ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്. ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് കമ്പനി വിലക്കേര്‍പ്പെടുത്തിയത്. ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 1,235 അക്കൗണ്ടുകളാണ് പ്ലാറ്റ്‌ഫോം നീക്കം ചെയ്തത്. ഇതുള്‍പ്പടെ ആകെ 2,13,862 അക്കൗണ്ടുകള്‍ ഇതുവരെ എക്‌സ് നീക്കം ചെയ്തു. പരാതി പരിഹാര സംവിധാനങ്ങള്‍ വഴി ഈ സമയപരിധിക്കുള്ളില്‍ ഇന്ത്യയിലെ ഉപയോക്താക്കളില്‍ നിന്ന് 5,158 പരാതികള്‍ ലഭിച്ചതായി എക്‌സ് അറിയിച്ചു. കൂടാതെ പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 86 അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇങ്ങനെ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷം പുനഃസ്ഥാപിച്ചു. പരാതികളില്‍ 3074 എണ്ണം വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു, 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചൂഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.