night news hd 11

 

സംസ്ഥാനത്തെ കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാര്‍ക്കു പിഴ ചുമത്തുന്നതിനുള്ള അധികാരപരിധി പതിനായിരം രൂപയില്‍നിന്ന് ലക്ഷം രൂപയായി ഉയര്‍ത്തും. കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ആയിരക്കണക്കിനു ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണയിക്കപ്പെടാതെ കിടക്കുന്നതിനാല്‍ സര്‍ക്കാരിനു വന്‍തോതില്‍ വരുമാന നഷ്ടമുണ്ട്. നികുതി വരുമാനം വര്‍ധിപ്പിക്കനാണ് ഭേദഗതി. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് വിപുലമായ പരിപാടികള്‍ നടത്താനും തീരുമാനിച്ചു.

ആശ്രിത നിയമനം നേടി ആശ്രിതരെ സംരക്ഷിക്കുമെന്ന ഉറപ്പു പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പിരിച്ചെടുക്കുന്ന തുക അര്‍ഹരായ ആശ്രിതര്‍ക്കു നല്‍കാന്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.

ലൈഫ് മിഷന്‍ കോഴക്കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഏതു നിമിഷവും മരിക്കാമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അങ്ങനെ പറയുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നിലവിലുള്ളപ്പോള്‍ ഈ ഹര്‍ജി എന്തിനാണെന്നും കോടതി ചോദിച്ചു.

കേരള ഹൈക്കോടതി 2017 ല്‍ നടപ്പാക്കിയ ജില്ലാ ജഡ്ജി നിയമനത്തിലെ നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണ് സുപ്രീം കോടതി. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനുംശേഷം നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റാണ്. എന്നാല്‍ നിയമനം ലഭിച്ച ജഡ്ജിമാരെ പിരിച്ചുവിടുന്നില്ല. നിയമനം ലഭിക്കാത്തവര്‍ക്കു മറ്റു തസ്തികളില്‍ ജോലി ചെയ്യാം. ഹൈക്കോടതി നടപടിക്കെതിരെ നിയമനം ലഭിക്കാത്ത പതിനൊന്ന് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിനു ചില ഫണ്ടുകള്‍ കിട്ടാനുണ്ട്. യുജിസിയില്‍നിന്ന് കിട്ടാനുള്ള 750 കോടി രൂപയും പെന്‍ഷന്‍, ഹെല്‍ത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള പണവും അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. കേന്ദ്രനികുതി വിഹിതം
നേരത്തെ 3.9 ശതമാനമായിരുന്നതു വെട്ടിക്കുറച്ച് 1.92 ശതമാനമാക്കിയിരിക്കുകയാണ്. ജിഎസ്ടി നടപ്പാക്കിയതിന്റെ നികുതി നഷ്ടത്തിനുള്ള നഷ്ടപരിഹാരം കേന്ദ്രം നിര്‍ത്തിയതും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും മൂലമാണു സാമ്പത്തിക പ്രശ്‌നമെന്നും ബാലഗോപാലന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കെ- റെയിലിനു ബദലായി മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നടപ്പാക്കാന്‍ കഴിയാത്ത കെ റെയിലിനുവേണ്ടി വാശി പിടിക്കരുത്. ആരേയും കുടിയിറക്കാതെ നടപ്പാക്കാന്‍ കഴിയുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരനെ പൊന്നാനിയിലെ വസതിയില്‍ സന്ദര്‍ശിച്ചശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്.

ട്രെയിന്‍ തീവയ്പു കേസിലെ പ്രതിയുടെ ഫോട്ടോയെടുത്തതിന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ക്കെതിരേ കേസെടുത്ത പോലീസിനെതിരേ ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തലാകുമെന്നു കോടതി ചോദിച്ചു. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്റെ ജോലിയാണ്. ഫോട്ടോ എടുക്കാതിരിക്കണമെങ്കില്‍ പോലീസ് പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. ജസ്റ്റിസ് പി,വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ക്യാമറയും ഫോണും പിടിച്ചെടുത്തതു നിയമവിരുദ്ധമാണെന്നും കോടതി.

നിത്യോപയോഗ സാധങ്ങളുടെ വിലവിവരം, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ലഭ്യത എന്നിവ അന്വേഷിക്കാന്‍ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചിനു നിര്‍ദേശം. പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്നുലഭ്യത ശനിയാഴ്ചയ്ക്കു മുമ്പ് അറിയിക്കാനാണ് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദ്ദേശം.

റെയില്‍വെ നടപ്പാക്കുന്ന അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഗുരുവായൂര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ കേരളത്തിലെ 34 റെയില്‍വേ സ്റ്റേഷനുകള്‍. ഈ പദ്ധതിയിലൂടെ ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്.

മണിപ്പൂരില്‍ വര്‍ഗീയ കലാപമല്ല, വംശഹത്യയാണു നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലേക്കു തിരിഞ്ഞുനോക്കുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസും ബിജിപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പില്ലാ മന്ത്രിയെ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്. അദ്ദേഹം പറഞ്ഞു.

കൊഴിഞ്ഞാമ്പാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ടു പേര്‍ മരിച്ചു. പെരുവമ്പ് വെള്ളപ്പന സി. വിനു (36), പൊല്‍പ്പുള്ളി വേര്‍കോലി എന്‍.വിനില്‍ (32) എന്നിവരാണ് മരിച്ചത്

വയനാട് മേപ്പാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അദ്ധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണിയാണ് പിടിയിലായത്. നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സ്റ്റേഷനില്‍ നേരിട്ടത്തി എസ്എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു.

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ പോലീസുകാരനെ ആക്രമിച്ചു. തൊടുപുഴയില്‍ അഭിജിത്ത് എന്ന പ്രതിയാണ് ഭക്ഷണം കണിക്കാന്‍ വിലങ്ങ് അഴിച്ചപ്പോഴാണ് ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൂടെയുള്ള പോലീസുകാരന്‍ പ്രതിയെ കീഴ്‌പെടുത്തി.

മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ് മൂന്നു പേര്‍ക്കു പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാാണ് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തില്‍ രോഗിക്കും ആംബലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കും പരിക്കേറ്റു.

കൊലക്കേസില്‍ പ്രതിയായ ഗുണ്ടാ നേതാവിനെ ജയ്പൂരിലെ ജയിലില്‍നിന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഒരു സംഘം ആളുകള്‍ അമോലി ടോള്‍ പ്ലാസയ്ക്കു സമീപം വഴിതടഞ്ഞു വെടിവെച്ചു കൊന്നു. ബിജെപി നേതാവ് കൃപാല്‍ ജാഗിനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുല്‍ദീപ് ജഗിന എന്ന ഗുണ്ടാ നേതാവിനെയാണ് ഭരത്പൂരില്‍ പൊലീസ് വാഹനം തടഞ്ഞു വെടിവച്ചു കൊന്നത്. കേസിലെ മറ്റൊരു പ്രതിയായ വിജയ്പാല്‍ എന്നയാള്‍ക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.

293 പേര്‍ കൊല്ലപ്പെട്ട ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകട കേസില്‍ ഏഴു ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് ഇന്‍സ്പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പ്പെടെ ഉള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയില്‍നിന്നു പിടിച്ചെടുത്ത ഏഴു കിലോ സ്വര്‍ണം അടക്കമുള്ള സ്വത്തുക്കള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജയരാമന്റെ മക്കളായ ദീപിക്കും ദീപയും സമര്‍പ്പിച്ച ഹര്‍ജി ബെംഗളുരു പ്രത്യേക കോടതി തള്ളി. സ്വത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണു തള്ളിയത്.

തക്കാളിയുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎഇ സന്ദര്‍ശിക്കും. ഫ്രാന്‍സില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.

തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം പതിനെട്ടോളം രോഗികള്‍ക്കു കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയായ ായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിക്കെതിരെയാണ് രോഗികളും ബന്ധുക്കളും പരാതിപ്പെട്ടിരിക്കുന്നത്.

ചെക്ക് സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. 1984 -ല്‍ പ്രസിദ്ധീകരിച്ച പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ‘ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ്’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്.

10 ലക്ഷം ഡോളര്‍ മൂല്യമുള്ള സ്വകാര്യ ജെറ്റ് വില്‍ക്കുകയാണെന്നു കോടീശ്വരനും പാട്രിയോട്ടിക് മില്യണയേഴ്സിന്റെ വൈസ് ചെയര്‍മാനുമായ സ്റ്റീഫന്‍ പ്രിന്‍സ്. സ്വകാര്യ ജെറ്റായ സെസ്‌ന 650 സിറ്റേഷന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം പരിസ്ഥിതിക്കു ദോഷമായതിനാലാണ് വിമാനം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം, ലോംഗ് റേഞ്ച് കോര്‍പ്പറേറ്റ് ജെറ്റാണിത്.

മനുഷ്യന്‍ നായയെ കടിച്ചു. വെറുമൊരു നായയെ അല്ല, പൊലീസ് നായയെയാണു കടിച്ചത്. യുഎസിലെ ഡെലാവെയറിലാണ് സംഭവം. പുലര്‍ച്ചെ രണ്ടിന് വില്‍മിംഗ്ടണിലെ പാര്‍ക്കിംഗ് സ്ഥലത്ത് മദ്യപിച്ചു ലക്കുകെട്ട് വാഹനം ഓടിക്കാന്‍ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസ് നായയെ കടിക്കുകയും രണ്ട് പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ജമാല്‍ വിംഗ് എന്ന 47 -കാരനെ കീഴ്‌പെടുത്തി കസ്റ്റഡിയിലെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *