സാമ്പത്തിക, വ്യവസായിക വളര്‍ച്ചാ നിരക്കു കുറയുമെന്നു സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജിഡിപി വളര്‍ച്ച ആറു മുതല്‍ 6.8 വരെ ശതമാനം വരെയാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പു വര്‍ഷം എട്ടര വരെ ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചെങ്കിലും ഏഴു ശതമാനം വളര്‍ച്ചയേ ഉണ്ടാകൂ. 2021-22 ല്‍ 8.7 ശതമാനവും 2020-21 ല്‍ മൈനസ് 6.6 ശതമാനവും 2019-20 ല്‍ 3.7 ശതമാനവുമായിരുന്നു വളര്‍ച്ച. ധനകമ്മി 6.4 ശതമാനമാണ്. സേവന മേഖലയില്‍ വളര്‍ച്ച 9.1 ശതമാനമായി ഉയര്‍ന്നു. വ്യവസായ വളര്‍ച്ച 10.3 ശതമാനത്തില്‍നിന്നു 4.2 ശതമാനമായി കുറഞ്ഞു. കാര്‍ഷിക രംഗത്തു നേരിയ പുരോഗതി. നാണ്യപ്പെരുപ്പം 6.8 ശതമാനമാണ്. പലിശ നിരക്ക് ഇനിയും വര്‍ധിക്കും. വളര്‍ച്ചാ നിരക്കു കുറയുമെങ്കിലും ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ജനക്ഷേമ പദ്ധതികള്‍ ഉണ്ടാകുമെന്നാണു സൂചനകള്‍.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ പിഴവുകളില്‍ നടപടി ആവശ്യപ്പെട്ടുള്ള പരാതികളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളസര്‍വകലാശാലയോടു വിശദീകരണം തേടി. രാജ്ഭവനു ലഭിച്ച പരാതികള്‍ ഗവര്‍ണര്‍ കേരള വൈസ് ചാന്‍സലര്‍ക്ക് അയച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അഞ്ചു ദിവസം മഴയ്ക്കു സാധ്യത. കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോയവരെല്ലാം മടങ്ങിയെത്തണമെന്നു നിര്‍ദേശം. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദ്ദം നാളെ ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
കോട്ടയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിഷേധിച്ചു രാജിവച്ചതാണെന്നു കരുതുന്നില്ലെന്ന് ഇന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. അടൂരിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കും. മന്ത്രി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റവാളിയാണെന്ന് ആരാണു തീരുമാനിച്ചതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കോടതി ദിലീപ് കുറ്റക്കാരനാണെന്നു വിധിച്ചിട്ടില്ല. കോടതി വിധിക്കുന്നതുവരെ ദിലീപ് നിരപരാധിയാണെന്നേ താന്‍ കരുതൂവെന്നും അടൂര്‍ വ്യക്തമാക്കി.
സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം. 14 ദിവസമായി ഇവര്‍ ജയിലിലായിരുന്നു. ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ ഫിറോസ് ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
സംസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ 15 ദിവസംകൂടി സാവകാശം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയുമായ എം ശിവശങ്കര്‍ വിരമിച്ചു. പകിട്ടുള്ള യാത്രയയപ്പ് ചടങ്ങൊന്നും ഇല്ലാതെയാണ് ശിവശങ്കറിന്റെ പടിയിറക്കം. പ്രണവ് ജ്യോതികുമാറിന് ശിവശങ്കര്‍ ചുമതലകള്‍ കൈമാറി.
പത്തു ദിവസമായി ഇടുക്കിയില്‍ അസാധാരണമായ തോതില്‍ കാട്ടാനകളുടെ ആക്രമണമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാര്‍ഡ് ശക്തിവേലിന്റെ അവിവാഹിതയായ മകള്‍ക്ക് ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാന റേഷന്‍ കട തകര്‍ത്തതിനാല്‍ റേഷന്‍ വീടുകളില്‍ എത്തിക്കുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരനു പരിക്ക്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. കാട്ടുപന്നി അപകടസ്ഥലത്തുവച്ചു തന്നെ ചത്തു. അടൂര്‍ – പത്തനാപുരം പാതയില്‍ മരുതിമൂട് പള്ളിക്ക് സമീപത്തായിരുന്നു അപകടം.
സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് തേക്കുതടി വെട്ടിക്കടത്തിയ കേസില്‍ അറസ്റ്റിലായി സസ്‌പെന്‍ഷനിലായിരുന്ന വനംവകുപ്പിലെ രണ്ടു റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ചു. റേഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അനുരേഷ് കെ വി എന്നിവര്‍ക്കാണ് നിയമനം നല്‍കിയത്.
വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാള്‍ അറസ്റ്റില്‍. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദുബൈയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്.
തൊടുപുഴ മണക്കാട് ചിറ്റൂരില്‍ കൂട്ട ആത്മഹത്യാ ശ്രമം. മണക്കാട് ചിറ്റൂര്‍ പുല്ലറയ്ക്കല്‍ ആന്റണി, ഭാര്യ ജെസി, മകള്‍ സില്‍ന എന്നിവരാണ് ആത്മഹത്യക്കു ശ്രമിച്ചത്. വിഷം കഴിച്ച ഇവരില്‍ ജെസി മരിച്ചു. ആന്റണിയും സില്‍നയും വെന്റിലേറ്ററിലാണ്. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നു പോലീസ്.
തൃശൂര്‍ നഗരത്തില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലോര്‍ സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ കെ പി സനിലിനെ (28)ആണ് രക്തം വാര്‍ന്ന് പൂങ്കുന്നം എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം അവശ നിലയില്‍ കണ്ടെത്തിയത്.
മൂന്നാറില്‍ പാലക്കാട് സ്വദേശിനിയായ ടിടിസി വിദ്യാര്‍ത്ഥിനിക്ക് അയല്‍വാസിയായ യുവാവിന്റെ വെട്ടേറ്റു. തലയ്ക്കു ഗുരുതര പരിക്കേറ്റ പ്രിന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. ്ര
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നു വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സര്‍ക്കാരിനെ പുകഴ്ത്തുന്ന പ്രസംഗമാണ്. തിരിച്ചടിയുണ്ടായ സംഭവങ്ങള്‍ ഒഴിവാക്കിയെന്നും തരൂര്‍ വിമര്‍ശിച്ചു. ബിജെപി അടുത്ത തെരഞ്ഞെടുപ്പു പ്രചരണത്തിനായി രാഷ്ട്രപതിയെ ദുരുപയോഗിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.
കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ട് പൊതു പണമോ സര്‍ക്കാരിന്റെ പണമോ അല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ ഫണ്ടിലേക്കു സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പി.എം കെയേഴ്‌സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഇങ്ങനെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ട്രസ്റ്റിലെ കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായിരുന്ന 497 ാം വകുപ്പ് റദ്ദാക്കിയ 2018 ലെ വിധി സൈനിക നിയമത്തിനു ബാധകമല്ലെന്നു സുപ്രീംകോടതി. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ സൈനിക നിയമപ്രകാരം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അദാനി എന്റെര്‍പ്രൈസസ് എഫ്പിഒ ലക്ഷ്യം കണ്ടു. 20,000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് സമാഹരിച്ചത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഓഹരി വിപണിയിലെ തിരിച്ചടികളില്‍ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ച് കയറിത്തുടങ്ങി.
ബലാത്സംഗക്കേസില്‍ വിവാദ സന്യാസി അസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗര്‍ കോടതിയാണ് ശിക്ഷിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ സൂറത്ത് സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അസാറാം ബാപ്പു ജോധ്പൂര്‍ ജയിലിലാണ്.
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തിലേക്കു മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയ്ക്കു ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കണം.
ഗൂഗിളില്‍ തന്റെ മേധാവിയായ ഉദ്യോഗസ്ഥയുടെ ലൈംഗിക താല്‍പര്യത്തിനു വഴങ്ങാത്തതിനു പ്രതികാരമായി ജോലിയില്‍നിന്നു പിരിച്ചുവിട്ടെന്ന് ഉദ്യോഗസ്ഥന്റെ പരാതി. റയാന്‍ ഓളോഹന്‍ എന്ന യുവാവാണ് തന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ പരാതിയുമായി കോടതിയിലെത്തിയത്.