പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിൽ ഇന്ന് റെയ്ഡ് നടത്തി ദേശീയ അന്വേഷണ സംഘം. ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ റെയ്ഡ്. പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നു. ദില്ലിയിൽ നിന്നടക്കം എൻഐഎ ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തിയത്. കേരള പൊലീസും റെയ്ഡിൽ ഭാഗമായി.
സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്തംബറിൽ നടന്ന റെയ്‌ഡ് കേന്ദ്രസേനകളുടെ സഹായത്തോടെ ആയിരുന്നു. ഇത്തവണ കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്.