ഈച്ചയും മനുഷ്യരുമായുള്ള അപൂര്‍വ്വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രമാണ് ‘ലൗലി’. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ബബിള്‍ പൂമൊട്ടുകള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് വിഷ്ണു വിജയ് ആണ്. സുഹൈല്‍ കോയ ആണ് രചന. കപില്‍ കപിലന്‍, വിഷ്ണു വിജയ് എന്നിവരാണ് ആലാപനം. ചിത്രം ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയില്‍ സജീവമായ ഒരു താരമാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്.