ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്ന പോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലീം ലീഗ് എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിണറായി സർക്കാരിനെതിരെ നിലപാടുകൾ പറഞ്ഞു കൊണ്ട് ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിണറായി വിജയന്റെ ലീഗ് പരാമർശം തെറ്റായി കാണേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർക്കുകയും അനുകൂലിക്കേണ്ട വിഷയത്തിൽ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനെ ദുർവ്യാഖ്യാനം ചെയ്യണ്ട എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണർ വിഷയത്തിൽ ഏറ്റവും കൃത്യമായ നിലപാട് സ്വീകരിച്ചത് ലീഗാണ്. കാര്യങ്ങളുടെ ശരി തെറ്റുകൾക്കനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്. അതിൽ യു ഡി എഫ് എന്നോ എൽ ഡി എഫ് എന്നോ അല്ല ലീഗ് നോക്കുന്നത്. വിഷയത്തിന്റെ മെറിറ്റാണ്. വി. അബ്ദുൾ വഹാബ് എം.പി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയതിനെക്കുറിച്ച് ഇനി ചർച്ച ചെയ്യേണ്ട കാര്യമില്ല. വഹാബ് വിശദീകരണം നൽകി. അദ്ദേഹം തങ്ങളുമായി സംസാരിച്ചുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.