സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വഞ്ചിയൂര്‍ കോടതി 22 വരെ റിമാന്‍ഡു ചെയ്തു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി രാഹുല്‍ പോലീസുകാരെ പട്ടികകൊണ്ട് അടിച്ചെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഹുലിനെ പൂജപ്പുര ജയിലിലേക്കു മാറ്റി. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന റോഡുകള്‍ ഉപരോധിച്ചു. പലയിടത്തും പോലീസുമായി ഏറ്റുമുട്ടി.
സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ തന്നെയാണ് ആദ്യം അറസ്റ്റു ചെയ്യേണ്ടതെന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോലീസനെ ഉപയോഗിച്ചു പിണറായി സര്‍ക്കാര്‍ ഭരണകൂട ഭീകരത നടപ്പാക്കുകയാണ്. ഷോ കാണിച്ച് അറസ്റ്റു ചെയ്ത് പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും സതീശന്‍.
ആലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനോട് പൊലീസ് എസ്‌ഐ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ സ്‌റ്റേഷനില്‍ അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ 12 ന് കോടതിയില്‍ ഹാജരാകണമെന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഭിഭാഷകന്‍ അക്വിബ് സുഹൈല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ നിയമ ഹര്‍ജിയിലാണ് നടപടി. ഹൈക്കോടതി വിഷയത്തില്‍ ഡിജിപിയുടെ വിശദീകരണം തേടിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആക്രമിച്ചെന്നും ആരോപിച്ച് അഭിഭാഷകനെതിരേ പോലീസും കേസെടുത്തിട്ടുണ്ട്.
ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയും അഭിഭാഷകനും തമ്മില്‍ വാക്കേറ്റമുണ്ടായത് അപകടമുണ്ടായ ബസ് ഓടിച്ച ഡ്രൈവറെ ഹാജരാക്കാത്തതിന്. കഴിഞ്ഞ മാസം എട്ടിന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചത് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ ബസിടിച്ചാണെന്നാണു പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്നാണു ബസ് കസ്റ്റഡിയിലെടുത്തത്. കോടതി ഉത്തരവു സമ്പാദിച്ച് ബസ് കൊണ്ടുപോകാനാണ് അഭിഭാഷകന്‍ എത്തിയത്. അപ്പോഴാണ് ഡ്രൈവറെ ഹാജരാക്കിയാലേ ബസ് വിട്ടുതരൂവെന്ന് എസ്‌ഐ നിലപാടെടുത്തത്. ഇതായിരുന്നു തര്‍ക്കത്തിനു കാരണം. വഴക്കിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കാനും വണ്ടിപെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ തൊടുപുഴയില്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെതിരെ ബിജെപി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. ഭരണഘടന പദവിയിലുള്ള
ആള്‍ക്കെതിരേ അപകീര്‍ത്തിപരമായ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ഡോ. വന്ദനദാസ് കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വന്ദന ദാസിന്റെ മരണത്തില്‍ സിബഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള പ്രതി സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ ഈ മാസം 18 ന് ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിന്റെ ഭാഗമായ എംബസി ടോറസ് ടെക്സോണിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യ ഓഫീസ് കെട്ടിടമായ നയാഗ്ര നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ആധുനിക ഓഫീസ് സമുച്ചയം. ലോകോത്തര ഐറ്റി കമ്പനികള്‍ ഇവിടെ എത്തുമെന്നാണു പ്രതീക്ഷ.
സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന ഗുരുതര രോഗമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സുഷുമ്‌നാ നാഡിയില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ട്. കഴുത്തും നടുവും രോഗബധിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യ ഹര്‍ജിക്കു സഹായകമായ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും.
മുല്ലപ്പെരിയാല്‍ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്കു കേരളത്തിനു നിര്‍ദേശം നല്‍കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സമിതിയെക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
കൊല്ലം ചക്കുവള്ളിയില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പ്രകാശ് ജനാര്‍ദനക്കുറുപ്പിന്റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളില്‍ ആറെണ്ണമാണ് പൊട്ടിത്തെറിച്ചത്. പന്തളം തുമ്പമണ്ണിലെ ഏജന്‍സിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാര്‍ഹിക സിലിണ്ടറില്‍നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് വാതകം പകര്‍ത്തുന്ന തട്ടിപ്പിനിടെയാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്.
റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവതി പിടിയിലായി. മലപ്പുറം ജില്ലയില്‍ നിലമ്പൂരിന് അടുത്ത് അകമ്പാടം സ്വദേശി തരിപ്പയില്‍ ഷിബില(28) ആണ് പിടിയിലായത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പു നടത്തിയെന്നാണ് കേസ്.
ഒറ്റപ്പാലം ചോറോട്ടൂരിലല്‍ റെയില്‍വെ ട്രാക്കില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ച ഇരുവരും പുരുഷന്മാരായ അതിഥി തൊഴിലാളികളാണ്.
നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. കരിപ്പൂരില്‍ ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ടു കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. നെടുമ്പാശേരിയില്‍ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. രണ്ടു യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണവും ഒരു വിദേശിയില്‍നിന്ന് 472 ഗ്രാം സ്വര്‍ണവും പിടിച്ചു.
ലക്ഷദ്വീപില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിറകേ വമ്പന്‍ ടൂറിസം വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ വിനോദസഞ്ചാരത്തിനു കടുത്ത നിയന്ത്രണമാണ് ഇതുവരെ ഉണ്ടായിരുന്നത്. പുതിയ വിമാനത്താവളം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി.
മുതിര്‍ന്ന കരസേന ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ബ്രിഗേഡിയര്‍ എജെഎസ് ഭെല്‍ അന്തരിച്ചു. 1962, 1965, 1971 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കായി യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ചൈനയുമായുളള 1962 ലെ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനിടെ യുദ്ധത്തടവുകാരനായി പിടിയിലായി ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്.
രാഹുല്‍ ഗാന്ധി മോദിക്കു തുല്യനാവില്ലെന്ന പരാമര്‍ശം നടത്തിയതിന് കാര്‍ത്തി ചിദംബരത്തിന് കാരണംകാണിക്കല്‍ നോട്ടീസ്. തമിഴ്‌നാട് പിസിസി അച്ചടക്കസമിതിയാണു നോട്ടീസ് നല്‍കിയത്.
142 കാറുകള്‍ ഇറക്കുമതി ചെയ്തതിന് റെയ്മണ്ട് ഗ്രൂപ്പ് എംഡി ഗൗതം സിംഘാനിയെക്കൊണ്ട് 328 കോടി രൂപ പിഴയടപ്പിച്ചു. പലിശയും 15 ശഥമാനം ഡിഫറന്‍ഷ്യല്‍ ഡ്യൂട്ടിയും ഉള്‍പ്പെടെയാണ് ഇത്രയും ഭീമമായ തുക കെട്ടിവെച്ചത്. പ്രമുഖ ലേല കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങിയ 138 വിന്റേജ് കാറുകളുടെയും നാല് ആര്‍ ആന്‍ഡ് ഡി വാഹനങ്ങളുടെയും ഇറക്കുമതിക്കാണ് ഇത്രയും തുക അടപ്പിച്ചത്.
കുവൈറ്റില്‍ പുതുവര്‍ഷത്തിലെ ആദ്യ അഞ്ച് ദിവസം നടത്തിയ സുരക്ഷാ പരിശോധനകളില്‍ ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 31,42,892 പ്രവാസികളെയാണ് നാടുകടത്തിയത്. ഇതില്‍ 17,701 സ്ത്രീകളും ഉള്‍പ്പെടുന്നു.
ഹിജാബ് ധരിക്കാതെ മുഖം പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് ഇറാനില്‍ യുവതിക്ക് 74 ചാട്ടവാറടി ശിക്ഷ. സംഭവത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയര്‍ന്നു.