കരിമണല്‍ കമ്പനി സിഎംആര്‍എലിനുള്ള ഖനനാനുമതി കേന്ദ്ര നിയമമനുസരിച്ച് 2019 ല്‍ റദ്ദാക്കാണ്ടതായിരുന്നെങ്കിലും നാലു വര്‍ഷം കഴിഞ്ഞ് മാസപ്പടി വിവാദം ഉയര്‍ന്നശേഷമാണു സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2023 ഡിസംബര്‍ 18 നാണ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ആറ്റമിക് ധാതു ഖനനം പൊതുമേഖലയില്‍ മാത്രമാക്കി 2019 ലെ കേന്ദ്ര നിയമ പ്രകാരം കരാര്‍ 2019 ല്‍തന്നെ റദ്ദാക്കേണ്ടതായിരുന്നു. 2016 ലെ സുപ്രീം കോടതി വിധി യനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കരിമണല്‍ സ്ഥലം ഏറ്റെടുക്കാമായിരുന്നു. ഏറ്റെടുക്കാതിരുന്നത് മാസപ്പടിക്കു വേണ്ടിയായിരുന്നു. അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റില്‍ മതിയായ തുക ലഭിച്ചില്ലെന്നു പരാതി ഉയര്‍ന്നിരുന്ന ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചത് ഇതോടെ 2000 കോടി രൂപയാക്കി വര്‍ധിപ്പിച്ചു. മാത്രമല്ല, മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ഉറപ്പായും എത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വന്തമായി ഔഡി കാറും നാലു ലക്ഷം രൂപ മാസം വരുമാനവുമുള്ള കര്‍ഷകനാണോ കേരളത്തിലെ സാധാരണ കര്‍ഷകന്റെ പ്രതീകം. വനാതിര്‍ത്തികളിലും ഹൈറേഞ്ചിലും ഉള്‍പ്പെടെ കഷ്ടപ്പെടുന്ന കര്‍ഷകര്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
മാനന്തവാടിയില്‍ കൊലയാളി മോഴയാന ബേലൂര്‍ മഖ്‌നയെ തേടിയിറങ്ങിയ ദൗത്യസംഘത്തെ ആക്രമിക്കാന്‍ ഒപ്പമുള്ള മോഴയാന പാഞ്ഞടുത്തു. വെടിയുതിര്‍ത്താണ് ആനയെ പിന്തിരിപ്പിച്ചത്. ബാവലി കാടുകളിലായിരുന്നു അപ്രതീക്ഷിത ആക്രമണം. ഇതിനിടെ അജീഷിനെ ആന കൊന്ന പടമലയില്‍ കടുവ ഇറങ്ങിയത് കൂടുതല്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടി ഇടപാടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കരിമണല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടും നാലു വര്‍ഷം അതു നടപ്പാക്കാതെ കരിമണല്‍ കമ്പനിയെ സഹായിച്ചു. മകള്‍ കൈക്കൂലി വാങ്ങുന്നതിന് അച്ഛന്‍ നിയമങ്ങള്‍ അനുകൂലമാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിയാണെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രിയങ്കരനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലേക്കു ക്ഷണിച്ചു വിരുന്നൂട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രധാനമന്ത്രിക്കൊപ്പം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മറ്റ് എംപിമാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിനെ വിമര്‍ശിച്ചതിനുള്ള മറുപടിയായാണ് സതീശന്‍ ഇങ്ങനെ പ്രതികരിച്ചത്. 2018 ജൂണ്‍ 11 നാണ് ഗഡ്കരിയേയും കുടുംബത്തേയും മുഖ്യമന്ത്രി വീട്ടില്‍ സല്‍ക്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വെള്ളിയാഴ്ച സിപിഎമ്മില്‍ ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ബാബു ജോര്‍ജ് പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോയും സിപിഎമ്മില്‍ ചേരും.
പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി സിയാല്‍, ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ലോകത്തില്‍ ആദ്യമായി, ഒരു വിമാനത്താവളത്തില്‍, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സിയാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി കരാര്‍ ഒപ്പുവച്ചു. ബി പി സി എല്ലിന്റെ സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.
നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ സ്ട്രിപ്പ് വീതി കൂട്ടി. റണ്‍വേയുടെ ഇരുവശത്തുമുള്ള സ്ട്രിപ്പിന്റെ വീതി 75 മീറ്ററില്‍ നിന്ന് 110 മീറ്ററായാണ് വര്‍ധിപ്പിച്ചത്.
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശികയാണ് നല്‍കാനുള്ളത്. ഇതിനായി സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യവുമായി ഉടന്‍ കരാര്‍ ഒപ്പ് വയ്ക്കുമെന്ന് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായാണ് ഹൈക്കോടതിയില്‍ അറിയിച്ചത്.
കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്ത ഏഴംഗങ്ങള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മഞ്ജു, പി.എസ് ഗോപകുമാര്‍ അടക്കമുള്ളവരാണു ഹൈക്കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരികേ, പോലീസ് സംരക്ഷണം ആവശ്യപ്പെടണമെന്ന് വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ വിജിലന്‍സ് കോടതി അയച്ച നോട്ടീസില്‍ വി.എസ് അച്ച്യുതാനന്ദനുവേണ്ടി മകന്‍ വി എ അരുണ്‍ കുമാര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരായി. വെള്ളാപ്പള്ളിക്കെതിരേ തെളിവില്ലെന്നു വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടനസുരിച്ച് കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപമുണ്ടോയെന്ന് ആരാഞ്ഞുകൊണ്ട് വി എസ് അച്യുതാനന്ദനു കോടതി നോട്ടീസയച്ചിരുന്നു. ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് പരിശോധിക്കാനോ കോടതിയില്‍ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകന്‍ അരുണ്‍ കുമാര്‍ കോടതിയെ അറിയിച്ചു.
സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവമായ ‘വര്‍ണ്ണപ്പകിട്ട്’ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തൃശൂരില്‍. തൃശ്ശൂര്‍ ടൗണ്‍ഹാള്‍, എഴുത്തച്ഛന്‍ സമാജം ഹാള്‍ എന്നിവിടങ്ങളിലാണു കലാപരിപാടികള്‍. ശനിയാഴ്ച വൈകുന്നേരം നാലിന് വിദ്യാര്‍ത്ഥി കോര്‍ണറില്‍നിന്ന് ടൗണ്‍ഹാളിലേക്കു ഘോഷയാത്ര നടക്കും. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനം.
മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.
തൃശൂരിനൊരു കേന്ദ്ര മന്ത്രി, മോദിയുടെ ഗ്യാരണ്ടി എന്നിങ്ങനെയുള്ള വാഗ്ദാനവുമായി തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ചുവരെഴുത്ത്. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ മണലൂര്‍ പ്രദേശത്താണ് സുരേഷ് ഗോപിക്കുവേണ്ടി ചുമരഴുത്തുകള്‍ വ്യാപകമായത്.
സിനിമാ നിര്‍മാണത്തിന് പണമുണ്ടാക്കാന്‍ വ്യാജ രേഖയുണ്ടാക്കി കോയമ്പത്തൂര്‍ സ്വദേശിയില്‍നിന്ന് എട്ടു കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസ് (42) ആണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
നേത്രാവതി എക്സ്പ്രസ് ട്രയിനിന്റെ പാന്‍ട്രി കാറിനു താഴെ തീപിടിച്ചു. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ചേര്‍ന്നു തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിനടുത്ത് തീപിടുത്തമുണ്ടാകാന്‍ കാരണം.
കൊല്ലം ഇടമുളയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രവാസി മലയാളി 2021 ല്‍ നിക്ഷേപിച്ച 4,50,000 രൂപയില്‍ ബാക്കി നല്‍കാനുള്ള 55,960 രൂപ ബാങ്ക് സെക്രട്ടറിയുടെ കൈയില്‍ നിന്നും ഈടാക്കി നിക്ഷേപകന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ സെക്രട്ടറി പ്രവര്‍ത്തിച്ചതിനിലാണ് അദ്ദേഹത്തിന്റെ കൈയില്‍നിന്നു തുക ഈടാക്കണമെന്ന് കമ്മീഷന്‍ അംഗം വി. കെ ബീനാകുമാരി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ഉത്തരവു നല്‍കിയത്.
ചായ കുടിക്കാന്‍ തട്ടുകട മാറിക്കയറിയതിന് തട്ടുകടക്കാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെണ്‍മണി പുന്തല സ്വദേശി മുഹമ്മദ് റാവുത്തറാണ് മരിച്ചത്. 60 വയസായിരുന്നു. പരുമല വാലുപറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ (48) ആണ് ഡിസംബര്‍ 21 ന് രാത്രി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
കോവിഡിനുശേഷം പലയിടത്തും ജനങ്ങള്‍ക്കു സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെങ്കില്‍ ഇന്ത്യയില്‍ സര്‍ക്കാരില്‍ വിശ്വാസം വര്‍ധിക്കുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബൈയിലെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അനേകം മാറ്റങ്ങള്‍ ഉണ്ടായി. ശുചിത്വം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ മെച്ചപ്പെട്ടു. വനിതകള്‍ക്ക് പാര്‍ലമെന്റില്‍ സംവരണം നല്‍കി. മോദി പറഞ്ഞു.
ബിജെപിയിലേക്കു പോയേക്കുമെന്നു അഭ്യൂഹം പരക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ ഒഴിവാക്കി. കമല്‍നാഥ് നിര്‍ദ്ദേശിച്ച സജ്ജന്‍ സിംഗ് വര്‍മയ്ക്കും സീറ്റ് നല്‍കിയില്ല. അശോക് സിംഗിനാണു സീറ്റ് നല്‍കിയത്. അജയ് മാക്കന്‍, സയ്യിദ് നാസര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവര്‍ക്കു കര്‍ണാടകയിലും രേണുക ചൗധരി, അനില്‍ കുമാര്‍ യാദവ് എന്നിവര്‍ക്ക് തെലുങ്കാനയിലും സീറ്റു നല്‍കി.
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പേടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് അന്വേഷണം. പേടിഎമ്മിനെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തതിനു പിറകേയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. പേടിഎമ്മിന്റെ ഓഹരി വില പത്തു ശതമാനം കുറഞ്ഞു.
ക്ഷേത്രശിലയില്‍ വസുധൈവ കുടുംബകമെന്ന് കൊത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദബിയിലെ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിര്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണിത്. യുഎഇ പ്രസിഡന്റ് മുറൈഖയില്‍ നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ഏഴു ഗോപുരങ്ങളുള്ള ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.