തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ പിഎ ഗോപാല്‍ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. സെന്തില്‍ ബാലാജി ആശുപത്രിയില്‍ തുടരും. ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ ശക്തിവെല്‍ പിന്മാറി. കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തെരുവുവിളക്കുകള്‍ അണച്ചതിന് മന്ത്രി സെന്തില്‍ ബാലാജിക്കെതിരേ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പെട്ട മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സമെന്റ് വിവരങ്ങള്‍ തേടി. മോണ്‍സന്റെ മൂന്നു ജീവനക്കാരില്‍നിന്നാണ് ഇഡി മൊഴിയെടുത്തത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റും നോട്ടീസ് നല്‍കും.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതിക്കാരുടേയും സാക്ഷികളുടേയും മൊഴിയുള്ളതുകൊണ്ടാണ് കേസെടുത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രതികാരമല്ലെന്നും അത്തരമൊരു സമീപനം ഇടത് മുന്നണിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ നിയമത്തിന് അനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും ബ്രാക്കറ്റില്‍ നിലവിലുള്ള വേഗപരിധിയും. ആറുവരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, നാലുവരി ദേശീയ പാതയില്‍ 100 (90), മറ്റു ദേശീയപാത, എം.സി. റോഡ്, നാലുവരി സംസ്ഥാന പാത എന്നിവയില്‍ 90 (85) കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഒമ്പതു സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്‌സല്‍ കൈമാറുമെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ കേന്ദ്ര ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മറ്റെല്ലാം മറന്ന് രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ്. കാനം തൃശൂരില്‍ പറഞ്ഞു.
പാലും പാലുല്‍പന്നങ്ങളുമായി നന്ദിനി ഔട്ട്‌ലെറ്റുകള്‍ കേരളത്തിലേക്കു വരുന്നത് സഹകരണ തത്വങ്ങളുടെ ലംഘനമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
വിവാഹബന്ധം പിരിഞ്ഞതിനു ജീവനാംശം തേടി കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് മുന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ മണിമാല (38)യെ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ കോടതിക്കു മുന്നില്‍ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ രമേശ് (45) ആണ് പിടിയിലായത്. കാര്‍ ഡ്രൈവര്‍ പാണ്ടിരാജിനെ (22) ചോദ്യം ചെയ്തപ്പോഴാണ് രമേശിന്റെ ക്വട്ടേഷനാണെന്ന് മനസിലായത്.
മലപ്പുറം വളാഞ്ചേരിയില്‍ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ ആസാം സ്വദേശികളായ അമീന്‍, രാഹുല്‍ എന്നിവരാണ് മരിച്ചത്.
സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ടു ജോലി തേടിയിറങ്ങിയ മറയൂര്‍ സ്വദേശിയായ യുവാവിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ച് പണം തട്ടിയെന്ന് പരാതി. സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയാണ് യുവാവ് ജോലിക്ക് അപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനിലൂടെ ഇന്റര്‍വ്യൂ നടത്തി. യുവാവിന്റെ ഇമെയില്‍ ഐഡി, വാട്സാപ് നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് വാട്സാപ്പിലേക്ക് യുവാവിന്റെ മോര്‍ഫ് ചെയ്ത നഗ്നശ്യങ്ങള്‍ അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കൊച്ചി പനമ്പിള്ളി നഗര്‍ കല്ലൂപാലത്തിനു സമീപം കാര്‍ ഡിവൈഡറില്‍ ഇടിച്ചു കത്തി നശിച്ചു. മല്‍സരയോട്ടത്തെത്തുടര്‍ന്നാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചതെന്നു സംശയിക്കുന്നു.
സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ധനകോടി ചിറ്റ്‌സ് സാമ്പത്തിക തട്ടിപ്പു കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം യോഹന്നാന്‍ മറ്റത്തില്‍ പിടിയിലായി. ഒളിവില്‍ പോയ ഇയാളെ ബംഗളൂരുവില്‍ നിന്നാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ചില്ലു തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിറകേ ഓടി പോലീസ് കീഴ്‌പെടുത്തി. ഹെറോയിനുമായി ചാലക്കുടി പൊലീസ് പിടികൂടിയ ആസാംകാരന്‍ അബ്ദു റഹ്‌മാന്‍ (22) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലാത്.
ചാരുംമൂട് താമരക്കുളം ചത്തിയറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു. ചത്തിയറ തെക്ക് സ്വദേശിയായ അശോകന്റെ മകന്‍ സായി കൃഷ്ണയെയാണ് നായ കടിച്ചത്.
പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയ പതിനേഴുകാരിയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ച രണ്ടുപേര്‍ പിടിയില്‍. പത്തനംതിട്ട ചന്ദ്രവേലിപ്പടിയില്‍ അയ്യപ്പന്‍, റിജിമോന്‍ എന്നിവരാണ് അറസ്റ്റിലായത്.
മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കവര്‍ച്ചാസംഘത്തിന്റെ കുത്തേറ്റ് മരിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പം കുളം അഷ്‌റഫ് (43) ആണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു മടങ്ങവേ അടിമാലിക്കു സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു പേര്‍ക്കു പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുള്‍ ഖാദര്‍, ഭാര്യ റജീന, അയല്‍വാസികളായ ബിജു, ലാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. 150 അടിയോളം താഴ്ചയിലേക്കാണ് കാര്‍ വീണത്.
കഴക്കൂട്ടം മംഗലപുരത്ത് ഗൃഹനാഥനെ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചെങ്കോട്ടയില്‍ യുവാവിനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഭീഷണിയെ നേരിടാന്‍ മൂന്നു സേന വിഭാഗങ്ങളുടെയും തലവന്മാരുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാകണമെന്നും നിര്‍ദ്ദേശിച്ചു. നാളെ കരയ്‌ക്കെത്തുന്ന ചുഴലിക്കാറ്റ് ഗുജറാത്തില്‍ വന്‍ നാശമുണ്ടാക്കുമെന്ന ഭീതിയിലാണ്. ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 47,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഗുജറാത്തിലെ കച്ച് മേഖലയില്‍ ഭൂകമ്പവും. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി.
കര്‍ണാടകയിലെ കലബുറഗിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ച് റദ്ദാക്കി. കേസിന്റെ പേരില്‍ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത കര്‍ണാടക പൊലീസിന്റെ നടപടി വിവാദമായിരുന്നു.
മയക്കുമരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ അറസ്റ്റിലായ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി. ഏപ്രില്‍ ഒന്നിന് മുംബൈയില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് 27 കാരിയായ ക്രിസന്‍ പെരേര അറസ്റ്റിലായത്. നടിയെ കുടുക്കാന്‍ മയക്കമരുന്ന് അടങ്ങിയ മൊമെന്റോ കൈമാറിയ മുംബൈയിലുള്ള രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കൂറ്റന്‍ പാലം തകര്‍ന്നുവീണു. തപി ജില്ലയിലെ മിന്ദോള നദിക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്.
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ബിജെപിയുടെ അപകീര്‍ത്തി കേസ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയതെന്ന് ആരോപിച്ചാണ് കേസ്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരായ മാനനഷ്ടക്കേസ് പ്രത്യേക കോടതി തള്ളി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈക്കെതിരെ ‘അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി’ എന്ന പരാമര്‍ശത്തിനെതിരെ ലിംഗായത്ത് സമുദായത്തിലെ രണ്ടു പേര്‍ നല്‍കിയ മാനനഷ്ടക്കേസാണ് തള്ളിയത്.
ലണ്ടനില്‍ ഇന്ത്യന്‍ സ്വദേശിയായ 27 കാരി കുത്തേറ്റുമരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബ്രസീലുകാരനടക്കം മൂന്നു പേര്‍ കസ്റ്റഡിയിലായി.