കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ. നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് അവർ പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിൻ്റെ പ്രതികരണം.
വാഴ്ത്തുപാട്ട് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ രംഗത്ത്.’ പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ’.കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്തിട്ടുണ്ടോ.നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.മക്കൾക്ക് വേണ്ടി കോടാനുകോടി കട്ട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.നാടിനും നാട്ടുർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു.
നെടുമങ്ങാട് അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസിൻ്റെ ഫിറ്റ്നസും ആർസിയും റദ്ദാക്കി. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ 60 വയസുള്ള ദാസിനി മരിച്ചിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
വന്ദേ ഭാരതിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ച സംഭവത്തിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മതസ്പർധയോടെ സംസാരിച്ചത്. വന്ദേഭാരതിനെ എതിർത്തവർ ഇപ്പോൾ ഇതിൽ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. സംഭവത്തിൽ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.
താമരശ്ശേരി കൈതപ്പൊയിലിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകൻ 25 വയസുള്ള ആഷിഖിനെ തെരച്ചിലിനൊടുവിൽ വീട്ടിനകത്ത് നിന്ന് പിടികൂടി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം.
വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.
പാലക്കാട് മണ്ണാ൪ക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭ൪ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം വീതം പിഴയും. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചുമകൻ ബഷീറിനും ഭാര്യ ഫസീലയ്ക്കുമാണ് മണ്ണാ൪ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷ വിധിച്ചത്.
ഡ്രൈവര്‍മാര്‍ നന്നാവുകയും മനസ് വെക്കുകയും വേണം, എന്നാല്‍, ഡീസല്‍ ചെലവില്‍ പ്രതിവര്‍ഷം 77 കോടി രൂപ ലാഭിക്കാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസം വിവിധ യൂണിറ്റിലേക്ക് അയച്ച സര്‍ക്കുലറിലാണ് ഈ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എയ്‌റോ ഇന്ത്യ ഷോ നടക്കുന്നതിനാൽ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിലോമീറ്റർ പരിധിയിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ . ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയ്ക്കാണ് നിയന്ത്രണം.
ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.
ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടിനുള്ളില്‍ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഢില്‍ നിന്ന് പിടികൂടി. 31 കാരനായ ആകാഷ് കൈലാഷ് കന്നോജിയയാണ് പിടിയിലായത്. മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്പിടികൂടിയത്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന് തരൂര്‍ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ എക്‌സിലൂടെയാണ് തരൂരിന്റെ പ്രതികരണം.