ലോക്സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഓടിയ ടാക്സി വാഹനങ്ങൾക്ക് പണം നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങൾക്കാണ് വാടക കുടിശികയുള്ളതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇരുപത് മണ്ഡലങ്ങളിലേക്കും വിവിധ ആവശ്യങ്ങൾക്കായി കമ്മീഷൻ വാഹനങ്ങൾ വാടകയ്ക്ക് എടുത്തിരുന്നു. രണ്ട് ദിവസം മുതൽ നാൽപ്പത് ദിവസം വരെയാണ് ടാക്സി വാഹനങ്ങൾ തെരഞ്ഞടുപ്പ് ആവശ്യങ്ങൾക്ക് ഓടിയത്. ഏഴ് സീറ്റ് മുതൽ 30 സീറ്റ് വരെയുള്ള കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കാണ് ഇനി പണം നൽകാനുള്ളത്. അതാത് മണ്ഡലങ്ങളിലെ വരണാധികാരികളെ ടാക്സി തൊഴിലാളികൾ ബന്ധപ്പെട്ടപ്പോൾ കമ്മീഷൻ നേരിട്ടാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു മറുപടി. എന്നാൽ ഫയൽ മാറാനുള്ള കാലതാമസമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.