എസ്എസ്എല്‍സി പരീക്ഷ ഫലം ശനിയാഴ്ചയും ഹയര്‍സെക്കന്‍ഡറി ഫലം ഈ മാസം 25 നും പ്രസിദ്ധീകരിക്കും. 4,19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഫോക്കസ് ഏരിയ ഇല്ലാതെ എല്ലാ പാഠഭാഗങ്ങളില്‍നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു.
എസ് എസ് എല്‍ സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ രേഖകള്‍ നല്‍കാതെ 3006 അധ്യാപകര്‍ വിട്ടുനിന്നു. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ അരവണയുടെ സാമ്പിളില്‍ ഗുണനിലവാര പരിശോധന നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. ഏലയ്ക്കായിലെ കീടനാശിനിയുടെ അളവു കൂടുതലാണെന്നു കണ്ട് വിതരണം തടഞ്ഞ അരവണ വീണ്ടും പരിശോധിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ജിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
ജനതാദള്‍ എസുമായി ലയിക്കേണ്ടെന്ന് ലോക് താന്ത്രിക് ജനതാദള്‍. ഇരു പാര്‍ട്ടികളും എല്‍ഡിഎഫിലെ ഘടകക്ഷികളാണ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെഡിഎസ് ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാടെടുക്കാത്തതുമൂലമാണ് ലയനം വേണ്ടെന്ന് എം.വി. ശ്രേയംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡിയിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം. ഇതേസമയം, ആര്‍ജെഡിയുമായി ലയന ചര്‍ച്ചകള്‍ തുടരാന്‍ കോഴിക്കോട്ട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നു മുഖ്യമന്ത്രിയും സി പി എം നേതാക്കളും ആഹ്വാനം ചെയ്യുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ണാടകത്തില്‍ സിപിഎം ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരേ നാലിടത്തു മല്‍സരിച്ചു. രണ്ടിടത്ത് ബിജെപി ജയിച്ചു. ഇങ്ങനെ ബിജെപിയെ ജയിപ്പിക്കാന്‍ സഹായിച്ചവരാണു സിപിഎമ്മെന്നും സുധാകരന്‍.
അനധികൃത ഖനനം നടത്തിയതിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ തിരുവനന്തപുരത്തെ കോവാനന്റ് സ്‌റ്റോണ്‍ ക്വാറിക്കു വിധിച്ച് 41.46 കോടി രൂപയുടെ പിഴശിക്ഷയ്‌ക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ട്രൈബ്യൂണല്‍ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തില്ല.
അദാനിക്കെതിരായ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടു സംബന്ധിച്ച അന്വേഷണത്തിന് ആറു മാസം വേണമെന്ന സെബിയുടെ അപേക്ഷയില്‍ ഉത്തരവ് നാളെ. 2016 മുതല്‍ അന്വഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി വ്യക്തമാക്കിയിരുന്നു. അദാനി വിഷയത്തില്‍ അന്വേഷണത്തിനു മൂന്നു മാസത്തെ സമയം മതിയെന്നായിരുന്നു കോടതിയുടെ അഭിപ്രായം.
സര്‍ക്കാര്‍ ജോലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്ന റോസ്ഗര്‍ മേള പദ്ധതിയുടെ ഭാഗമായി 71,000 നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വിതരണം ചെയ്യും. ഇവരെ പ്രധാനമന്ത്രി വെര്‍ച്വലായി അഭിസംബോധന ചെയ്യും. രാജ്യത്തെ 45 സ്ഥലങ്ങളിലായാണു മേള നടത്തുന്നത്.
തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയായിരുന്ന ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തലാഖ് ചോദ്യം ചെയ്തുള്ള മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. കേസില്‍ മുഹമ്മദ് ഷമിയെ കക്ഷിയാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 കോടി രൂപ തട്ടിയെടുക്കാനാണ് മകന്‍ ആര്യന്‍ ഖാനെ ലഹരി കള്ളക്കേസില്‍ കുടുക്കിയതെന്ന് സിബിഐയുടെ എഫ്‌ഐആര്‍. മഹാരാഷ്ട്ര എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡേക്കെതിരേയാണ് എഫ്‌ഐആര്‍. പിന്നീട് 18 കോടി രൂപ കൈമാറാമെന്ന് ഉറപ്പിക്കുകയും 50 ലക്ഷം മുന്‍കൂറായി വാങ്ങുകയും ചെയ്‌തെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു. കിരണ്‍ ഗോസാവി എന്നയാളുമായി ചേര്‍ന്നാണ് ഗൂഢാലോചന നടത്തി പദ്ധതി ആസൂത്രണം ചെയ്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.
താനൊരു ഒറ്റയാനാണെന്ന് കര്‍ണാടകത്തില്‍ മുഖ്യമന്ത്രിക്കസേരയ്ക്കു സാധ്യത കുറവെന്നു ബോധ്യപ്പെട്ട കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും ഡല്‍ഹിക്കു പോകുകയാണെന്നും അദ്ദേഹം വെളിപെടുത്തി. ബെംഗളുരുവില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രതികരണം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
ദുബായ് – അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി ഉപദ്രവിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലായിരുന്ന രജീന്ദര്‍ സിംഗ് എന്ന ജലന്തര്‍ സ്വദേശിയാണു പിടിയിലായത്.
ആംബുലന്‍സ് വാടകയായ എണ്ണായിരം രൂപ നല്‍കനില്ലാതെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു പിതാവ് പോയത് ബസിലിരുന്ന്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്ന് കാളീഗഞ്ചിലെ വീട്ടിലേക്ക് അഷിം ദേവശര്‍മ എന്നയാളാണ് അഞ്ചുമാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ കൊണ്ടുപോയത്.
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹരികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ഖാന്‍ മുന്‍കൂര്‍ ജാമ്യം തേടി ലാഹോര്‍ ഹൈക്കോടതിയില്‍. റിയല്‍ എസ്‌റ്റേറ്റ് അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീബിയും കോടതിയില്‍ ഹാജരായി. ഇവര്‍ക്കു ജാമ്യം അനുവദിച്ചു.
ജനന നിരക്കു നിയന്ത്രിക്കാന്‍ കര്‍ശന നടപടികളെടുത്തിരുന്ന ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ആകര്‍ഷകമായ പദ്ധതികളുമായി സര്‍ക്കാര്‍. പുതുയുഗം എന്നു പേരിട്ട പദ്ധതിയനുസരിച്ച് വിവാഹവും പ്രസവവും പ്രോല്‍സാഹിപ്പിക്കാന്‍ നികുതി ഇളവുകളും ഭവന സബ്‌സിഡികളും അടക്കം നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. 20 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും.
ജര്‍മ്മനിയിലെ മെഴ്സിഡസ് ബെന്‍സ് കാര്‍ പ്ലാന്റില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 53 വയസുള്ള ഒരാള്‍ പ്ലാന്റില്‍ പ്രവേശിച്ച് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്