Untitled design 20250112 193040 0000

 

 

എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം ആണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നിയമ ഭേദഗതി പരിഷ്കാരം അല്ല, ആക്രമണം ആണ്. ക്രിസ്തീയ സഭയെ മാത്രമല്ല, പൊതു സമൂഹത്തെയാണ് ആക്രമിക്കുന്നത്. വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ച പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്നും മല്ലികാർജുൻ ഖർ‌​ഗെ പറഞ്ഞു.

 

 

കേരളത്തിൽ ഇതുവരെ 58 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിലാണ് ഇത്രയധികം വസ്തുക്കള്‍ പിടിച്ചെടുത്തത്.തുടർന്നും പരിശോധനകൾ കർശനമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 651.51 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയിട്ടുണ്ട്.

 

ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ കേരളത്തിൽ ഭരണത്തിലെത്തിയാൽ രണ്ട് വര്‍ഷത്തിനുള്ളിൽ എയിംസിന്‍റെ പണി തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു. കുന്നത്തുനാടിൽ ട്വന്‍റി20 സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. എറണാകുളം ജില്ലയിലെ ട്വന്‍റി20 സ്ഥാനാർഥികൾ എല്ലാവരും പരിപാടിയിൽ പങ്കെടുത്തു.

 

എൻഡിഎക്ക് വേണ്ടി പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി കോൺഗ്രസിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ചു. കോങ്ങാട് എംഎൽഎ ശാന്തകുമാരിയും പാലക്കാട്‌ എംപി ശ്രീകണ്ഠനും മണ്ഡലത്തിനും ജനങ്ങൾക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി.സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് 2500 രൂപ എല്ലാ മാസവും നൽകുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.

 

സംസ്ഥാനത്തെ കഴിഞ്ഞ 10 വ‍ഷത്തെ വികസന കുതിപ്പ് ഉയർത്തിക്കാട്ടി എൽഡിഎഫ്. വ്യവസായ മേഖലയിൽ കേന്ദ്ര സർക്കാരിന്റേതടക്കം ബഹുമതികളും അംഗീകാരങ്ങളും നേടിയ 10 വർഷമാണ് കടന്നു പോയതെന്നും കേന്ദ്രസര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്കാരങ്ങളുടെ റാങ്കിംഗില്‍ വന്‍ മുന്നേറ്റമാണ് കേരളം ഉണ്ടാക്കിയതെന്നും എൽഡിഎഫ് അവകാശപ്പെട്ടു.

 

തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം നടത്തി എന്നാരോപിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കിറ്റ് നല്‍കിയവര്‍ ഇപ്പോഴും പുറത്താണെന്നും പ്രശ്നം ചൂണ്ടിക്കാട്ടിയവരെ അകത്താക്കുന്നുവെന്നും ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു.

 

വോട്ടിന് വേണ്ടി ബിജെപി കിറ്റ് നൽകിയെന്ന വിവാദത്തെക്കുറിച്ച് തനിക്കറിയില്ലെന്നും എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. എൽഡിഎഫിന്റെ വ്യാജ പരാതിയാണിത്. താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുകയെന്നും പത്മജ വേണുഗോപാൽ ചോദിച്ചു. അതേസമയം ഇത് തെറ്റായ വർത്തയാണെന്നും അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടുവ രുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലമാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു

 

വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ ദേവൻ. നേരത്തെ ചാർട്ട് ചെയ്ത പരിപാടികൾക്കായാണ് താൻ വാടാനപ്പള്ളിയിൽ എത്തിയതെന്ന് ദേവൻ പറഞ്ഞു. കോൺഗ്രസിന്‍റേത് പരാജയഭീതി മൂലമുള്ള നാടകമാണ്. താൻ പങ്കെടുക്കുന്ന യോഗങ്ങളിൽ സ്ത്രീകളുടേത് അടക്കം വലിയ രീതിയിലുള്ള ആൾക്കൂട്ടം ഉണ്ടായിരുന്നു. ഇതുകണ്ട് ഭയന്നാണ് ടി എൻ പ്രതാപൻ എത്തിയതെന്നും ദേവൻ പറഞ്ഞു.

 

തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തി കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവ് ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തീർത്തു .സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തിൽ സത്യമില്ലെന്നും സത്യം ഇല്ലാത്തതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നിങ്ങൾ കുറേ പേരെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ആരോപിച്ച സുരോഷ് ഗോപി, എന്നെ കുറെനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേ എന്നും ചോദിച്ചു.

 

മതം പറഞ്ഞ് വോട്ടുതേടുന്നതിനെ എതിർത്ത് ആരോ​ഗ്യപ്രവർത്തകയും ഡോക്ടറുമായ ഷിംന അസീസ്. എന്തൊരു മോശമാണ്‌ ആളുകളെ മുഅ്‌മിനും മുനാഫിഖും കാഫിറുമൊക്കെ ആക്കി തരം തിരിക്കുന്നതെന്നും തോന്നിവാസമാണെന്നും അവർ പറഞ്ഞു. എത്തിക്‌സോടെ രാഷ്‌ട്രീയം പറയട്ടെ, വോട്ട്‌ നേടേണ്ടത്‌ അങ്ങനെയാണ്‌, വർഗീയത പറഞ്ഞിട്ടല്ല. പടച്ചോൻ്റെ പണി പടച്ചോൻ എടുത്തോളും. ഈ ലെവലിലേക്ക്‌ തരംതാഴരുതെന്നും ഇവർ പറഞ്ഞു.

 

വീണ്ടും ഡീൽ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ൽ എൽഡിഎഫിന് തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീൽ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്താകെ വോട്ട് കച്ചവടമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 

ലൈംഗികാതിക്രമക്കേസില്‍ സംവിധാകന്‍ രഞ്ജിത്തുമായി പൊലീസിന്‍റെ തെളിവെടുപ്പ്. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലുമെത്തിച്ച് തെളിവെടുത്തു. നാളെ വരെ കസ്റ്റഡിയുണ്ടെങ്കിലും ഇന്ന് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതോടെ വീണ്ടും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യു. സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് നിർദേശം നൽകിയെന്നാണ് സി പി മാത്യു പറഞ്ഞത്. പ്രസംഗത്തിനിടെയാണ് മാത്യുവിന്‍റെ വിവാദ പ്രസ്താവന. വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്.

 

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പികെ ശശി. അവനോടൊക്കെ എന്ത് മറുപടി പറയാനാണെന്നും അവനെ വലിയ ആളായി കാണുന്നില്ലെന്നും പികെ ശശി തുറന്നടിച്ചു.പാർട്ടിക്ക് വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടുമെന്നും പി. കെ. ശശി വെല്ലുവിളിച്ചു.രേഖകളിൽ കൃത്രിമത്വം കാണിച്ചെങ്കിൽ അത് തെളിയിക്കാൻ താൻ വെല്ലുവിളിക്കുകയാണെന്നും പികെ ശശി പറഞ്ഞു.

 

വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുമെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും പുതിയ കാര്യമല്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പേരാമ്പ്രയിൽ വെൽഫയർ പാർട്ടി കൺവെഷനിൽ യുഡിഎഫ് സ്ഥാനാർഥി പങ്കെടുക്കാതിരുന്നത് ശ്രദ്ധയിൽപ്പെടുത്തിയ വേളയിൽ അതിൽ വലിയ കാര്യമൊന്നുമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

 

പിഷാരടി തോറ്റാൽ വീണ്ടും പാലക്കാട് എത്താമെന്ന് ഷാഫിക്ക് വ്യാമോഹമുണ്ടെന്നും, പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തലാണ് ഷാഫിയുടെ ലക്ഷ്യം. എന്നാൽ ഷാഫിയുടെ കുതന്ത്രം പാലക്കാട് നടക്കില്ല. ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ബന്ധമുണ്ട്. ഇത് കൊങ്ങാടും മലമ്പുഴയിലും വ്യക്തമാണെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.

 

ആവശ്യപ്പെട്ട പേര് ബാലറ്റിൽ പരിഗണിച്ചില്ലെന്ന് പരാതിയുമായി തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി വീണ്ടും ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഇക്കാര്യം വീണ്ടും കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ബാലറ്റിൽ പേര് ഉൾപ്പെടുത്തുന്നത് പരിഗണിക്കണ‌മെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകാൻ സമയം വൈകി എന്ന കാരണത്തിൽ വാരണാധികാരി പേരുമാറ്റം അംഗീകരിച്ചില്ല. ഇതിനെതിരെയാണ് അഞ്ജലി നായർ വീണ്ടും കോടതിയെ സമീപിക്കുന്നത്.

 

ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നടപടി പ്രഖ്യാപിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും.

 

ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തന്റെ സത്കീര്‍ത്തി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയൽ ചെയ്തത്.

 

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ജി എസ് ശരണ്യയെ വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ചു. നാല് നാൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് ശരണ്യയെ തിരിച്ചെത്തിച്ചത്. താന്‍ ആരോഗ്യവതിയാണെന്ന് ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.ശരണ്യയുടെ ആരോഗ്യനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

അധികാരത്തിൽ എത്തിയാൽ കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം നടത്തുമെന്നും അവസാനകാലത്ത് കരുണാനിധിയോട് സ്റ്റാലിൻ മോശമായി പെരുമാറി, അഴഗിരിയും എ രാജയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കരുണാനിധി മരിച്ചത് 2018 ഓഗസ്റ്റിലാണ്, അദ്ദേഹത്തെ സ്റ്റാലിൻ വീട്ടുതടങ്കലിൽ ആക്കി എന്നുൾപ്പെടെയുള്ള വിവാദ പരാമർശങ്ങളാണ് പളനിസ്വാമി നടത്തിയത്.

 

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ അടിത്തറയുണ്ടാക്കാൻ ടി.വി.കെ. പ്രധാന കക്ഷികൾ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപനം നടത്തിയ ടിവികെ ബദൽ രാഷ്ട്രീയ കക്ഷിയായി പുതുച്ചേരിയിൽ വളരാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൂറ്റൻ തെരഞ്ഞെടുപ്പ് റാലി നടത്തുന്ന ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റിൽ മത്സരിക്കുന്ന ടി.വി.കെ എല്ലാ സീറ്റിലും വിജയം ഉറപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

കുവൈത്തിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളിലും മന്ത്രാലയ സമുച്ചയത്തിലും ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ആസ്ഥാനത്തും രണ്ട് വൈദ്യുതി-ജല പ്ലാന്റുകളിലും ആക്രമണം നാശനഷ്ടമുണ്ടാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ഉത്പാദനം തടസ്സപ്പെടുകയും ചെയ്തു.

 

ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു.

 

ഇറാൻ വെടിവെച്ച് തകർത്ത യുഎസ് യുദ്ധവിമാനം എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിൾ ജെറ്റിൽ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ധീരമായ നീക്കത്തിനൊടുവിൽ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങൾക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ- ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്‍റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്.

 

ലാൻഡിങ്ങിന് ശ്രമിക്കവെ ചെറു വിമാനം റസ്റ്റൊറന്‍റിന് മുകളിലേക്ക് തകർന്നു വീണ് നാല് പേർ കൊല്ലപ്പെട്ടു. തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ ആണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രാദേശിക സമയം രാവിലെ 10.30നു ശേഷമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.

 

ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യ. ഇറാനിൽ നിന്ന് ഇതു വരെ എത്തിയത് ഒരു എൽപിജി ടാങ്കറാണ്. കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്.റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു.

 

ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ചയ്ക്കകം കടലിടുക്ക് തുറന്നില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ആവർത്തിച്ചു. വരാനിരിക്കുന്ന ചൊവ്വാഴ്ചയെ ‘പവർ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ് ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന സൂചനയാണ് നൽകിയത്.

 

പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചതോടെ നേപ്പാളിൽ സർക്കാർ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച കാഠ്മണ്ഡുവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശനിയും ഞായറും അവധി നൽകാൻ തീരുമാനിച്ചത്. ഇന്ധന വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 6 മുതൽ പുതിയ തീരുമാനം നിലവിൽ വരും.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *