night news hd 2

കോളേജ് പ്രിന്‍സിപ്പല്‍മാരായി നിയമിക്കാന്‍ തയാറാക്കിയ 43 അംഗ പട്ടികയില്‍നിന്ന് ഉടനേ നിയമനം നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കരടു പത്രികയായി പരിഗണിച്ചാല്‍ മതിയെന്നു മന്ത്രി ആര്‍. ബിന്ദു നിര്‍ദ്ദേശിച്ച പട്ടിക അന്തിമ പട്ടികയായി പരിഗണിച്ച് രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്നാണ് നിര്‍ദ്ദേശം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം. മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിനാണു നിര്‍ദേശം നല്‍കിയത്. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്നു വിനയന്‍ നേരത്തെ ആരോപിരുന്നു.

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന എംപിമാരുടേയും എംഎല്‍എമാരുടേയും വാഹനങ്ങള്‍ക്കു പിഴയിടുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു. ഇതിനകം പത്ത് എംപിമാര്‍ അടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണു പിഴ ചുമത്തിയത്. കാമറ സ്ഥാപിച്ചതിനു ശേഷം വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ജൂണ്‍ അഞ്ചു മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 32,42,277 നിയമലംഘനങ്ങള്‍ കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25.81 കോടി രൂപ ഇ- ചലാന്‍ വഴി ലഭിച്ചു. മന്ത്രി പറഞ്ഞു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയവും പ്രവര്‍ത്തനശൈലിയും കേരളത്തില്‍ മാതൃകയാക്കണമെന്ന് രാഹുല്‍ ഗാന്ധി. എഐസിസി ആസ്ഥാനത്ത് സംസ്ഥാന നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തനവും അജണ്ടയില്‍ ഊന്നിയുള്ള നീക്കവുമുണ്ടെങ്കിലേ വിജയിക്കൂ. കര്‍ണാടകയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞു.

വിശ്വാസം സംരക്ഷിക്കാന്‍ സമരങ്ങള്‍ നയിച്ചു തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ വിശ്വാസികള്‍ക്ക് എതിരാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും കണ്ണൂരില്‍ ബാലസംഘത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ അദ്ദേഹം ചോദിച്ചു.

സംഘപരിവാറിനേപോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോള്‍വാക്കള്‍റേയും തിരിച്ചറിയാന്‍ പറ്റില്ലെങ്കില്‍ എന്തു ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിന്റെ നാമജപയാത്രക്കെതിരെ കേസെടുത്തത് ശബരിമല പ്രക്ഷോഭത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേസെടുക്കേണ്ടത് സ്പീക്കര്‍ ഷംസീറിന് എതിരെയാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷന്‍ കോഴ കേസില്‍ സുപ്രീംകോടതിയില്‍നിന്ന് ഇടക്കാല ജാമ്യം ലഭിച്ച എം ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങി. ചികിത്സയ്ക്കു മാത്രം രണ്ടു മാസത്തെ ജാമ്യ കാലാവധി ഉപയോഗിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ സബ്‌സിഡിയുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം. എട്ട്ുവര്‍ഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രി അവകാശപ്പെടുന്ന 13 ഇനങ്ങളില്‍ പകുതിയും ലഭ്യമാല്ല. ചെറുപയര്‍, വന്‍ പയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി എന്നിവയ്ക്കാണു ക്ഷാമം.

ആളുമാറി കേസെടുത്തതിനെത്തുടര്‍ന്ന് പാലക്കാട് കുനിശ്ശേരി സ്വദേശിയും 84 കാരിയുമായ ഭാരതിയമ്മ നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവം അന്വേഷിച്ച് ഒരു മാസത്തിനകെ റിപ്പോര്‍ട്ടു തരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പൊലീസ് മേധാവിയോടാണ് നിര്‍ദേശം. 1998 ല്‍ പുതുശ്ശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസില്‍ 2019 ലാണ് ആളുമാറി പൊലീസ് അറസ്റ്റു ചെയ്തത്. സാക്ഷി വിസ്താരത്തിനിടെ ഭാരതിയമ്മ അല്ല യഥാര്‍ത്ഥ പ്രതിയെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചതോടെയാണ് കുറ്റവിമുക്തയായത്.

കേരളത്തില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളില്‍ കേരളത്തനിമയുള്ള ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി റെയില്‍വേ മന്ത്രിക്കു കത്തു നല്‍കി. കേരളത്തില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനില്‍ ഉത്തരേന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ മാത്രം വിതരണം ചെയ്താല്‍ പോരെന്നാണ് ആവശ്യം.

മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയില്‍ കീഴടങ്ങി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി സുദീപിനു ജാമ്യം അനുവദിച്ചു. ശനിയാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുദീപിനു നിര്‍ദ്ദേശം നല്‍കി. നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കെയാണ് കീഴടങ്ങല്‍.

സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സ്‌കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങവെ കാര്‍ അപകടത്തില്‍പ്പെട്ട് എറണാകുളം സ്വദേശിയായ ആറു വയസുകാരി മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി റ്റാക്കിന്‍ ഫ്രാന്‍സിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വര്‍ഗീസിന്റെയും മകളും സീബ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അല്‍ന റ്റാകിനാണ് മരിച്ചത്.

വയനാട് ജില്ലയിലെ നിരവില്‍പ്പുഴ കീച്ചേരി കോളനിയില്‍ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരാണ് മരിച്ചത്. ഒരു ഷാളിലാണ് ഇരുവരും തൂങ്ങിയ നിലയിലായിരുന്നു. വിനീത ഗര്‍ഭിണിയായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ജീര്‍ണിച്ചിട്ടുണ്ട്

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സര്‍ക്കാരിന്റെ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി പി രാജീവ് കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവര്‍ക്കൊപ്പം കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവു കൈമാറിയത്. ജില്ലാ കളക്ടറുടെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

ഡിജിറ്റല്‍ വിവര സുരക്ഷ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പൗരന്‍മാരുടെ വ്യക്തിവിവരങ്ങളില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷം ആരോപിച്ചു. മണിപ്പൂര്‍ വിഷയത്തിലെ ബഹളം നിര്‍ത്തിയാണ് പ്രതിപക്ഷം ബില്ലവതരണത്തെ എതിര്‍ത്തത്.

രാജസ്ഥാനില്‍ ആടുമേയ്ക്കാന്‍ പോയ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊന്നു. ഭില്‍ലവാരയിലെ ഒരു ഇഷ്ടിക ചൂളയില്‍നിന്നാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *