രാമായണത്തിലെ കാണ്ഡങ്ങളെ കുറിച്ചൊക്കെ അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ നിങ്ങൾ വായിച്ചു കാണുമല്ലോ. ഇന്ന് നമുക്ക് രാമായണത്തിലെ വാനരന്മാരെയും രാക്ഷസന്മാരെയും കുറിച്ച് നോക്കാം….!!!
രാമകഥയിലെ വാനരന്മാരും, ഋക്ഷന്മാരും, രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യഭാരതത്തിലേയും ആദിവാസികളായ അനാര്യ (ദ്രാവിഡരും മറ്റും) ഉപജാതികളായിരുന്നു. ഇത് എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. വാല്മീകി രാമായണത്തിൽ ഈ ആദിവാസികളെ വാനരന്മാരെന്നും ഋഷന്മാരെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തിൽ ഇവരെല്ലാം തന്നെ മനുഷ്യരായി കരുതപ്പെട്ടിരുന്നു എന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം.
രാമയണത്തിലെ വാനരന്മാർ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്, മനുഷ്യരുടെ ഭാഷ, സംസ്കാരം എന്നിവ അവർക്കുമുണ്ട് എന്ന് രാമായണത്തിലൂടെ പറയപ്പെടുന്നു.വാനരന്മാരുടെ പേര്, അവരെ കുരങ്ങുകളുടെ പോലെ കാണപ്പെട്ടതിനാലാണെന്നൊരു കൂട്ടം ചരിത്രകാരന്മാർ വാദിക്കുമ്പോൾ ജൈനരാമായണം അനുസരിച്ച് അവരുടെ കൊടിയുടെ അടയാളം അപ്രകാരമായിരുന്നതിനാൽ കവി വാനരന്മാർ എന്ന് വിശേഷിപ്പിച്ചു എന്നാണ് മറ്റൊരു വിഭാഗം കരുതുന്നത്.
കരടിയുടെ ചിഹ്നം കൊടിയിലുണ്ടായിരുന്നവരെ ഋഷന്മാരെന്നും വിളിച്ചിരുന്നതിക്കാരണത്താലാണ് എന്നും പറയപ്പെടുന്നു. മറ്റൊന്ന് ഇക്കാലത്തെ ആദിവാസികളേ പോലെ തന്നെ ഈ ജാതികൾ വിഭിന്നമായ മൃഗങ്ങളേയും സസ്യങ്ങളേയും ആരാധിച്ചിരുന്നുവെന്നും ഏത് മൃഗത്തേയും സസ്യത്തേയും ആരാധിച്ചിരുന്നുവോ അതേ പേരിൽ തന്നെ വിളിക്കപ്പെടുകയും അതേ രീതിയിൽ വസ്ത്രധാരണം നടത്തുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു എന്നാണ് .
ഇതിനെ ടോട്ടം എന്ന ഗോത്രവിഭാഗത്തിൽ പെടുത്തിയാണ് ആധുനിക ചരിത്രകാരന്മാർ കാണുന്നത്. ജടായു, സമ്പാതി,(ഗരുഡൻ) ജാംബവാൻ(കരടി) സുഗ്രീവൻ (വാനരൻ) രാവണൻ(രാക്ഷസൻ) എന്നീ ടോട്ടങ്ങളെ രാമയണത്തിൽ പ്രസ്താവിച്ചിരിക്കുന്നു. രാമായണത്തിലെ വാനരന്മാരെ കുറിച്ചും രാക്ഷസന്മാരെ കുറിച്ചും ഇതൊക്കെയാണ് ചെറിയ രീതിയിൽ പറഞ്ഞു പോകുന്നത്. അറിയാകഥകളുടെ അടുത്ത ഭാഗത്തിലൂടെ രാമായണത്തിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ചും ചരിത്ര വീക്ഷണത്തെക്കുറിച്ചും മനസ്സിലാക്കാം.