night news hd 8

 

ഇസ്ലമാബാദിലെ കോടതി മുറിയില്‍നിന്ന് അറസ്റ്റു ചെയ്ത പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്ത സൈനിക നടപടി പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ഇമ്രാന്‍ ഖാനെ ഉടനേ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇമ്രാനെ ഒരു മണിക്കൂറിനകം ഹാജരാക്കണമെന്ന് പാക് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതിയില്‍നിന്ന് ആരേയും അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്നും കോടതി താക്കീതു നല്‍കി. അക്രമങ്ങളില്‍നിന്നു പിന്തിരിയാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ഇമ്രാനോടു കോടതി ആവശ്യപ്പെട്ടു.

ആശുപത്രികളില്‍ അതിക്രമങ്ങള്‍ തടയാന്‍ നിയമം കൂടുതല്‍ കര്‍ശനമാക്കും. സുരക്ഷയും ശക്തമാക്കും. ഇതു സംബന്ധിച്ച നിയമം തയാറാക്കുന്നതടക്കമുള്ള വിഷയങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. മുഖ്യമന്ത്രി വിളിച്ചുചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍ക്കൊണ്ടുകൊണ്ടാകും ഓര്‍ഡിനന്‍സ് തയാറാക്കുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷയ്ക്കായാ സായുധ സേനയെ നിയോഗിക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍. മരണഭയം കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനും മികച്ച ചികിത്സ ജനങ്ങള്‍ക്ക് ഉറപ്പാക്കാനും വേണ്ട നടപടി വേണമെന്ന് മുഖ്യമന്ത്രിക്കു കത്തു നല്‍കി. പോലീസ് കസ്റ്റഡിയിലുള്ളവരെ പരിശോധിക്കാന്‍ ജയിലില്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമാക്കി ഓര്‍ഡിനന്‍സ് ഇറക്കണം. അത്യാഹിത വിഭാഗമുള്ള ആശുപത്രികളിലാണു സായുധ സേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനു ഡോ. വന്ദനദാസിന്റെ പേരിടും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പു ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ വീണ്ടും ലഹരി രോഗികളുടെ ആക്രമണം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് ആക്രമണമുണ്ടായത്. നെടുങ്കണ്ടത്ത് മദ്യപിച്ചു അടിപിടിയില്‍ പരിക്കേറ്റ് ചികിത്സക്ക് എത്തിച്ച തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് അക്രമാസക്തനായത്. പോലീസ് ആശുപത്രിയില്‍ എത്തിച്ച ഇയാള്‍ ചികിത്സ നിഷേധിച്ച് ഇറങ്ങിയോടി. പോലീസ് വീണ്ടും പിടികൂടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. കൈകാലുകള്‍ കെട്ടിയിട്ടാണ് ഇയാളെ ചികില്‍സിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വധശ്രമക്കേസ് പ്രതി പൊവ്വല്‍ സ്വദേശി ഫറൂഖ് (30) കുത്തിയയാളെ വീണ്ടും ആക്രമിക്കാന്‍ എത്തിയാണ് അക്രമാസക്തനായത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റുമൂലം കേരളത്തില്‍ നാലു ദിവസം മഴയ്ക്കു സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല.

മന്ത്രി സജി ചെറിയാന്‍ നാളെ രാവിലെ അജ്മാനിലും വൈകുന്നേരം ബഹറിനിലും നടക്കുന്ന മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കും. വളരെ വൈകിയാണ് കേന്ദ്രത്തില്‍നിന്ന് വിദേശയാത്രാനുമതി ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ദുബായ്, അബുദാബി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.

താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ ഒരു ബോട്ട് ജീവനക്കാരന്‍ കൂടി പിടിയിലായി. താനൂര്‍ സ്വദേശി വടക്കയില്‍ സവാദ് ആണ് പിടിയിലായത്. അന്വേഷണ സംഘം ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റഡിയിലെടുത്തു.

സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി അനധികൃത മദ്യവില്‍പന നടത്തിയയാള്‍ പിടിയില്‍. നടുവട്ടം മാഹി സ്വദേശി രാജേഷ് (ബാവൂട്ട 50) ആണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.

വിദേശത്തുനിന്ന് മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുത്തെന്നും താന്‍ 25 കോടി രൂപ പിഴ അടച്ചെന്നുമുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരേ നിയമ നടപടിയെടുക്കുമെന്ന് പൃഥ്വിരാജ്. താന്‍ ഒരു പിഴയും അടച്ചിട്ടില്ലെന്ന് ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ മരണത്തില്‍ ംകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പത്തനാപുരം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനു (27) പരിക്ക്. കാല്‍മുട്ടിലാണു വെടിയുണ്ട തുളച്ചുകയറിയത്.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പഠിക്കാന്‍ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നല്‍കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *