മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം പ്രതി. വഞ്ചനാക്കുറ്റം ചുമത്തിയുള്ള കേസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയപ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നെന്ന് പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സര്‍ക്കാര്‍ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. കേരളത്തിന് 2,277 കോടി രൂപയാണു ലഭിക്കുക. ജൂണ്‍ മാസത്തെ വിഹിതത്തിനൊപ്പം അടുത്ത മാസത്തെ വിഹിതം മുന്‍കൂറായി നല്‍കിയെന്നു കേന്ദ്ര ധനമന്ത്രാലയം.
നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സിപിഐയുടെ മുന്‍ വനിതാ എംഎല്‍എമാരുടെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേസിന്റെ വിചാരണ നീട്ടാനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് വാദിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. കല്‍പ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പര്‍വീന്തര്‍ സിംഗിനെയാണ് പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി കേസില്‍ പിടികൂടാനുള്ള അധികാരം സിബിഐക്കാണ്. അധികാര പരിധി മറികടന്നുകൊണ്ടാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. നികുതിയായി ഒമ്പതു ലക്ഷം രൂപ അടച്ച കരാറുകാരനോട് പത്തു ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിരുന്നു. അധിക തുക ചുമത്താതിരിക്കാനാണ് കൈക്കൂലി വാങ്ങിയത്.
അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ ജോലി തരപ്പെടുത്താന്‍ കെ വിദ്യ വ്യാജരേഖയുമായി അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍. കാറില്‍ മറ്റൊരാളും ഉണ്ടായിരുന്നു. കറുത്ത ഫിലിം ഒട്ടിച്ച കാറിനകത്തെ ആളുടെ മുഖം വ്യക്തമല്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്കു ശേഷം തിരിച്ചെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ ലുക്കൗട്ട് നോട്ടീസ് പോസ്റ്റര്‍ പതിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. വ്യാഴാഴ്ച വരെ എല്ലാം ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും ഇത്തരം പോസ്റ്റര്‍ പതിപ്പിക്കും.
തെരുവു നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു.
മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദ് കൊല്ലപ്പെടാനിടായായത് സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ കെടുകാര്യസ്ഥത മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീയതി ഈ മാസം 16 വരെ നീട്ടി.
കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്കു റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് നാലു വയസുകാരന്‍ മരിച്ചു. ആനക്കല്ല് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (നാല്) ആണ് മരിച്ചത്.
സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചങ്ങരംകുളത്തെ സാംസ്‌കാരിക കേന്ദ്രമായ എകെജി സെന്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തില്‍ കൃഷ്ണകുമാര്‍ (47) ആണ് മരിച്ചത്. കാര്‍ഷിക സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരനാണ്.
കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനാണ് അന്വേഷണ ചുമതല. ഇതേസമയം, കൊവിന്‍ ആപ്പില്‍നിന്ന് മുന്‍ കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങളാണു പുറത്തായതെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് കോണ്‍ഗ്രസ് നര്‍മ്മദ നദീ പൂജയോടെയാണ് പ്രിയങ്ക ഗാന്ധി തുടക്കമിട്ടു. ഗോത്രവിഭാഗങ്ങള്‍ക്കു മേല്‍ക്കൈയുള്ള ജബല്‍പൂരിലെ മഹാകുശാല്‍ മേഖലയിലാണ് പ്രിയങ്കയുടെ ആദ്യത്തെ പ്രചാരണ റാലി.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്ന ഭാര്യയെ അറസ്റ്റ് ചെയ്തു. നിഷാന്ത് ഗാര്‍ഗിനെ വെടിവച്ചു കൊന്നതിനു ഭാര്യ സോണിയയെയാണ് അറസ്റ്റു ചെയ്തത്. കിടപ്പുമുറിയില്‍ നാടന്‍ തോക്കുപയോഗിച്ച് ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ നോക്കിയെന്നും പിടിവലിക്കിടെ അബദ്ധത്തില്‍ ഭര്‍ത്താവിനു വെടിയേല്‍ല്‍ക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞതായി പൊലീസ് വെളിപെടുത്തി.
ലൈംഗികാരോപണങ്ങള്‍ക്കിടെ ദേശീയ ഗുസ്തി ഫെഡറേഷനില്‍ അടുത്ത മാസം നാലിന് തെരഞ്ഞെടുപ്പ്. മുന്‍ ജമ്മുകാഷ്മീര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മഹേഷ് കുമാര്‍ മിത്തലിനെ വരണാധികാരിയായി നിയമിച്ചു. നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുന്ന താരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ്. ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹരിയാനയില്‍ ബുധനാഴ്ച ഖാപ് പഞ്ചായത്ത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.