മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ടീസര്‍ എത്തി. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി കെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനര്‍നിര്‍വചിക്കാന്‍ പാകത്തിനാണ് ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഒരു അച്ഛന്‍- മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ കരിയറില്‍ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.