മോട്ടോര്‍ വാഹന, ട്രാഫിക് നിയമലംഘനം പിടികൂടാന്‍ സ്ഥാപിച്ച ക്യാമറകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ ഒരു മാസത്തേക്കു നടപടി ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മേയ് 19 വരെ ബോധവത്കരണത്തിന് അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ – സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റു പാതകളിലും ക്യാമറ വയ്ക്കുമെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മോട്ടോര്‍ വാഹന നിയമലംഘനം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച 726 കാമറകളുടെ ഇടപാടില്‍ ദുരൂഹതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവരവാകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഇടപാടുകള്‍ സുതാര്യമല്ലാത്തതിനാലാണു വിവരങ്ങള്‍ പുറത്തുവിടാത്തത്. പിഴയില്‍ നിന്ന് വിഐപികളെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലാണ്? പിഴത്തുകയില്‍ എത്ര ശതമാനമാണ് കമ്പനികള്‍ക്കു നല്‍കുന്നതെന്നും വ്യക്തമാക്കണം. ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ നാലു നഗരങ്ങളില്‍ അടക്കം രാജ്യത്തുടനീളം 100 ഫുഡ് സ്ട്രീറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ പദ്ധതിയ്ക്കായി ഒരു കോടി രൂപ വീതം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവാക്കളെ അണിനിരത്തി 25 നു നടത്തുന്ന ‘യുവം’ സംവാദത്തിനു ബദല്‍ പരിപാടികളുമായി സിപിഎമ്മും കോണ്‍ഗ്രസും. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 23 നു സംസ്ഥാന വ്യാപകമായി അഞ്ച് ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിച്ച് റാലി നടത്തും. പ്രധാനമന്ത്രിയോടുള്ള നൂറുമായാണ് റാലി സംഘടിപ്പിക്കുന്നത്. ഇതേസമയം, കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിച്ച് മേയ് 9, 10 തീയതികളില്‍ ചരല്‍കുന്നില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
ലൈഫ് മിഷന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അന്തിമ കുറ്റപത്രത്തില്‍ എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കി. കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വപ്ന സുരേഷിനെ അറസ്റ്റു ചെയ്യാത്തതെന്തുകൊണ്ട് എന്നു കോടതി ചോദിച്ചതിനു പിറകേയാണ് സ്വപ്‌നയെകൂടി ഉള്‍പെടുത്തി കുറ്റപത്രം നല്‍കിയത്. സന്തോഷ് ഈപ്പനടക്കം 11 പ്രതികളാണുള്ളത്.
തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍ ഹൈക്കോടതിയെ സമീപിച്ചു. ചട്ടങ്ങള്‍ പാലിക്കാതെ മയക്കുവെടി വച്ചതിന് ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ ആവശ്യം.
വയനാട് തൃക്കൈപ്പറ്റയില്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ് പണിക്കരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന കേസില്‍ പ്രതി നെല്ലിമാളം സ്വദേശി ജോസിനെ റിമാന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു വനിതാ ഓഫീസര്‍.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിഎസ് സി ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ അന്വേഷണ സംഘം പിഴവുകള്‍ തിരുത്തി സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ആദ്യം സമര്‍പിച്ച കുറ്റപത്രം കോടതി തള്ളിയിരുന്നു. പ്രതികള്‍ 29 നു ഹാഡജരാകണം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അരിക്കൊമ്പന്‍ കാട്ടാനയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇടുക്കിയില്‍ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീന്‍ അധ്യക്ഷനായാണ് ഫോഴ്‌സ്. മൂന്നാര്‍ ഡിഎഫ്ഒ, ദേവികുളം സബ് കളക്ടര്‍, ശാന്തന്‍പാറ എസ്എച്ചഒ, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും യുഡിഎഫും വിട്ട ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ച് ഷിബു ബേബി ജോണ്‍. ഇ-വേസ്റ്റ് കാണുമ്പോള്‍ നല്ല ലുക്കായിരിക്കും പക്ഷേ ഉപയോഗശൂന്യമാണ്. മാലിന്യങ്ങള്‍ പുറത്തു പോകുന്നതില്‍ സന്തോഷമുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഫയലുകള്‍ നീങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായ കുറ്റസമ്മതമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന കുറ്റസമ്മതമാണ് മുഖ്യമന്ത്രി നടത്തിയത്. നരേന്ദ്രമോദിയുടെ കാര്‍ബണ്‍ കോപ്പിയാണ് പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ വിശദമായ കുറ്റപത്രം തയ്യാറാക്കി വിശകലനം ചെയ്യുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ യാത്രയപ്പ് നല്‍കിയതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നു വ്യവസായമന്ത്രി പി രാജീവ്. ചീഫ് ജസ്റ്റിസിനു പല സംസ്ഥാനങ്ങളിലും വിരുന്നു നല്‍കാറുണ്ട്. പുകമറ സൃഷ്ടിക്കാനാണ് സുപ്രീം കോടതിയിലേക്കു പരാതി നല്‍കിയതെന്നും മന്ത്രി.
സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈര്‍ ഹുദവി (48) ജിദ്ദയില്‍ നിര്യാതനായി.
കേരളത്തിലെ കറിപൗഡര്‍ ബ്രാന്‍ഡ് ബ്രാഹ്‌മിണ്‍സിനെ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുക്കുന്നു. നിറപറയെ നേരത്തെ വിപ്രോ ഏറ്റെടുത്തിരുന്നു.
വീട്ടില്‍ കഞ്ചാവ് വിറ്റ സ്ത്രീയെ കാട്ടാക്കട എക്‌സൈസ് പിടികൂടി. മാറനല്ലൂര്‍ അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തന്‍ വീട്ടില്‍ വത്സല (45) ആണ് പിടിയിലായത്.
കോഴിക്കോട് നല്ലളത്ത് അച്ഛനും രണ്ടു മക്കളും അടങ്ങുന്ന നാലംഗ വാഹനമോഷണ സംഘം പിടിയിലായി. കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ്, ഫറോക്ക് സ്വദേശി ഫൈസല്‍, മക്കളായ ഷിഹാല്‍, ഫാസില്‍ എന്നിവരാണ് പിടിയിലായത്.
രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശം മോദിയെന്ന പേരുള്ളവര്‍ക്കെല്ലാം മാനഹാനിയുണ്ടാക്കുന്നതാണെന്ന് സൂററ്റ് ജില്ലാ കോടതി. പൊതുപ്രവര്‍ത്തകനായ പൂര്‍ണേഷ് മോദിക്കും അപകീര്‍ത്തിയുണ്ടായെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിരീക്ഷണം ജില്ലാ കോടതി ശരിവച്ചു. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് ജില്ലാ ജഡ്ജി ആര്‍എസ് മൊഗേരയുടെ വിധിയിലാണ് ഈ പരാമര്‍ശം. സ്റ്റേ നല്‍കിയാല്‍ കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
അപകീര്‍ത്തി കേസില്‍ വ്യക്തിപരമായി പരാമര്‍ശിക്കപ്പെട്ട ആളായിരിക്കണം പരാതിക്കാരനെന്നാണ് അടിസ്ഥാന നിയമമെന്ന് കോണ്‍ഗ്രസ്. അപ്പീല്‍ തള്ളിയ സൂററ്റ് സെഷന്‍സ് കോടതി വിധി നിയമപരമല്ല. മേല്‍കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.
ഖാലിസ്ഥാന്‍ വാദി നേതാവും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍ സിംഗിന്റെ ഭാര്യയെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ലണ്ടനിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ ഭാര്യ കിരണ്‍ ദീപ് കൗറിനെയാണ് കസ്റ്റഡിയിലെടുത്തത്.
ബുദ്ധന്റെ ആശയങ്ങള്‍ മനുഷ്യത്വത്തെ ഒരൊറ്റ നൂലില്‍ ബന്ധിപ്പിക്കുന്നതാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ആഗോള ബുദ്ധ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുദ്ധന്‍ വ്യക്തിക്ക് അതീതമായ ഒരു ചിന്താധാരയാണ്. അതിഥികള്‍ ദൈവത്തിനു തുല്യരാണെന്ന തത്ത്വമാണ് ഇന്ത്യ പിന്തുടരുന്നതെന്നും മോദി പറഞ്ഞു.
ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ 68 പ്രതികളെയും അഹമ്മദാബാദ് സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടു. തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി മുന്‍മന്ത്രി മായാകോട്‌നാനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത്. ഗുജറാത്ത് കലാപകാലത്ത് നരോദ ഗാമില്‍ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലാണ് 13 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ വിധി പ്രസ്താവിച്ചത്. ആകെ 86 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ വിചാരണ കാലത്ത് മരിച്ചു.
ജമ്മു കാഷ്മീരില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തിനു തീപിടിച്ച് നാലു സൈനികര്‍ മരിച്ചു. കരസേനയുടെ ട്രക്കിന് പൂഞ്ച്-ജമ്മു ദേശീയപാതയിലാണ് തീപിടിച്ചത്.
ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര മുംബൈയില്‍ അന്തരിച്ചു. 74 വയസായിരുന്നു. വിഖ്യാത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു.
കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്‍ മരിച്ച നിലയില്‍. പ്രശസ്ത ബോയ് ബാന്‍ഡായ ‘ആസ്‌ട്രോ’യിലെ അംഗമാണ് ഇരുപത്തഞ്ചുകാരനായ മൂണ്‍ബിന്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഗന്‍ഗ്‌നം ഡിസ്ട്രിക്റ്റിലെ വീട്ടില്‍ മരിച്ചു കിടക്കുന്നതായാണു കണ്ടെത്തിയത്.
സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ കനത്ത ആലിപ്പഴ വര്‍ഷം. റോഡുകളില്‍ അട്ടിയായി മഞ്ഞടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പട്ടണത്തിന്റെ വടക്ക് ഭാഗങ്ങളിലെ റോഡുകളിലാണ് പ്രധാനമായും ഈ മഞ്ഞുവീഴ്ചയുണ്ടായത്.