സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ് പൂർത്തിയായി വരുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ.ചിങ്ങം ഒന്നിന് ശേഷം വിതരണം തുടങ്ങും. തുണി സഞ്ചി അടക്കം 14 ഉത്പന്നങ്ങളുള്ള ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്.
കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നോട് വ്യക്തിപരമായ വിവരങ്ങൾ തേടിയെന്ന് മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, കുടുംബങ്ങളുടെയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വത്തുവിവരം, വിദേശായാത്രാ വിവരം, ഡയറക്ടർ ആയി ഇരിക്കുന്ന കമ്പനികളുടെ ആസ്തി, മസാല ബോണ്ട് ഇഷ്യ ചെയ്ത കിഫ്ബിയിലെ റോൾ തുടങ്ങി 13 കാര്യങ്ങൾ ഇഡി തേടിയെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. കേസിന്റെ നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്നും ജഡ്ജി വിമർശിച്ചു.അതേസമയം വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് മാറണമെന്ന് ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ഇന്നും ആവർത്തിച്ചു.
കെ എസ് ആര്‍ ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ കടുത്ത വിമർശനവുമായി ഹൈക്കോടതി.സി എം ഡി ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10 നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ശമ്പളം വിതരണം നീണ്ടാല്‍ സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
ഇന്ന് തിയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’നെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു.
പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് ഉന്നത നേതാവായ അനുബ്രത മൊണ്ഡാലിനെ സിബിഐ അറസ്റ്റ് ചെയ്തു. മമതാ ബാനർജിയുടെ വിശ്വസ്തനായ അനുബ്രതയെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി ഹാജരാകാൻ നിരവധി തവണ സമൻസുകൾ നൽകിയെങ്കിലും ഹാജാരാകാത്തതിനെ തുടർന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്.
കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എൻ പി എസ് എൽ പി എസ് സ്കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു. കുട്ടികൾക്ക് ചായ ഇടുന്നതിന് അടുപ്പ് കത്തിച്ചപ്പോഴാണ് ഗ്യാസ് സ്റ്റൗവിൽ തീ ആളി പടർന്നത്. പെട്ടെന്ന് തന്നെ കായംകുളം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു. പാചകപ്പുര സ്കൂൾ കെട്ടിടത്തിന് 20 മീറ്റർ മാറിയാണ് . ഇതുമൂലം വലിയ ദുരന്തം ഒഴിവായി.