അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ഓടാം. അതിവേഗ ചാര്‍ജിംഗ് സംവിധാനത്തിലൂടെ വാഹന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ബി.വൈ.ഡിയെന്ന ചൈനീസ് കമ്പനി. ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്ന സമയം കൊണ്ട് ഇ.വികള്‍ ഫുള്‍ ചാര്‍ജാക്കി യാത്ര തുടരാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതുവഴി ഇ.വി ഉപയോക്താക്കള്‍ അനുഭവിക്കുന്ന റേഞ്ച് ഉത്കണ്ഠ ഒരു പരിധി വരെ ഇല്ലാതാക്കാമെന്നും കമ്പനി പറയുന്നു. പുതുതായി വികസിപ്പിച്ച ലിക്വിഡ് കൂള്‍ഡ് മെഗാവാട്ട് ഫ്ളാഷ് ചാര്‍ജിംഗ് ടെര്‍മിനല്‍ സംവിധാനമാണ് മിന്നല്‍ വേഗത്തില്‍ ചാര്‍ജിംഗ് സാധ്യമാക്കുന്നത്. 1,000 കിലോവാട്ട് വേഗതയില്‍ ചാര്‍ജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയാണിത്. സാക്ഷാല്‍ ഇലോണ്‍ മസ്കിന്റെ ടെസ്ലക്ക് പോലും 500 കിലോവാട്ടില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ ആയിട്ടില്ല. ചൈനയിലാകെ 4,000 അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ബി.വൈ.ഡി അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ബി.വൈ.ഡി തന്നെ വികസിപ്പിച്ച നെക്സ്റ്റ് ജെനറേഷന് ആട്ടോമോട്ടീവ് ഗ്രേഡ് സിലിക്കോണ്‍ കാര്‍ബൈഡ് പവര്‍ ചിപ്പുകളും അതിവേഗ ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1,500 വോള്‍ട്ട് വോള്‍ട്ടേജ് റേറ്റിംഗുള്ള ഈ ചിപ്പ് വാഹനലോകത്ത് തന്നെ ആദ്യമാണ്. എന്നാല്‍ ബാറ്ററിയിലേക്ക് കൂടുതല്‍ അളവില്‍ കറന്റ് നല്‍കുന്നത് ബാറ്ററി ചൂടാകാനും അപകടങ്ങള്‍ക്കും കാരണമായേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
മിന്നല്‍ വേഗത്തില്‍ ചാര്‍ജിംഗ് സാധ്യമാക്കി ബി.വൈ.ഡി
