വിലക്കയറ്റവും തൊഴിലില്ലായ്മയുംമൂലം മോദി ഭരണം ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനതല മഹാജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധിയെ ലോക്‌സഭയിലേക്കയച്ച കേരളത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു കേരളത്തിലെ ബൂത്തുതല കമ്മിറ്റികളെ സജ്ജമാക്കാനുള്ള സമ്മേളനത്തില്‍ 25,177 ബൂത്തുകളില്‍നിന്നായി ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ബി.എല്‍.എ. മാരും അടക്കം ലക്ഷത്തോളം പേര്‍ പങ്കെടുത്തു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയായ കണ്ണൂര്‍ മണ്ഡലത്തിലും സിപിഎം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എംപിമാര്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി തീരുമാനിച്ചു. കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാര്‍ഥിനിര്‍ണയത്തിന് ഉപസമിതിയെ നിയോഗിച്ചു. തൃശൂരില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗമാണു തീരുമാനമെടുത്തത്. മത്സരിക്കാന്‍ താത്പര്യമില്ലെന്നു കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ വാദിച്ചെങ്കിലും സമിതി തള്ളി.
ഹൈക്കോടതി കളമശേരിയിലേക്കു മാറ്റുന്നു. ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായി. ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17 ന് നടക്കും. 27 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുക. 60 കോടതികള്‍ ഇവിടെയുണ്ടാകും.
ധനകാര്യ മാനേജ്‌മെന്റ് മോശമായതുകൊണ്ടാണ് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം കേരളത്തിനു നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താനാവില്ലെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. 2018 -19ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021- 22 ല്‍ 39 ശതമാനമായി വര്‍ധിച്ചെന്നും 46 പേജുള്ള കുറിപ്പില്‍ കേന്ദ്രം കുറ്റപ്പെടുത്തി.
സംസ്ഥാന ബജറ്റ് നാളെ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സംസ്ഥാനത്തിനു വര്‍ധിപ്പിക്കാവുന്ന ഫീസും നിരക്കുകളും വര്‍ധിപ്പിക്കാന്‍ സാധ്യത. തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആറു മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ അടക്കം പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്ന പദ്ധതികള്‍ക്കു പണം വകയിരുത്തുന്നത് എങ്ങനെയെന്നു നാളെ അറിയാം.
ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രചിച്ച കേരള ഗാനത്തില്‍ ക്‌ളീഷേകളുണ്ടായിരുന്നതിനാല്‍ നിരാകരിച്ചെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. തിരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയ്യാറായില്ല. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടില്‍ വരുത്താന്‍ ഹരിനാരായണന്‍ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകന്‍ ബിജിപാല്‍ ഈണം നല്‍കും. നിരാകരിച്ചെന്ന വിവരം സെക്രട്ടറി ശ്രീകുമാരന്‍ തമ്പിയെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയെ നേരില്‍കണ്ട് സംസാരിക്കുമെന്നു മന്ത്രി സജി ചെറിയാന്‍. വസ്തുതകള്‍ മനസിലാക്കി പ്രശ്‌നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോഴാണ് പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കവികളോടുള്ള സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും അവഗണനയും വിവേചനവും തിരുത്താനാണ് താന്‍ ശ്രമിച്ചതെന്നു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പണമോ, അക്കാദമിയോ സച്ചിദാനന്ദന്‍ മാഷ് ആയിരുന്നില്ല തന്റെ ലക്ഷ്യം. അക്കാദമി തരാമെന്നു പറയുന്ന നഷ്ടപരിഹാരം വേണ്ട. സുഹൃത്തിന് അയച്ച കുറിപ്പാണ് വിവാദമായത്. അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് നല്‍കിയത് വെറും 2400 രൂപയാണെന്ന വിവാദമായിരിക്കേണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിശദീകരണം.
നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥി സദസിലും സ്ത്രീസദസിലും പങ്കെടുക്കും. ഫെബ്രുവരി 18 നു മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥി സദസ്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. 22 നു നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്ത്രീസദസ്. 10 മേഖലയില്‍ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പാണ് കോഴിക്കോട്ടെ വിദ്യാര്‍ത്ഥി സദസ്.
അയോധ്യയിലെ രാമക്ഷേത്രവും പുതുതായി നിര്‍മിക്കുന്ന മസ്ജിദും ഇന്ത്യയിലെ മതേതരത്വത്തിന്റെ പ്രതീകമാണെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ പ്രസംഗിച്ചതു വിവാദമായി. ജനുവരി 24 ന് വയനാട് പുല്‍പ്പറ്റയിലായിരുന്നു പ്രസംഗം. ഇതിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സദുദ്ദേശത്തോടെയാണെന്നു ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ അങ്ങനെ പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ലോക് സഭാ തെരഞ്ഞെടുപ്പിനു വനിതകളെ പ്രചാരണ വേദികളില്‍ ഇറക്കാന്‍ മുസ്ലീം ലീഗ്. ഒരു നിയോജക മണ്ഡലത്തില്‍ നിന്നും 15 വനിതകളെ വീതം തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വിദ്യാസമ്പന്നരായ വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനത്തിനു വനിതാ ലീഗിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ജീവനൊടുക്കിയത് 42 കര്‍ഷകര്‍. അവരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കിയത് 44 ലക്ഷം രൂപ. പ്രതിപക്ഷ എംഎല്‍എ ടി സിദ്ധിഖിന്റെ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കിയതിനെതിരേ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്. ബാബ്‌റി മസ്ജിദ് പൊളിച്ച കേസില്‍ പ്രതിയായിരുന്ന ഒരാളാണ് എല്‍ കെ അദ്വാനി. ബാബ്‌റി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതാണെന്നും സിപിഐ ചൂണ്ടിക്കാണിച്ചു.
കെഎസ്ആര്‍ടിസിക്കു വായ്പ തരാന്‍ ആരും തയാറാകുന്നില്ലെന്നു മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലാഭമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കും. ശമ്പളം സമയബന്ധിതമായി കൊടുക്കണമെന്നാണ് ആഗ്രഹം. ഇതിനായി ധനവകുപ്പുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വസ്തു സംബന്ധിച്ച കേസ് വേഗത്തിലാക്കാന്‍ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാനെന്ന പേരില്‍ മൂന്നു ലക്ഷം രൂപ അഡ്വ. ബി.എ. ആളൂര്‍ വാങ്ങിയെന്ന പരാതിയുമായി യുവതി. ബാര്‍ കൗണ്‍സിലിനാണു പരാതി നല്‍കിയത്. ആളൂരിനെതിരായ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയാണ് ഈ പരാതി നല്‍കിയത്.
റാന്നിയില്‍ പമ്പാ നദിയില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയ റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍ പുഷ്പമംഗലത്തു വീട്ടില്‍ അനില്‍കുമാര്‍, മകള്‍ നിരജ്ഞന, സഹോദരീപുത്രന്‍ ഗൗതം എന്നിവരാണ് മുങ്ങിമരിച്ചത്. ഒഴുക്കില്‍പെട്ട സുനില്‍കുമാറിന്റെ സഹോദരി ആശയെ രക്ഷപ്പെടുത്തി.
കോഴിക്കോട് കാരശ്ശേരിയില്‍ വിവാഹ ആഘോഷത്തിനു വരന്റെ സുഹൃത്തുക്കള്‍ പൊട്ടിച്ച പടക്കത്തില്‍നിന്നു തീ പടര്‍ന്ന് സമീപത്തെ വീടിന്റെ ഷെഡ് കത്തി. പാരമ്മേല്‍ ബാബു എന്നയാളുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടര്‍ന്നത്.
ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി വയോധിക വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു മടങ്ങവേ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ മരിച്ചത്.
ഇടുക്കി അടിമാലിയില്‍ ഫോണിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് പിടിയിലായത്.
കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ പൂച്ചയെ പച്ചയ്ക്കു ഭക്ഷിച്ച ആസാം സ്വദേശിയായ യുവാവിനെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ പ്രതികരണം.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം ഏഴു മുതല്‍ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലായ ടി ഒന്നിലേക്കു മാറ്റി. ചാക്കയിലെ രാജ്യാന്തര ടെര്‍മിനലിലെ ടി രണ്ടിലായിരുന്നു ഡല്‍ഹി, മുംബൈ സര്‍വീസുകള്‍.
കോതമംഗലം -നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി അഹമ്മദ് സാജിദ് (23) എന്നിവരാണു മരിച്ചത്. കാനയിലേക്കു വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.
എംസി റോഡില്‍ പന്തളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡനില്‍ ജോസഫ് ഈപ്പന്‍ (66) ആണു മരിച്ചത്. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അബിക്ക് (32) പരിക്കേറ്റു.
നാലു മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ചവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലാക്കാന്‍ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാമില ഗോഹട്ടിയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്‌നാട് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. പൊള്ളാച്ചിയിലേക്കു സ്ഥലം മാറ്റിയതിനാല്‍ രണ്ടാഴ്ച അവധിയെടുത്ത ശബരിഗിരി എന്ന നാല്‍പത്തൊന്നുകാരനാണു പിടിയിലായത്. തട്ടിയെടുത്ത ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു.
പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റായി പ്രവര്‍ത്തിച്ച കേന്ദ്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാളിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മീററ്റില്‍ അറസ്റ്റു ചെയ്തത്.
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണം നടത്തി. 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ചെങ്കടലില്‍ ഹൂതികള്‍ കപ്പലുകള്‍ക്കെതിരേ നടത്തുന്ന ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ ആക്രമണങ്ങള്‍.