പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് 25,000 രൂപ ശിക്ഷ എന്ന വിചിത്ര വിധിയുമായി ഗുജറാത്ത് ഹൈക്കോടതി. വിവരാവകാശ അപേക്ഷയില്‍ ഗുജറാത്ത് സര്‍വ്വകലാശാല വിവരങ്ങള്‍ കൈമാറണമെന്നു 2016 ല്‍ നല്‍കിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും നീട്ടി. ജൂണ്‍ 30 വരെ അപേക്ഷ നല്‍കാനാവില്ലെന്നു ധനകാര്യ വകുപ്പ് ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. എന്നാല്‍ ആര്‍ജിതാവധി സറണ്ടര്‍ ചെയ്യാം. ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യഗഡു പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്നതു മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയതിനു പിറകേയാണ് ലീവ് സറണ്ടറും തടഞ്ഞത്.
ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നതു ചീഫ് സെക്രട്ടറി വിലക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്‍കി ഉദ്യോഗസ്ഥര്‍ അവാര്‍ഡുകള്‍ സ്വീകരിക്കരുത്. പൊതുഭരണ വകുപ്പ് വഴി മാത്രം അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ചതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങിയതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു.
കെ.കെ രമ എംഎല്‍എയ്‌ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ ആര്‍എംപി നിയമനടപടിക്ക്. എംവി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കും എതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്ന് ആര്‍എംപി വ്യക്തമാക്കി. സിപിഎം കേന്ദ്രങ്ങളുടെ അറിവോടെയാണ് രമയ്‌ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘര്‍ഷവും എന്നാണ് ആരോപണം. നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്ത് നല്‍കും.
ഗവര്‍ണറുടെ ഉത്തരവനുസരിച്ച് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റതു ചട്ടലംഘനമാണെന്ന് ആരോപിച്ച് ഡോ. സിസ തോമസിനു വിരമിക്കല്‍ ദിവസമായ ഇന്നലെ കുറ്റാരോപണ പത്രിക നല്‍കി. എതിര്‍വാദ പത്രിക 15 ദിവസത്തിനകം നല്‍കണം. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും കുറ്റാരോപണ പത്രികയില്‍ പറയുന്നു.
ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ അധിക ചുമതല നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ കെഎഫ്സിയില്‍ നിന്ന് വായ്പയെടുത്തു കൈമാറി. പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാര്‍ച്ച് 31 നകം 347 കോടി രൂപ വേണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. ഹഡ്‌കോ വായ്പ കിട്ടാത്തതിനാല്‍ സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പു പറയില്ലെന്നും ചില്ലിക്കാശുപോലും നഷ്ടപരിഹാരം നല്‍കില്ലെന്നും സ്വപ്‌ന സുരേഷ്. നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്ന് ഗോവിന്ദന് സ്വപ്‌ന അഭിഭാഷകന്‍ മുഖേന മറുപടി അയച്ചു.
റവന്യു മന്ത്രി കെ രാജന്‍ വീണ് പരിക്കേറ്റു. തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് മന്ത്രി് വീണത്. പടി ഇറങ്ങുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.
2016 ല്‍ കാസര്‍കോട് കുമ്പളയിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണത്തില്‍ സിപിഎം ഏരിയ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കു തടവ്ുശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകരായ സിദ്ധിഖ് കാര്‍ള, കബീര്‍, അബ്ബാസ് ജാഫര്‍, സിജു, നിസാമുദ്ദീന്‍, ഫര്‍ഹാന്‍ എന്നിവരെ രണ്ടു വര്‍ഷം തടവിനും ശിക്ഷിച്ചു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നെടുമങ്ങാട് സൂര്യ ഗായത്രിയെ കുത്തിക്കൊന്ന കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറു ലക്ഷം രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിച്ചത. 2021 ഓഗസ്റ്റ് 30 നാണ് സുര്യ ഗായത്രിയെ അരുണ്‍ (29) കുത്തിക്കൊന്നത്.
സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഏപ്രില്‍ 11 ലേക്കു ലഖ്‌നൗ എന്‍.ഐ.എ കോടതി മാറ്റി. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പന്റെ ആവശ്യം. 27 മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്.
കരിപ്പൂരില്‍ നാലു പേരില്‍ നിന്നായി രണ്ടു കോടിയോളം രൂപയുടെ മൂന്നര കിലോഗ്രാമോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ശരീരത്തിലും ഹാന്‍ഡ് ബാഗേജിലും സോക്‌സിനുള്ളിമായിട്ടാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ജിദ്ദയില്‍ നിന്ന് വന്ന യാത്രക്കാരായ മലപ്പുറം സ്വദേശിയായ റഹ്‌മാനില്‍ (43), മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസ്, എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചല്‍ മേത്തല്‍ വിജിത്ത് (29) എന്നിവരില്‍നിന്നാണു സ്വര്‍ണം പിടിച്ചത്.
പാലക്കാട് ജില്ലയില്‍ പോക്‌സോ കേസില്‍ പ്രതിക്ക് 22 വര്‍ഷം തടവു ശിക്ഷ. കല്ലടിക്കോട് 15 കാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ആദര്‍ശിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. പിഴത്തുകയായ ഒന്നര ലക്ഷം അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.
മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു. ഫെബ്രുവരി 26 നാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തത്.
34 വര്‍ഷം മമ്പുള്ള കൊലക്കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു നാളെ ജയില്‍ മോചിതനാകും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബെംഗളൂരുവില്‍ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ നാലു മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലംഗ സംഘത്തെ അറസ്റ്റു ചെയ്തു. കോറമംഗലയില്‍ നിന്നാണ് 19 കാരിയെ സംഘം തട്ടിക്കൊണ്ടുപോയത്. 22 നും 26 നും ഇടയില്‍ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.