രാത്രി വാര്‍ത്തകള്‍
വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്ന പേരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കു വിറ്റു കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റവന്യൂ, ധനവകുപ്പുളും എതിര്‍പ്പു കൂസാതെ സ്ഥലം വില്‍ക്കുന്നതിനു പിറകില്‍ വന്‍ അഴിമതിയുണ്ട്. കമ്പനി എംഡി വിദേശയാത്ര നടത്തിയതില്‍ വിശദീരണം തേടണം. നോര്‍ക്ക റൂട്‌സിനു കീഴില്‍ കമ്പനി രൂപീകരിച്ച് ഭൂമി വില്‍ക്കാനാണ് ശ്രമം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല.
രണ്ടേകാല്‍ ലക്ഷം കുട്ടികളുടെ നഗ്നചിത്രങ്ങളുമായി 72 കാരന്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അറസ്റ്റിലായി. പോള്‍ സിറ്റല്‍ എന്നയാളെയാണു പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലെയും ഓഫീസ് മുറിയിലെയും ചുമരുകള്‍ നിറയെ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പതിച്ചിരുന്നു. അനേകായിരം ചിത്രങ്ങളുടെ പ്രിന്റുകള്‍ അലമാരകളിലും കണ്ടെത്തി. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ 25 കേസുകളെടുത്തു.
ആരോഗ്യ രംഗത്ത് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ കേന്ദ്രം പുനര്‍ചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മുഖ്യമന്ത്രിക്കു രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. മുണ്ടിക്കല്‍ താഴം ജംഗ്ഷനില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്. രണ്ടു സംഭവങ്ങളിലുമായി നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി വരുന്നതിനു മുന്നോടിയായി കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ എന്നിവരെ വിട്ടയക്കാമെന്ന് എസിപി അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണയ്ക്കാന്‍ നാളെ തീവ്രയജ്ഞം. നാളെ എല്ലാവരും വീടുകളില്‍ കഴിയണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. അഗ്നിരക്ഷാ സേനയും നേവിയും വ്യോമസേനയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരും.
പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നില്‍ സമരം ചെയ്ത ഹര്‍ഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമരം അവസാനിപ്പിച്ചത്. നീതി ലഭിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയെന്ന് ഹര്‍ഷിന പറഞ്ഞു.
ലൈഫ് മിഷനില്‍ വിദേശ സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. ലൈഫ് മിഷനും യൂണിടാക്കുമായി കരാറില്ല. യുഎഇയിലെ സംഘടനയായ റെഡ് ക്രെസന്റാണ് പണം നല്‍കിയത്. രാജേഷ് പറഞ്ഞു.
കെ റെയില്‍ വന്നാല്‍ കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിലെത്താമെന്ന കോമഡിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട് തൃത്താലയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു ഗോവിന്ദന്‍. ഗോവിന്ദന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ്യ വിഷയമാകുകയും ചെയ്തു.
സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും. തൃശൂരിലെ സമ്മേളനത്തിലാണ് ജയരാജന്‍ എത്തിയത്. ജാഥ മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തനമെന്നു ജയരാജന്‍ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ അതിക്രമം നടത്തിയ മുപ്പതോളം പേരില്‍ എട്ടു പ്രതികള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ചങ്ങരംകുളത്ത് മൂന്നുനില കെട്ടിടമായ സിറ്റി ടവറില്‍ തീപിടിത്തം. മുകള്‍നിലയിലുള്ള ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണമായും തൊട്ടരികിലെ രണ്ടു മുറികളും കത്തിനശിച്ചു.
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്‍ ഡിഎന്‍എ ടെസ്റ്റിലൂടെ പിടിയിലായി. നൂറനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയായിക്കിയ കേസില്‍ ചുനക്കര നടുവിലെ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ (46) യാണ് അറസ്റ്റു ചെയ്തത്.
ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഒരേചോദ്യംതന്നെ തുടരെത്തുടരെ ചോദിച്ചു മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോടു പറഞ്ഞു. ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.