night news hd 1

 

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്‌സണായുള്ള വൈദേകം റിസോര്‍ട്ടില്‍ ആദയ നികുതി വകുപ്പിന്റെ റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റും പരിശോധനയ്ക്കായി എത്തും. റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്.

വിനോദയാത്രയ്ക്ക് എത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയില്‍ പുഴയില്‍ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍നിന്നു മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.

ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയാക്കാന്‍ നീക്കം. ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അംഗീകരിച്ചേക്കും. ഓരോ ദിവസവും ജോലി സമയം 50 മിനിറ്റ് വീതം വര്‍ധിപ്പിക്കും. ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ത്രിപുരയില്‍ കോമാ സഖ്യം കോമയിലായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിനുള്ള അംഗീകാരമാണ്. കോണ്‍ഗ്രസും സിപിഎമ്മും കോമാ സഖ്യമുണ്ടാക്കിയെങ്കിലും തിരിച്ചടിയാണ് ഈ ഫലമെന്നും അദ്ദേഹം പരിഹസിച്ചു.

കേരള സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്‌സണ്‍ എയര്‍വേയ്‌സിന്. പുതിയ ടെണ്ടര്‍ വിളിക്കില്ല. കഴിഞ്ഞ വര്‍ഷം ലഭിച്ച ടെണ്ടറനുസരിച്ച് ചിപ്‌സണ്‍ എയര്‍വേഴ്‌സിന് കരാര്‍ നല്‍കും 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപക്കാണ് കരാര്‍. 20 മണിക്കൂറിന് 80 ലക്ഷം രൂപയാണു കമ്പനി ആവശ്യപ്പെട്ടത്. ആറു സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്കാണ് വാടകക്കെടുക്കുന്നത്.

വരവൂരില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടു യുവാക്കള്‍ മരിച്ചു. വാലി പറമ്പില്‍ ശബരി എന്ന പതിനെട്ടുകാരനും രാജേഷുമാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഗാര്‍ഹിക പീഡന കേസില്‍ ഡോക്ടര്‍ ഭാര്യക്കും മകള്‍ക്കും വന്‍ തുക പ്രതിമാസം നഷ്ടപരിഹാരം നല്‍കണമെന്നു കോടതി വിധി. തിരുവനന്തപുരം സ്വദേശിയും മുപ്പതുകാരിയുമായ ഷിഫാന ഉബൈസിന് മാസം അമ്പതിനായിരം രൂപയും മകള്‍ക്ക് എണ്‍പതിനായിരം രൂപയും തൃശൂര്‍ സ്വദേശിയായ ഡോ മുഫീദ് ജീവനാംശം നല്‍കണമെന്ന് ആറ്റിങ്ങല്‍ കോടതിയാണ് ഉത്തരവിട്ടത്. ഒന്നര കോടി രൂപയും ബെന്‍സ് കാറും 270 പവനും വിവാഹ സമ്മാനമായി നല്‍കിയിരുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മണല്‍ കടത്തുകാരോട് പണം ആവശ്യപ്പെട്ട കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിനെ സസ്പെന്‍ഡ് ചെയ്തു. തോട്ടപ്പുഴശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് നടപടി. പണം തന്നില്ലെങ്കില്‍ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നാണു റിപ്പോര്‍ട്ട്.

കേരളത്തിലെ ജനങ്ങളില്‍ താങ്ങാനാവാത്ത നികുതിഭാരം അടിച്ചേല്‍പിച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ടാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയില്‍ കള്ളം പറഞ്ഞ മുഖ്യമന്ത്രിയുമായി താന്‍ പല തവണ കൂടിക്കാഴ്ച നടത്തിയെന്നു സ്വപ്ന വ്യക്തമാക്കിയതോടെ പിണറായി വിജയന്‍ ജനങ്ങളില്‍നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലായെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശിനി പരേതനായ എം.എം ഹംസക്കോയയുടെ ഭാര്യ പുതിയപുരയില്‍ സഫിയ (74) ബദ്റില്‍ നിര്യാതയായി. ബദ്ര്‍ വഴി യാത്ര ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ ആശ്രമം ജംഗ്ഷനു സമീപം മേത്തേര്പറമ്പ് വീട്ടില്‍ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് സംഘം പിടികൂടിയത്.
3.5 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.

ത്രിപുരയില്‍ ബിജെപിയുടെ തുടര്‍ഭരണം ഉറപ്പാക്കിയത് ത്രികോണപ്പോര്. ഗോത്രവര്‍ഗ്ഗ മേഖലകളിലെ സീറ്റുകള്‍ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാല്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. തിപ്രമോത്ത ഇരുപക്ഷത്തെയും വോട്ടുകള്‍ ചോര്‍ത്തിയെങ്കിലും കൂടുതല്‍ തിരിച്ചടിയേറ്റത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തിനാണ്.

നാഗാലാന്‍ഡില്‍ ചരിത്രം കുറിച്ച് രണ്ട് വനിതകള്‍ നിയമസഭയിലെത്തി. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹെകാനി ജഖാലു, സല്‍ഹൗതുവോന്വോ ക്രൂസ് എന്നിവരാണ് നിയമസഭയില്‍ എത്തിയ വനിതകള്‍.

ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തസജ്ജമായി. ഓപ്ഷന്‍ നല്‍കുന്നതിന് മെയ് മൂന്നുവരെ സമയം അനുവദിച്ചു.

സുപ്രീം കോടതിക്കു ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ നിര്‍മിക്കാന്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ട സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് മിണ്ടാതെ ഇറങ്ങിപ്പോകണമെന്നു ശാസിച്ച് ചീഫ് ജസ്റ്റീസ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗിനോടു ഭീഷണി സ്വരം വേണ്ടെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് താക്കീതു നല്‍കി.

ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടത്തിയ കേസില്‍ തെളിവില്ലെന്നു കണ്ട് മൂന്നു പ്രതികളെ വെറുതെ വിട്ടു. ഒരു പ്രതി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. യുപി പോലീസ് പ്രതികള്‍ക്കുവേണ്ടി ഒത്തുകളിച്ചു തെളിവു നശിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്ന കേസാണിത്.

ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ന്നതോടെ അദാനിയുടെ ആസ്തി 39.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഗൗതം അദാനിയുടെ സ്ഥാനം നാലുപേരെ മറികടന്ന് 30-ാം സ്ഥാനത്തെത്തി. 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഹൃദയാഘാതമുണ്ടായെന്നു വെളിപ്പെടുത്തി നടി സുസ്മിത സെന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 47 കാരിയായ നടി ആരോഗ്യ വിവരം വെളിപെടുത്തിയത്. മുന്‍ മിസ് യൂണിവേഴ്സ് കൂടിയായ സുസ്മിത പിതാവ് സുബിര്‍ സെന്നിനൊപ്പമുള്ള ചിത്രം പോസ്റ്റു ചെയ്താണ് ആരോഗ്യ കാര്യങ്ങള്‍ പങ്കുവച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *