയം. കണക്കില്‍ വ്യക്തത തേടിയ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് അയച്ച മറുപടിയിലാണ് ഈ വിവരം. ഇതേസമയം വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും മൂന്നു പെണ്‍മക്കള്‍ക്കും കഠിന തടവും പിഴയും. കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി ആര്‍ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി രണ്ടു വര്‍ഷം കഠിനതടവും രണ്ടര കോടി രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചത്.
കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങിന് 4.35 കോടി രൂപയാണു സര്‍ക്കാര്‍ ചെലവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയിലെ ഒരു ഹാളില്‍ നടക്കുന്ന ചടങ്ങിനാണ് ഇത്രയും ധൂര്‍ത്ത്. മുഖ്യമന്ത്രി നേരത്തെ ഒരു ഉദ്ഘാടനം നടത്തിയതാണെന്നും സതീശന്‍.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെഎംഎസ്സിഎലിലെ തീപിടുത്തം അണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
കേരള തീരത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം.
പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന ഫാക്ടറി പൂട്ടണമെന്ന നിലപാടില്‍ സിപിഎം എത്തിയത് സമൂഹത്തില്‍ ഒറ്റപ്പെട്ടതോടെയാണെന്ന് പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കിയ റസാഖ് പയമ്പ്രോട്ടിന്റെ ഭാര്യയും സിപിഎം പ്രവര്‍ത്തകയുമായ സികെ. ഷീജ. ഒരാഴ്ച്ച മുമ്പെങ്കിലും പാര്‍ട്ടി ഇങ്ങനെ തീരുമാനിച്ചിരുന്നെങ്കില്‍ സഖാവ് റസാഖ് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷീജ.
റസാഖ് പയബ്രോട്ടിന്റെ മരണത്തില്‍ പാര്‍ട്ടിക്കുു കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ടി പി നജ്മുദ്ദീന്‍. ആശങ്ക പരിഹരിക്കാനാണ് പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറിക്കെതിരെ ഇപ്പോള്‍ സമരം നടത്തുന്നതെന്നും ലോക്കല്‍ സെക്രട്ടറി.
തൊടുപുഴ ഇടവെട്ടി പാറമടയിലെ താല്‍ക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലില്‍ എട്ടുപേര്‍ക്കു പരിക്ക്. ജോലിക്ക് ശേഷം തൊഴിലാളികള്‍ ഷെഡില്‍ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.
ആലപ്പുഴ പുന്നമടയില്‍ രേഖകളില്ലാത്ത രണ്ടു ഹൗസ് ബോട്ടുകള്‍ പിടിച്ചെടുത്തു. ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റി. ആറു ബോട്ടുകള്‍ക്ക് പിഴയടക്കാന്‍ നോട്ടീസ് നല്‍കി. 45,000 രൂപ പിഴയിട്ടു. 14 ഹൗസ് ബോട്ടുകളാണ് പരിശോധിച്ചത്.
ചിറയിന്‍കീഴില്‍ പ്രവാസിയുടെ വീട്ടില്‍നിന്ന് 19 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 85,000 രൂപയും അറുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള സാധനങ്ങളും കൊള്ളയടിച്ചു. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ചിറയിന്‍കീഴ് മുട്ടപ്പലം തെക്കേവിളഗത്തെ വീട്ടില്‍ സാബുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
കാലിഫോര്‍ണിയയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. സദസിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ നീക്കിയാണ് പരിപാടി നടത്തിയത്.
ബ്രിജ് ഭൂഷണെതിരെ തെളിവില്ലാത്തതിനാലാണ് അറസ്റ്റു ചെയ്യാത്തതെന്നു തങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നു ഡല്‍ഹി പോലീസ്. അത്തരത്തില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണ്. അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വാര്‍ത്തയാണ് പോലീസ് നിഷേധിച്ചത്.
തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ എംപി. തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കണമെന്നും അയാള്‍ ഗുസ്തി താരങ്ങളെ വെല്ലുവിളിച്ചു.
ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. സര്‍ക്കാര്‍ കായിക താരങ്ങള്‍ക്കൊപ്പമാണെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. അന്വേഷണം നിയമപ്രകാരം നടക്കും. ഡല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി.
യുഎഇയിലെ യുവ ഇന്ത്യന്‍ വ്യവസായിയും കര്‍ണാടക പുത്തൂര്‍ സ്വദേശിയുമായ മൊഹിയുദ്ധീന്‍ ഹാരിസ് അബ്ദുല്ല ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. 48 വയസായിരുന്നു.
ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയിലെത്തി. 2,656 തീര്‍ത്ഥാടകര്‍ ഉള്‍പ്പെട്ട സംഘം മദീനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മക്കയിലെത്തിയത്.
സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവി, അലി അല്‍ഖര്‍നി എന്നിവരുടെ ദൗത്യം വിജയിച്ചെന്ന് സൗദി ബഹിരാകാശ അതോറിറ്റി. ഇവരോടൊപ്പം രണ്ടു സഹയാത്രികരെയും വഹിച്ചുള്ള ബഹിരാകാശ പേടകം എട്ടു ദിവസത്തെ ബഹിരാകാശ യാത്രക്കുശേഷം ‘ആക്‌സ് 2’ മെക്സിക്കന്‍ ഉള്‍ക്കടലിലാണു തിരിച്ചിറങ്ങിയത്.
യുക്രെയിന്റെ അവസാനത്തെ യുദ്ധക്കപ്പല്‍ ഒഡെസ തുറമുഖത്തു തകര്‍ത്തെന്ന് റഷ്യ. യുക്രെയിന്‍ പ്രതികരിച്ചിട്ടില്ല.