ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡാന്‍സ് പാര്‍ട്ടി’യിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘കൂകി പായും’ എന്നു തുടങ്ങുന്ന ആഘോഷപ്പാട്ടാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. എ.കെ.മേനോനും സോഹന്‍ സീനുലാലും ചേര്‍ന്നു വരികള്‍ കുറിച്ച ഗാനം ജാസി ഗിഫ്റ്റ്, മോഹ, വി3കെ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു. വി3കെ ആണ് ഈണമൊരുക്കിയത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ‘ഡാന്‍സ് പാര്‍ട്ടി’യിലെ നാലാമത്തെ ഗാനമാണിത്. നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജിബാലും രാഹുല്‍ രാജും ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കുന്നുണ്ട്. റാപ്പര്‍ ഫെജോ, നിഖില്‍.എസ്.മറ്റത്തില്‍, സന്തോഷ് വര്‍മ എന്നിവരാണ് ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്തണി, ശ്രദ്ധ ഗോകുല്‍, പ്രീതി രാജേന്ദ്രന്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡാന്‍സ് പാര്‍ട്ടി’.