മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘എസ്എസ്എംബി 29’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി. നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് രാജമൗലി. ബിഗ് ബജറ്റ് ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്ററാണ് സംവിധായകന്‍ പുറത്തുവിട്ടത്. ഗ്ലോബ് ട്രോട്ടര്‍ അഥവാ ലോകം ചുറ്റുന്നവന്‍ എന്നാണ് മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ വിശേഷിപ്പിച്ചത്. പ്രീ-ലുക്ക് പോസ്റ്ററില്‍ നായകന്റെ നെഞ്ചിന്റെ ഭാഗത്തിന്റെ ക്ലോസപ്പ് ഷോട്ടാണ് കാണിക്കുന്നത്. രാജമൗലി ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ വില്ലനായി പൃഥ്വിരാജ് സുകുമാരനാണ് വേഷമിടുന്നത്. പ്രിയങ്ക ചോപ്ര ചിത്രത്തില്‍ നായികയായി എത്തും. ദുര്‍ഗ ആര്‍ട്സിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് കെ എല്‍ നാരായണന്‍ ഒരുക്കുന്ന ഈ ബിഗ് എന്റര്‍ടെയ്നര്‍ 1000 കോടി ബജറ്റിലാണ് എടുക്കുന്നത്. ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എം എം കീരവാണിയാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് സംഗീതം നല്‍കുന്നത്.