സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച പ്രിസം ജീവനക്കാരുടെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പിന്‍വാതില്‍ നിയമന നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്ഐ നേതാവിന്റ ഭാര്യയും പട്ടികയില്‍ ഇടംപിടിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
റബര്‍ താങ്ങുവില 250 രൂപയാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. കോട്ടയം പാമ്പാടിയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം (എഫ്സിആര്‍എ) ഭേദഗതി വരുത്തുന്ന ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു.
കേരളത്തില്‍ വോട്ടെടുപ്പ് സാങ്കേതികമായി ആരംഭിച്ചു. മുതിര്‍ന്ന പൗരന്മാരും 40 ശതമാനത്തിനു മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ വോട്ടെടുപ്പാണ് ഏപ്രില്‍ 3 വരെ നടക്കുന്നത്. 10,922 പേര്‍ ഹോം വോട്ടിംഗ് ചെയ്തു. ആകെ 2,07,757 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷിച്ചത്. ഉദ്യോഗസ്ഥ സംഘം വീടുകളിലേക്ക് എത്തിയാണു വോട്ടെടുപ്പ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, ബാലുശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്‌ളെയും ബിജെപി നേതാവ് നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് പ്രചാരണത്തിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പ്രസംഗിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ നാലിനു വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തും റോഡ് ഷോയല്‍ പങ്കെടുക്കും. തിരുവല്ലയില്‍ പ്രസംഗിക്കും.
എസ്ഡിപിഐയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എം.എ. ബേബി. ആര്‍എസ്എസിന്റെ പ്രവര്‍ത്തന ശൈലിയെ ന്യായീകരിക്കാന്‍ എസ്ഡിപിഐ അവസരം ഒരുക്കുന്നതിനോടു യോജിപ്പില്ലെന്നും ബേബി കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ സിപിഎം ഏരിയാ സെക്രട്ടറി കൈക്കലാക്കിയതിന്റെ തെളിവ് പുറത്ത്. പയ്യന്നൂരിലെ മുന്‍ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണനാണു തെളിവു പുരത്തുവിട്ടത്.
ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങളിലൂടെ നുണ പ്രചാരണം നടത്തുന്നതില്‍നിന്നു കടകംപള്ളി സുരേന്ദ്രനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വാദം. കടകംപള്ളിക്ക് ഏപ്രില്‍ ഒന്നിന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദ് നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ദ് ഡിസേബിള്‍ഡ് എന്ന സംഘടന പരാതി നല്‍കിയത്. കേരളം കണ്ട് അമേരിക്കയാണോയെന്നു ധരിച്ചുപോയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പരിഹസിച്ചു വി.ഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രസംഗിച്ചതിനെതിരേയാണു പരാതി.
സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശി നെടുവ ചക്യാട്ട് റോഡില്‍ നടുവീട്ടില്‍ പത്മനാഭനു (51) ലഭിച്ചു.
വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ അഞ്ചാലൂംമൂട് പോലീസ് അറസ്റ്റുചെയ്തു. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ച സംഭവത്തിലാണ് മകന്‍ വര്‍ഗീസ് (32) പിടിയിലായത്.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവാവ് യുവതിയെ കുത്തിയശേഷം വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചോട്ട്‌കോണം സ്വദേശിനിയായ കാവ്യ (24)യെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പാറശ്ശാല കരുമാനൂര്‍ സ്വദേശി അശ്വന്തിനെ (26) തിരുവനന്തപുരം മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു.
രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളുടെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തര്‍ ഇപ്പോള്‍ വികസന പാതയിലാണ്. മാവോയിസ്റ്റ് ഭീഷണി മാര്‍ച്ച് 31 നു മുന്‍പ് തുടച്ചുനീക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക്. ഒരു കപ്പല്‍ ഇന്ന് മുംബൈ തീരത്തും. മറ്റൊരു കപ്പല്‍ നാളെ മംഗളൂരുവിലും എത്തും. 94,000 ടണ്‍ എല്‍പിജിയാണ് ഈ രണ്ട് കപ്പലുകളിലുമായുള്ളത്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടന്‍ ഹോര്‍മുസ് കടക്കാന്‍ അനുവാദം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ബിജെപി അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാളിലെ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മാംസം മാത്രമല്ല, മല്‍സ്യവും മുട്ടയും പോലും നിരോധിക്കും. പുരുലിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിശാഖപട്ടണത്ത് കാമുകിയെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കിയ നാവികസേന ജീവനക്കാരന്‍ പിടിയില്‍. 35 കാരനായ രവീന്ദ്ര ആണ് ഭാര്യ സ്ഥലത്തില്ലാത്ത സമയത്ത് കാമുകി 29 കാരി മൌനീകയെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. പണം തന്നില്ലെങ്കില്‍ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയതാണു കൊലപാതകത്തിനു കാരണം.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയിന് 515 കോടി രൂപയുടെ സ്വത്ത്. 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും ഉണ്ടെന്നാണു സത്യവാങ്മൂലം. ഭാര്യ സംഗീതയുടെ പേരില്‍ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്.
ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മഹന്‍ വിമാനത്തിനു കേടുപാടുകള്‍. ഇന്ത്യയില്‍ നിന്നുള്ള മരുന്ന് അടക്കമുള്ള സഹായങ്ങള്‍ ഇറാനിലേക്ക് എത്തിച്ച വിമാനത്തിനാണ് കേടുപാടുണ്ടായത്.
കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിലെ സര്‍വീസ് കെട്ടിടം കഴിഞ്ഞ രാത്രി ഉണ്ടായ ആക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഇന്ത്യന്‍ തൊഴിലാളി മരണപ്പെട്ടു. കെട്ടിടത്തിന് വലിയ സാമ്പത്തിക നാശനഷ്ടവും സംഭവിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേരിട്ട് ആതിഥ്യംവഹിക്കാന്‍ തയ്യാറാണെന്ന പാകിസ്ഥാന്റെ നിലപാട് ഇറാന്‍ തള്ളി. അതിരുവിട്ടതും അന്യായവുമായ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ കരാറുണ്ടാക്കുന്നില്ലെങ്കില്‍ ഇറാനിലെ എണ്ണപ്പാടങ്ങളും വൈദ്യുതിനിലയങ്ങളുമടക്കം ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി നേരിട്ടും മധ്യസ്ഥര്‍ വഴിയും ചര്‍ച്ച തുടരുകയാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനില്‍ ഭരണമാറ്റം നടപ്പാക്കിയെന്നും പറഞ്ഞു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം. ഗോഹട്ടിയിലെ ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന് എല്ലാവരും പുറത്തായി. 36 പന്തില്‍ 43 റണ്‍സ് നേടിയ ജാമി ഓവര്‍ടോണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അരങ്ങേറ്റത്തില്‍ സഞ്ജു സാംസണ്‍ (6) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 12.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
