യുഡിഎഫ് മുന്നണി വിപുലീകരിക്കണമെന്ന് കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരം. എല്‍ഡിഎഫിലെ പല ഘടകകക്ഷികളും അസംതൃപ്തരാണ്. യുഡിഎഫ് വിട്ടുപോയ ജോസ് കെ മാണിയേയും കൂട്ടരെയും തിരിച്ചു കൊണ്ടുവരണം. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണെന്ന ഊന്നലോടെ പ്രചാരണം വേണം. ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തണം. പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കണം. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തില്‍ അഴിച്ചു പണി നടത്തണമെന്നും ചിന്തന്‍ ശിബിര്‍ നിര്‍ദേശിച്ചു.
കെപിസിസി പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നു. ജയ് ഹോ എന്ന പേരിലാണ് റേഡിയോ ചാനല്‍ തുടങ്ങുക. ഓഗസ്റ്റ് 15 നു റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം.
ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 99.38 ശതമാനം വിജയം. മെറിറ്റ് പൊസിഷനില്‍ രണ്ടാം സ്ഥാനത്ത് രണ്ടു മലയാളികളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്.
വിധവ വിവാദത്തില്‍ സിപിഎം നേതാവ് എംഎം മണിയെ വിമര്‍ശിച്ച സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിനു ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ സ്പീക്കര്‍ തെറ്റാണെന്നു പറഞ്ഞ് നിയമസഭാരേഖകളില്‍നിന്നു നീക്കുകയും മണി ഖേദം പ്രകടിപ്പിച്ച് പിന്‍വലിക്കുകയും ചെയ്ത പരാമര്‍ശത്തെക്കുറിച്ചാണു കാനം ഇങ്ങനെ പ്രതികരിച്ചത്. കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നെന്നും സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രസംഗിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് സമരത്തിലേക്ക്. ഇന്നു രാവിലെ പത്തിന് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കളേക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. ഇതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് അപമാനമാണെന്ന് മുസ്ലീംലീഗ് ജില്ല അധ്യക്ഷന്‍ എ.എം. നസീര്‍ പറഞ്ഞു.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പലതവണ പീഡിപ്പിച്ച രണ്ടു കേസുകളില്‍ പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒന്‍പതും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്.
കോഴിക്കോട് അത്തോളിയിലെ ഏഴു വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മയെ കസ്റ്റഡിയിലെടുത്തു. അമ്മ മനോരോഗത്തിനു ചികിത്സ തേടുന്നയാളാണെന്ന് പൊലീസ്.
മകള്‍ അനധികൃത ബാര്‍ നടത്തിപ്പുകാരിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വക്കീല്‍ നോട്ടീസ്. പവന്‍ ഖേര, ജയ്‌റാം രമേശ്, നെട്ട ഡിസൂസ എന്നിവര്‍ക്കാണ് നോട്ടീസയച്ചത്.
ചൈനീസ് കമ്പനിയില്‍നിന്ന് ട്രെയിന്‍ ചക്രങ്ങളും ആക്‌സിലുകളും വാങ്ങുന്നു. ഹോങ്കോംഗ് ആസ്ഥാനമായുള്ള ടി ഇസഡ് എന്ന സ്ഥാപനത്തിന് 500 കോടി രൂപയുടെ മൂന്നു കരാര്‍ നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാലാ റോയിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍ഡിഗോ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനായ യാത്രക്കാരനു പ്രഥമ ശുശ്രൂഷ നല്‍കിയത് വിമാനത്തിലെ യാത്രക്കാരിയായ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍. ഡല്‍ഹിയില്‍നിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ആരോഗ്യപ്രശ്‌നം നേരിട്ടത്. ഉടന്‍ തന്നെ ഡോക്ടര്‍ കൂടിയായ സൗന്ദര്‍രാജന്‍ സഹായത്തിനെത്തുകയായിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ പരിസ്ഥിതി ദിന പരിപാടിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ബാനര്‍ സ്ഥാപിച്ച് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന. നീക്കം ചെയ്താല്‍ അറസ്റ്റു ചെയ്യുമെന്ന ഭീഷണിയും. പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പരിസ്ഥിതി മന്ത്രിയും പരിപാടി ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലാണ് ഗവര്‍ണര്‍ ബാനര്‍ കെട്ടിച്ച് അലങ്കോലമാക്കിയത്.
ബംഗാള്‍ സ്‌കൂള്‍ നിയമന അഴിമതികേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്ത അര്‍പിത മുഖര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയില്‍നിന്നും ചോദ്യങ്ങളില്‍നിന്നും ഒഴിവാകാനുള്ള തന്ത്രമാണെന്ന് ഇഡി സംശയിക്കുന്നു. അതിനാല്‍ ചികിത്സ ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.