ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ദ്രോണാചാര്യ സന്ദർശിക്കാനെത്തിയ രാഷ്ട്രത്തിന്റെ പ്രഥമ വനിതയ്ക്ക് കരവിരുതുകളേറെയുള്ള അമ്പും വില്ലുമേന്തിയ ദ്രോണാചാര്യരുടെ സുവർണശിൽപ്പമാണ് ഉപഹാരമായി നൽകിയത്.ചെറു ആയുധങ്ങൾ, നാവിക മിസൈലുകൾ, പീരങ്കികൾ, റഡാർ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രതിവർഷം 820 ഓഫീസർമാർക്കും 2100 റേറ്റിങ്ങുകൾക്കും പരിശീലനം നൽകുന്ന ഐ എൻ എസ് ദ്രോണാചാര്യയിൽ സന്ദർശനം നടത്തിയ രാഷ്ട്രപതിക്ക് ഏറ്റം ഉചിതമായ സമ്മാനമായി മാറി ഈ ശിൽപ്പം. ഐ എൻ എസ് ദ്രോണാചാര്യയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നേവിയിലെ നാല് ഉദ്യോഗസ്ഥർ ചേർന്നാണ് ഉപഹാരം കൈമാറിയത്.പറക്കാട്ട് ജ്വല്ലറി ഉടമ പ്രീതിപ്രകാശാണ് ഈ ശിൽപ്പം രൂപകൽപ്പന ചെയ്തത്.നേവിയുടെ കൊടിയും മിസൈലും തോക്കും എല്ലാം ശിൽപത്തിലുണ്ട്. നിർമാണ രീതി ശിൽപത്തിന് പിന്നിൽ കൊത്തി വെച്ചിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുൾപ്പെടെ മറ്റു വിശിഷ്ട വ്യക്തികൾക്ക് ഇതിന്റെ ചെറുപതിപ്പുകളും സമ്മാനിച്ചു. വളരെ അപ്രതീക്ഷിതമായാണ് ഈ ദൗത്യം ഏറെറടുത്തതെന്ന് പറയുന്ന പ്രീതി താൻ ഡിസൈൻ ചെയ്ത ശില്പങ്ങൾ ശ്രദ്ധയിൽപ്പെട്ട നേവി അധികൃതർ, നാവിക ആസ്ഥാനത്തേക്കു വിളിപ്പിക്കുകയും തുടർന്ന് അവർ നല്‌കിയ ചിത്രം നോക്കിയാണ് രൂപകല്പന ചെയ്തതെന്നും, ഇതിനായി പലതവണ നാവിക ആസ്ഥാനത്തെത്തി ചർച്ച നടത്തുകയും ചെയ്തെന്നു പറയുന്നു.ഗോൾഡ് ഫോമിംഗ് എന്ന ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ റെസിൻ ഉപയോഗിച്ചു നിർമ്മിച്ച വിഗ്രഹത്തിൽ പൂർണമായും ഗോൾഡ് ലെയർ ചെയ്യുകയായിരുന്നു. ഇതിൽ ടെറാക്കോട്ട വിദ്യകൂടി ഉപയോഗപ്പെടുത്തിയതോടെ ‘ബ്ലാക്ക് ആൻഡ് ഗോൾഡ് ‘ ചാരുതയോടെ കൂടുതൽ സ്വാഭാവികമായി മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചലച്ചിത്രതാരം മോഹൻലാൽ സമ്മാനിച്ച മരപ്രഭു എന്ന ശില്പം, അമേരിക്കയിലെ അയ്യപ്പക്ഷേത്രത്തിലേക്കുള്ള തിരുവാഭരണം തുടങ്ങിയവയെല്ലാംഡിസൈൻ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയുള്ള ഉത്തരവാദിത്വങ്ങളിൽ ഏറ്റവും ശ്രമകരമായിരുന്നു ഇതെന്നും പ്രീതി കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan