ട്രാക്ടറുകളുമായി ഡല്‍ഹി വളഞ്ഞ് കര്‍ഷകര്‍. നൂറുകണക്കിനു ട്രാക്ടറുകളുമായി അനേകം കര്‍ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ചു. ആറു മാസത്തേക്കുള്ള റേഷനും ഭക്ഷണമുണ്ടാക്കാനുള്ള പാത്രങ്ങളും ഇന്ധനവുമെല്ലാം കരുതിയാണ് മാര്‍ച്ചിന് എത്തിയതെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍. ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തി റോഡുകളെല്ലാം അടച്ചു. ഈ പ്രദേശങ്ങളിലെ നിരോധനാജ്ഞ ലംഘിച്ചാണു കര്‍ഷകരുടെ സമരം. വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നുമാണ് പ്രധാന ആവശ്യം. 2020ല്‍ 13 മാസം ദില്ലി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്തു നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണിതെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു.
മാസപ്പടി ഇടപാടി കേസിലെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നു മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്കു മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കര്‍ നിയമസഭയില്‍ തന്റെ മൈക്ക് ഓഫാക്കിയതെന്നും കുഴല്‍നാടന്‍ പറഞ്ഞു. സ്പീക്കര്‍ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണ്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ആരോപണം ഉണ്ടയുള്ള വെടി തന്നെയാണെന്നും എന്നാലത് യുഡിഎഫിനെതിരാണെന്നും മന്ത്രി പി രാജീവും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസകും. മൈനിംഗ് സ്വകാര്യ കമ്പനിക്ക് കൊടുക്കാമെന്ന് 2002 ലാണ് ആദ്യം ഉത്തരവിറക്കിയത്. എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. യുപിഎ സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കിയശേഷം 2004 ലാണ് സര്‍വെ നമ്പറുകള്‍ സഹിതം പാട്ടം നല്‍കിയത്. അതു ചെയ്തത് പിണറായി വിജയനല്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
കിഫ്ബി മസാലബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ മോഴി നല്‍കാന്‍ ഹാജരാകുന്നതിന് എന്താണു തടസമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസകിനോട് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന തോമസ് ഐസകിന്റെ ആവശ്യം കോടതി തള്ളി.
മാനന്തവാടിയിലെ കൊലയാളി മോഴയാന ബേലൂര്‍ മഖ്‌നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. ആന കാട്ടിക്കുളം ഇരുമ്പു പാലത്തിനു സമീപമാണ് ഉണ്ടായിരുന്നത്. മയക്കുവെടിവയ്ക്കാതെ തിരിച്ചിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ അല്‍പസമയം തടഞ്ഞുവച്ച് പ്രതിഷേധിച്ചു.
പുല്‍പ്പള്ളി സുരഭിക്കവലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു പിടികൂടണമെന്ന് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. മൂന്നിടത്തു വനംവകുപ്പുകാര്‍ വച്ച കൂട്ടില്‍ കടുവ കയറിയില്ല.
വാളയാര്‍ അഹല്യ കാമ്പസില്‍ ശില്‍പോദ്യാനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് ഗവര്‍ണറുടെ കാറിനു മുന്നിലേക്കു കരിങ്കൊടിയുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചാടിവീണത്. പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം തയാര്‍. വാര്‍ റൂമിന്റെ ചെയര്‍മാനായി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജുവിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിയമിച്ചു. ജെയ്സണ്‍ ജോസഫ്, മണക്കാട് സുരേഷ് എന്നിവരാണ് കോ ചെയര്‍മാന്‍മാര്‍. സംസ്ഥാനത്തെ 25177 ബൂത്ത് ഭാരവാഹികള്‍ക്കും ബിഎല്‍എമാര്‍ക്കും പരിശീലനം നല്‍കുമെന്നും കെപിസിസി അറിയിച്ചു.
നിയമസഭയില്‍ ചോദ്യങ്ങള്‍ക്കു ചുരുക്കി മറുപടി പറയണമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ റൂളിംഗ്. ചോദ്യങ്ങള്‍ക്കുള്ള മറുപടി നീണ്ടു പോകരുത്. ഇക്കാര്യത്തില്‍ മറ്റു മന്ത്രിമാരെ മാതൃകയാക്കണം. സ്പീക്കര്‍ പറഞ്ഞു. ധനവകുപ്പുമായി ബന്ധപ്പെട്ട നടപ്പു സമ്മേളനത്തിലെ 199 ചോദ്യങ്ങള്‍ അടക്കം 300 ചോദ്യങ്ങള്‍ക്ക് ധനവകുപ്പ് മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം ഉന്നയിച്ച ക്രമ പ്രശ്‌നത്തിലാണ് സ്പീക്കറുടെ ഇടപെടല്‍.
ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന പരാമര്‍ശം നടത്തിയതിനെതിരായ കേസില്‍ സിപിഐ നേതാവ് അഡ്വ. വിഎസ് സുനില്‍കുമാറിന് കണ്ണൂര്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 2021 ജനുവരി 29 ന് വിഎസ് സുനില്‍കുമാര്‍ ഫേസ്ബുക്കിലൂടെ നാഥുറാം വിനായക് ഗോഡ്‌സെയെ ‘ആര്‍എസ്എസ് കാപാലികന്‍’ എന്നു വിശേഷിപ്പിച്ച് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ആര്‍എസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബല്‍റാം നല്‍കിയ പരാതിയിലാണു കേസ്.
തൊഴിലുറപ്പു പദ്ധതിക്ക് ആയുധങ്ങളും സാധനങ്ങള്‍ വാങ്ങിയെന്നു വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പത്തു വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ആര്‍ ശ്രീകുമാറിനെയാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മോദിയെ പരിഹസിച്ചു എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ എബിവിപി വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കി. ഹിറ്റ്‌ലറുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നവര്‍ക്ക് ഹിറ്റ്‌ലറുടെ ഗതി വരുമെന്നായിരുന്നു ബോര്‍ഡിലുള്ള ഒരു പരാമര്‍ശം.
കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാന്‍മലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കാട്ടിലേക്കു തുറന്നുവിടില്ലെന്ന് ഡിഎഫ്ഒ. മക്കുവെടി വച്ചു പിടികൂടിയ കടുവക്ക് വലതു വശത്തെ ഉളിപ്പല്ല് ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ കാട്ടില്‍ ഇരപിടിക്കാന്‍ പ്രയാസമാകും. കടുവയെ മൃഗശാലയിലേക്കു മാറ്റും.
ധനകാര്യ ബിസിനസ് രംഗത്തെ സംരംഭകത്വ മികവിനുള്ള എലെറ്റ്‌സ് ബിഎഫ്എസ്‌ഐ സിഎക്‌സോയുടെ ഫിനാന്‍ഷ്യല്‍ സക്‌സസ് ചാമ്പ്യന്‍ പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാറിനു ലഭിച്ചു. എലെറ്റ്‌സ് മേധാവി ഡോ. രവി ഗുപ്ത, കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഐടി സര്‍വീസസ് സുംനേശ് ജോഷി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.
തൊടുപുഴയില്‍ ലീഗല്‍ മെട്രോളജി സഹകരണ സംഘത്തില്‍ പെട്രോള്‍ ഒഴിച്ച് ഭീകരാന്തരീക്ഷ സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. മുട്ടം സ്വദേശി പ്രസാദാണു പിടിയിലായത്. അഞ്ചു ലക്ഷം രൂപയുടെ ചിട്ടിയില്‍ അടച്ച ആറു തവണത്തെ പണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് അതിക്രമം കാണിച്ചത്.
പന്തളം രാജകുടുംബാംഗവും കൊട്ടാര നിര്‍വഹക സമിതി മുന്‍ പ്രസിഡന്റുമായിരുന്ന പി.ജി. ശശികുമാര വര്‍മ അന്തരിച്ചു. 77 വയസായിരുന്നു.
ആദ്യകാല സിനിമ സംവിധായകനും തിരക്കഥകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ പ്രകാശ് കൊളേരി (65)യെ വയനാട്ടിലെ കൊളേരിയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഒമാനില്‍ കനത്ത മഴയില്‍ മലയാളി ഒഴുക്കില്‍പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശി അബ്ദുല്‍ വാഹിദ് എന്ന 28 കാരനാണു മരിച്ചത്. കളിപ്പാട്ടം വില്‍ക്കുന്ന വാനിന്റെ ഡ്രൈവറാണ്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഹിബ്ര മേഖലയിലാണ് മഴവെള്ളപ്പാച്ചിലില്‍ പെട്ടത്.
നാളെ വാലന്റൈന്‍സ് ഡേ. ലോകമെങ്ങുമുള്ള കമിതാക്കളുടെ പ്രണയദിനം. ഇന്നലെ ആലിംഗനദിനവും ഇന്നു ചുംബനദിനവുമായിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരു മാറ്റി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍നിന്ന് പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കി.
ഖത്തറില്‍ തടവിലായ മുന്‍ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. തനിക്ക് അതില്‍ പങ്കില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്ത പൊലീസുകാരന്റൈ കൈയില്‍ യുവാവ് കടിച്ച് പരിക്കേല്‍പ്പിച്ചു. ഒടുവില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗളുരുവില്‍ സയ്യദ് റാഫി എന്ന 28 വയസുകാരനാണ് അറസ്റ്റിലായത്.