night news hd 18

 

മോന്‍സണ്‍ മാവുങ്കല്‍ ബാലികയെ പീഡിപ്പിച്ചപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നെന്നു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താനവിടെയുണ്ടായിരുന്നെന്ന് അതിജീവിതയോ സാക്ഷികളോ പറഞ്ഞിട്ടില്ല. ഇല്ലാത്ത മൊഴി ഗോവിന്ദന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. സുധാകരന്‍ ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം കലാപാഹ്വാനമായി കണക്കാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. രാഷ്ട്രീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ഗോവിന്ദന്‍ വ്യാജ ആരോപണം ഉന്നയിച്ചത്. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണു പരാതി നല്‍കിയത്.

വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണി മുഴക്കുകയും ചെയ്ത രോഗിയെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം മെഡിക്കല്‍ കോള്ജ ആശുപത്രിയിലാണു സംഭവം. പരിക്കേറ്റ നിലയില്‍ വഴിയില്‍ കണ്ട ബിനു എന്ന രോഗിയെ പോലീസാണു ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. അക്രമാസക്തനായതോടെ ആശുപത്രി ജീവനക്കാര്‍ കെട്ടിയിട്ട് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

ചെങ്ങന്നൂരിലെ മുളക്കുഴയില്‍ പിക്കപ്പ് വാന്‍ ഇടിച്ചു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. സ്ഥലത്തെത്തിയ പത്തു പേര്‍ക്കു ഷോക്കേറ്റു.

വീടിന്റെ ടെറസില്‍ രണ്ടു ദിവസം തങ്ങിയ യുവാവിനെ വീട്ടുകാര്‍ സാഹസികമായി പിടികൂടി പൊലീസിലേല്‍പ്പിച്ചു. വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറിയിലെ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസില്‍ കയറിക്കൂടിയ തിരുവല്ല സ്വദേശി പ്രശാന്ത് എന്ന യുവാവിനെയണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.

പത്തനംതിട്ട നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്കു കുത്തേറ്റു. ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയവരാണ് ഏറ്റുമുട്ടിയത്. ഒരേ ക്യാംപില്‍ താമസിക്കുന്നവരാണ് ഇവര്‍.

തൃശൂരിലെ മദ്യശാലയില്‍ തോക്കു ചൂണ്ടി ആവശ്യപ്പെട്ടതിന് അറസ്റ്റിലായ സംഘത്തില്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയും. സ്വപ്ന സുരേഷ് ഉള്‍പ്പെട്ട കേസിലെ പതിനാറാം പ്രതിയാണ് കേസില്‍ അറസ്റ്റിലായ കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ ജീഫ്‌സല്‍.

വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയില്‍ ഗിരീഷാണ് മരിച്ചത്.

പ്രതിപക്ഷത്തിനു പിറകേ, മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ഡല്‍ഹിയില്‍. സ്പീക്കറുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണു പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയത്. നാലു ദിവസമായി കാത്തിരിക്കുന്ന മണിപ്പൂരിലെ പത്തു പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. ബിജെപിയുടെ കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണു സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ മാര്‍ഗങ്ങള്‍ തേടുന്നത്.

മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായെ സ്‌പോര്‍ട്‌സ് മന്ത്രിയാക്കി മാറ്റണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടെന്ന പഴങ്കഥ ആവര്‍ത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. കേരളത്തിലെ അധ്യാപകനായ റാഫി രാംനാഥ് മന്‍ കി ബാത്തില്‍ താരമായി. താമരക്കുളം വി വി എച്ച് എസ് എസി ല്‍ ജീവശാസ്ത്രം അധ്യാപകനായ റാഫി മിയാവാക്കി രീതിയിലുണ്ടാക്കിയ ജൈവവൈവിധ്യ വനത്തെ കുറിച്ചും മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു.

ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിനു ഡിഎംകെ പാര്‍ട്ടി വക്താവിനെ പുറത്താക്കി. മുന്‍ എംഎല്‍എ ശിവാജി കൃഷ്ണമൂര്‍ത്തിയെ ആണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

ഈ വര്‍ഷം 6500 അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരം. രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 7,500 കോടീശ്വരന്മാരാണ് ഇന്ത്യ വിട്ടത്. എട്ടേകാല്‍ കോടി രൂപയെങ്കിലും ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യം വിടുന്ന അതിസമ്പന്നര്‍ ഓസ്‌ട്രേലിയ, യുഎഇ, സിംഗപ്പൂര്‍, യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നത്.

യുകെയില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ആറു വര്‍ഷം തടവു ശിക്ഷ. പ്രീത് വികാല്‍ (20) എന്ന വിദ്യാര്‍ത്ഥിയാണ് നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ചു ലക്കുകെട്ട യുവതിയെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചത്. യുവതിയെ പ്രീത് എടുത്തുകൊണ്ട് പോയ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്.

ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ക്കു പ്രതിഷേധ സമരം നടത്താന്‍ അനുമതി വാങ്ങിത്തന്നതു ബിജെപി നേതാവു കൂടിയായ ഗുസ്തി താരം ബബിത ഫോഗട്ടാണെന്ന സാക്ഷി മാലികിന്റെ വാദം അസംബന്ധമാണെന്ന് ബബിത. അനുമതിക്കത്തില്‍ തന്റെ പേരില്ല. അവര്‍ കോണ്‍ഗ്രസിന്റെ കൈകളിലെ കളിപ്പാവകളായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ വിശ്വാസമുണ്ടെന്നും ബബിത പറഞ്ഞു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *