night news hd 1

കേരളത്തിലെ ഭൂരിപക്ഷം എംപിമാരും വികസനം മുടക്കാന്‍ വേണ്ടി നിലകൊള്ളുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികള്‍ നേടിയെടുക്കാനല്ല, മുടക്കാന്‍ വേണ്ടിയാണ് അവര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗിത്തിനു നന്ദി രേഖപ്പെടുത്തി പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.

സംസ്ഥാന ബജറ്റ് നാളെ. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും ഫീസുകളും വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ഒഴിവാക്കാനാണു സാധ്യത.

തകര്‍ച്ച നേരിടുന്ന അദാനി ഗ്രൂപ്പിനു ബാങ്കുകള്‍ നല്‍കിയ വായ്പകളെക്കുറിച്ച് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടു തേടി. ബാങ്കുകളോടാണ് വിവരം ആരാഞ്ഞിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 21,000 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. വായ്പകളെകുറിച്ച് ആശങ്കയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖര പറഞ്ഞു.

ഹൈക്കോടതികളില്‍ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആകെയുള്ള 1108 ന്യായാധിപ തസ്തികകളില്‍ 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി. 138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാര്‍ശകള്‍ വിവിധ സര്‍ക്കാറുകളുടെ പരിഗണനയിലാണ്.

വിമരിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി. അവര്‍ മനുഷ്യരാണെന്ന് മറക്കരുത്. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷം സാവകാശം അനുവദിക്കാനാവില്ല. കുറച്ചെങ്കിലും ആനുകൂല്യം നല്‍കണമെന്നും കോടതി നിര്‍ദേശം.

ബലാത്സംഗക്കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 15 വര്‍ഷമായി പീഡിപ്പിച്ചെന്നാണ് പരാതി.

വാഹന പരിശോധനക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നു പരാതി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്ഐയ്ക്ക് എതിരെയാണ് നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയും പരാതി നല്‍കിയത്.

ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍ കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്കുചുറ്റും വനം വകുപ്പ് സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയിലെ അരി നശിപ്പിക്കുന്ന അരിക്കൊമ്പന്റെ ആക്രമണം തടയനാണു സോളാര്‍ വേലി.

കൊച്ചിയില്‍ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശികയ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നല്‍കി. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് കോടതിയെ അറിയിച്ചു.

എറണാകുളം തോപ്പുംപടിയില്‍ ടോപ്പ് ഫോം ഹോട്ടലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്കു പരിക്ക്. അടുക്കളയിലുണ്ടായിരുന്ന അഫ്താബ്, സഖ്‌ലന്‍ എന്നീവക്കാര്‍ക്കാണ് പരിക്കേറ്റത്.

കോട്ടയം കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജ് വിദ്യാര്‍ത്ഥി അസ്ലം അയൂബ് ആണ് മരിച്ചത്. സുഹൃത്ത് യശ്വന്ത് മനോജിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചു. പ്രൊജക്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചു. പോലീസ് കേസെടുത്തു.

ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം നാല്, അഞ്ച് തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് രാജു അപ്‌സര പങ്കെടുക്കും.

ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിലേക്കു കുരുക്കെറിഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മദ്യവ്യവസായിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയെന്നാണു ഇഡി കുറ്റപത്രത്തിലെ ആരോപണം. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുടെ ഫോണിലൂടെയാണ് വീഡിയോ കോള്‍ വഴി ചര്‍ച്ച നടത്തിയതെന്നും അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ് നായരാണെന്നും ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കുന്നു.

അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി വില്പന റദ്ദാക്കിയതോടെ തകര്‍ച്ച വന്‍തോതിലായി. വിപണി മൂലധന നഷ്ടം 10,000 കോടി ഡോളറായി. അതായത് അദാനിക്ക് എട്ടേകാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എന്‍ഡിടിവിയില്‍ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീനിവാസ് ജെയിന്‍, നിധി റാസ്ദാന്‍, എന്‍ഡിടിവി പ്രസിഡന്റായിരുന്ന സുപര്‍ണ സിംഗ് എന്നിവര്‍ രാജിവച്ചു.

ജമ്മു കാഷ്മീര്‍ ഇരട്ട സ്‌ഫോടനക്കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ലഷ്‌കറെ ത്വയിബ ഭീകരന്‍ അറസ്റ്റില്‍. വൈഷ്‌ണോ ദേവി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലെ ബോംബ് സ്‌ഫോടനത്തിലടക്കം പങ്കുള്ള ആരീഫാണ് പിടിയിലായത്. ഇയാളില്‍നിന്നു പെര്‍ഫ്യൂം ബോംബും പിടിച്ചെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകള്‍ക്കായി 2019 മുതല്‍ ചെലവഴിച്ചത് 22.76 കോടി രൂപയാണെന്നു കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. 21 തവണയാണ് വിദേശയാത്ര നടത്തിയത്.

എഡ്യൂക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. എന്‍ജിനീയറിംഗ് വിഭാഗത്തില്‍നിന്ന് ആയിരത്തോളം പേരെ പിരിച്ചുവിട്ടെന്നാണു റിപ്പോര്‍ട്ട്.

പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയില്‍ നൂറിലധികം പേരെ കൊലപ്പെടുത്തിയ ചാവേര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് യൂണിഫോമിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ഹെല്‍മെറ്റും ധരിച്ചിരുന്നു. നാനൂറോളം പേരാണ് ആ സമയത്ത് പള്ളിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ 27 പൊലീസുകാരും ഉള്‍പ്പെടുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *