ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന കണ്ടെത്തലുമായി ലോകാരോഗ്യ സംഘടന. ഇതുസംബന്ധിച്ച പഠനവും ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ലാന്‍സെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകള്‍ പ്രകാരം മൂന്നിലൊരാള്‍ എന്ന നിലയ്ക്ക് നാഡീരോഗങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ചികിത്സ ലഭ്യമാകുന്നതിനുള്ള അന്തരം പ്രധാനപ്രശ്നമായി നിലകൊള്ളുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. 1990 മുതലുള്ള കണക്കെടുത്താല്‍ നാഡീസംബന്ധമായ തകരാറുകള്‍ മൂലമുള്ള രോഗങ്ങള്‍, അകാലമരണം തുടങ്ങിയവ പതിനെട്ടു ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്. പക്ഷാഘാതം, നിയോനേറ്റല്‍ എന്‍സെഫലോപ്പതി, മൈഗ്രെയിന്‍, ഡിമെന്‍ഷ്യ, ഡയബറ്റിക് ന്യൂറോപ്പതി, മെനിഞ്ചൈറ്റിസ്, എപിലെപ്സി, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍, നെര്‍വസ് സിസ്റ്റം കാന്‍സേഴ്സ് തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടനയുടെ 2021-ലെ കണക്കുകള്‍ പ്രകാരം ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമായിട്ടുള്ള നാഡീസംബന്ധമായ തകരാറുകള്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് നാഡീസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, മൈഗ്രെയിന്‍, ഡിമെന്‍ഷ്യ തുടങ്ങിയവ കൂടുതലുള്ളത് സ്ത്രീകളിലുമാണ്. പ്രമേഹം മൂലം നാഡികള്‍ തകരാറിലാകുന്ന ഡയബറ്റിക് ന്യൂറോപ്പതി ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്.