നായസല്‍ക്കാരം
മുത്തുകള്‍, മുത്തുകള്‍- 13
ഈസോപ്പുകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ഒരുഗ്രാമത്തില്‍ രണ്ടുചങ്ങാതിമാരുണ്ട്. മാന്യന്മാരും സമപ്രായക്കാുമാണ്. പുലരുംമുമ്പേ എഴുന്നേറ്റ് വ്യായാമത്തിനായി ഇരുവരും ഏറെദൂരം നടക്കാറുണ്ട്. കൂടെ സ്വന്തം വളര്‍ത്തുനായയേയും കൂട്ടാറുണ്ട്.
നടത്തത്തിനിടെ കുശലാന്വേഷണവും സൗഹൃദസംഭാഷണവും നടത്തുന്ന ചങ്ങാതിമാരുടെ നായ്ക്കളും വൈകാതെതന്നെ ചങ്ങാതിമാരായി. യജമാനന്മാരെപ്പോലെ അവയും വിശേഷ ങ്ങള്‍ കൈമാറി.
ഒരുദിവസം ചങ്ങാതിമാരില്‍ ഒരാള്‍ മറ്റേയാളോടു പറഞ്ഞു: ‘തിങ്കളാഴ്ച എന്റെ ഷഷ്ടിപൂര്‍ത്തിയാണ്. ചെറിയതോതില്‍ ആഘോഷവും വിരുന്നും ഒരുക്കുന്നുണ്ട്. നിങ്ങള്‍ കുടുംബസമേതം വരണം’.
ഷഷ്ടിപൂര്‍ത്തിയുടെ തലേന്നും അവര്‍ കണ്ടുമുട്ടി. നാട്ടുവിശേഷങ്ങള്‍ പറയുന്നതിനിടെ ഷഷ്ടിപൂര്‍ത്തിക്കു പിറ്റേന്ന് വരുമല്ലോയെന്ന് ഓര്‍മിപ്പിക്കാന്‍ ചങ്ങാതി മറന്നില്ല. അവരിരുവരും സംസാരിച്ചുകൊണ്ടിരിക്കേ, ഇരുവരുടെയും നായ്ക്കളും തിരക്കിട്ട സംഭാഷണത്തിലായിരുന്നു.
‘നാളെ എന്റെ യജമാനന്റെ വീട്ടില്‍ വലിയ ആഘോഷമാണ്. വലിയ വിരുന്നുണ്ട്. എന്തെല്ലാം വിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്നോ. ഓ കൊതിയാവുന്നു. നീ ഒരു കാര്യം ചെയ്യൂ; ഇന്നു രാത്രി എന്റെ യജമാനന്റെ വീട്ടിലേക്കു വരിക. ഇന്നുരാത്രിയും നാളെയും നമുക്ക് അവിടെ കുശാലായി കഴിയാം’ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്നയാളുടെ നായ മറ്റേതിനോടു പറഞ്ഞു. സുഹൃത്തിന്റെ ക്ഷണം നായയ്ക്കു നന്നേ സുഖിച്ചു. സദ്യവിഭവങ്ങളുടെ കാര്യമോര്‍ത്തപ്പോള്‍ വായില്‍ കപ്പലോടിക്കാവുന്നത്രയും വെള്ളം നിറഞ്ഞു.
ചങ്ങാതിമാരായ യജമാനന്മാര്‍ സംഭാഷണം നിര്‍ത്തി പിരിഞ്ഞു. ഒപ്പം നായ്ക്കളും. അവര്‍ സ്വന്തം വീട്ടിലേക്കു മടങ്ങി. സുഹൃത്തായ നായയുടെ ക്ഷണമനുസരിച്ച സന്ധ്യയായപ്പോഴേ അതിഥി നായ വിരുന്നുവീട്ടിലേക്കു യാത്രയായി. ചങ്ങാതിനായ അതിഥിനായയെ സ്നേഹത്തോടെ സ്വീകരിച്ചു.
വിരുന്നുവീട്ടിലെ അടുക്കളയ്ക്കു പിന്നില്‍ കെട്ടിയുണ്ടാക്കിയ പാചകശാലയ്ക്കരികില്‍ അതിഥിയെ ഇരുത്തിയശേഷം ‘ആതിഥേയന്‍’ മറ്റുചില കാര്യങ്ങള്‍ക്കായി സ്ഥലംവിട്ടു. പാചകശാലയില്‍ രണ്ടു മൂന്ന് അടുപ്പുകളിലായി ഉരുളികളിലും കുട്ടകങ്ങളിലും വിശിഷ്ട വിഭവങ്ങള്‍ തയാറായിവരുന്നു. അവയുടെ കൊതിയൂറുന്ന മണം മൂക്കിലേക്ക് ഇരച്ചുകയറി. അതിഥി നായയുടെ പുറത്തേക്കു നീട്ടിയ നീളമേറിയ നാവില്‍നിന്ന് കൊതിവെള്ളം ഇറ്റിറ്റു വീണു. ‘പാചകശാലയിലെ പാചകക്കാരുടെ കണ്ണുവെട്ടിച്ച് വയറുനിറയെ തിന്നണം’ പറ്റിയ അവസരത്തിനായി അതിഥിനായ കാത്തുനിന്നു.
കുറെക്കഴിഞ്ഞപ്പോള്‍ പാചകക്കാര്‍ അകത്തേക്കു കയറിപ്പോയി. ഇതുതന്നെ നല്ല അവസരമെന്നുകരുതി അതിഥി നായ പാചകശാലയിലേക്കു കുതിച്ചു. തിളച്ചുമറിയുന്ന വമ്പന്‍ പാത്രങ്ങളില്‍നിന്ന് എങ്ങനെ ഭക്ഷണവിഭവങ്ങള്‍ കൈക്കലാക്കും? നായ ഒരു നിമിഷം ആലോചിച്ചു.
ആലോചന മുറികിയപ്പോഴേയ്ക്കും അതു സംഭവിച്ചുകഴിഞ്ഞിരുന്നു. പാച കക്കാര്‍ ഓടിയെത്തി മുട്ടന്‍ വിറകുകൊ ള്ളികൊണ്ട് അതിഥിനായയുടെ തലയിലും പുറത്തും പൊതിരേ തല്ലി. കൂട്ടത്തല്ലേറ്റു വീണ നായയുടെ കൈകാലുകളില്‍ ആരോ പെട്ടെന്നു കടന്നുപിടിച്ച് ഒറ്റ ഏറും. വിരുന്നുവീടിന്റെ മതിലിനപ്പുറത്തെ പെരുവഴിയില്‍ തമ്പടിച്ചിരുന്ന മറ്റുചില നായ്ക്കള്‍ക്കിടയിലേക്കാണ് അതിഥിനായ പറന്നുയര്‍ന്ന പന്തുകണക്കേ വന്നുവീണത്. വിരുന്നുവീട്ടില്‍നിന്നു റോഡില്‍ വന്നുവീണത് തിന്നാനുള്ള വല്ലതുമാകുമെന്നു കരുതി തെരുവുപട്ടികള്‍ ഓടിക്കൂടി. ജീവനുള്ള നായയാണെന്നു കണ്ടപ്പോള്‍ അവയ്ക്കു നിരാശ. പൊതിരേ തല്ലുകിട്ടിയതിനുപുറമേ വീശിയെറിഞ്ഞു റോഡില്‍വീണ നായയ്ക്ക് ഒരു നിമിഷത്തിനുശേഷമാണ് സുബോധം തെളിഞ്ഞത്. എല്ലുനുറുങ്ങിപ്പോയ വേദനയോടെ നായ എഴുന്നേല്‍ക്കാനാകാതെ കിടന്നു മോങ്ങി.
‘കുശാലായെന്നു തോന്നുന്നു. മൂക്കറ്റം തിന്നതുമൂലം എഴുന്നേറ്റു നടക്കാന്‍പോലും പറ്റുന്നില്ല, അല്ലേ?’ തെരുവുനായ്ക്കള്‍ പരിഹസിച്ചു.
‘അതേയതേ, വയറുനിറയെ തിന്നു, കുടിച്ചു. ഇതിന്റെ സുഖം ഒരു സുഖംതന്നെയാ’ അതിഥിനായ ഞരങ്ങി ഞരങ്ങി പറഞ്ഞൊപ്പിച്ചു.
‘ങാ! ഈ സുഖം നീതന്നെ അനുഭവിച്ചാല്‍ മതി’ തെരുവുനായ്ക്കള്‍ പരിഹസിച്ച് ആര്‍ത്തുചിരിച്ച് തിരിഞ്ഞുനോക്കാതെ സ്ഥലംവിട്ടു.