മയക്കുവെടിവച്ച അരിക്കൊമ്പനെ ലോറിയില്‍ കയറ്റി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കു കൊണ്ടുപോയി. അതിസാഹസികമായാണ് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയത്. 122 കിലോമീറ്റര്‍ യാത്രയും സാഹസികംതന്നെ. യാത്രക്കിടെയും അരിക്കൊമ്പന്‍ പരാക്രമം തുടര്‍ന്നു. മയക്കുവെടി വച്ചിട്ടും നിയന്ത്രണ വിധേയനാകാത്തതിനാല്‍ ആറ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടിവന്നു. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്കു കയറ്റിയത്.
നാളെ സംസ്ഥാനത്ത് അതിശക്ത മഴ. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി ചൊവ്വാഴ്ച. അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോദിക്ക് കോടതി സമയം നല്‍കി. അപകീര്‍ത്തി സംഭവിച്ചെന്നതിനു തെളിവുകളില്ലെന്ന് രാഹുലിനുവേണ്ടി വാദിച്ച സുപ്രീം കോടതി അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ സ്വന്തം സ്ഥാനമെന്തെന്ന് ഓര്‍ക്കണമെന്നു കോടതി നിരീക്ഷിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനു കേരളാ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് 95 ലക്ഷം രൂപ. ഈ മാസം 20 നാണ് ടൂറിസം ഡയറക്ടര്‍ പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് 95 ലക്ഷം ചെലവാകുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ ധനവകുപ്പ് 30 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി.
നാളെ തൃശൂര്‍ പൂരം. ഇന്നു രാത്രിയോടെ പെയ്തു തുടങ്ങിയ മഴ പൂരത്തെ വെള്ളത്തിലാക്കുമോയെന്ന ആശങ്കയിലാണു പൂരക്കമ്പക്കാര്‍. നാളെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരമാകും. ഉച്ചയ്ക്കു 12 നു തിരുവമ്പാടിയുടെ മഠത്തില്‍ വരവ്, രണ്ടിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അഞ്ചിനു തെക്കോട്ടിറക്കവും കുടമാറ്റവും തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട് എന്നിവയാണു പൂരത്തിന്റെ മുഖ്യ ആകര്‍ഷണ ഇനങ്ങള്‍.
ഇടുക്കി അയ്യപ്പന്‍ കോവിലില്‍ തോണിത്തടിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പെരിയാറില്‍ മുങ്ങിമരിച്ചു. ചപ്പാത്ത് പൂക്കുളം സ്വദേശി വിബിന്‍ ബിജു മേരികുളം പുല്ലുമേട് സ്വദേശി പി.എസ്. നിഖില്‍ എന്നിവരാണ് മരിച്ചത്.
ലൈംഗിക അതിക്രമം ആരോപിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബിജ് ഭൂഷണ്‍ എംപിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങളുടെ സമരവേദിയിലെ വൈദ്യുതി വിച്ഛേദിച്ചു. സമരം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമെന്ന നിലയിലാണ് വൈദ്യുതി വിച്ഛേദിച്ചത്. സുപ്രീം കോടതി ഇടപെട്ടതിനുശേഷമാണ് ബ്രിജ് ഭൂഷണിനെതിരേ പോലീസ് കേസെടുത്തത്. എന്നാല്‍ അറസ്റ്റു ചെയ്തിട്ടില്ല. പദവി രാജിവയ്ക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതേസമയം, ബിജ് ഭൂഷണ്‍ എഎംഎല്‍എമാരുമൊത്ത് ആഹ്ലാദം പങ്കിടുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമരപ്പന്തലില്‍ എത്തി. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ താരങ്ങള്‍ക്കൊപ്പമാണെന്ന് കെജരിവാള്‍ പറഞ്ഞു.
ബീജദാനത്തിലൂടെ ലോകമെങ്ങുമായി 550 കുട്ടികളുടെ അച്ഛന് ഡച്ച് കോടതിയുടെ വിലക്ക്. നാല്‍പത്തൊന്നുകാരന്‍ ജോനാഥന്‍ ജേക്കബ് മെയ്ജര്‍ എന്നയാളെയാണ് കോടതി വിലക്കിയത്. ഇനിയും ബീജദാനം നടത്തിയാല്‍ 90 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് കോടതി ഉത്തരവിട്ടു. 2007 മുതല്‍ 2017 വരെയാണ് ഇത്രയേറെ ബീജദാനം നടത്തിയത്. അഭിഭാഷക സംഘവും ബീജ ദാതാവില്‍ നിന്ന് ബീജം സ്വീകരിച്ച ഒരു സ്ത്രീയുമാണ് ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.