ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പ് വിപണിയില്‍ എത്തിയത് അടുത്തിടെയാണ്. പതിനായിരക്കണക്കിന് ബുക്കിങ്ങുകളാണ് ഈ ചെറു എസ്യുവിയെ തേടി എത്തുന്നത്. എന്നാല്‍ ജിംനിയുടെ ഒരു മോഡിഫിക്കേഷന് ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. സംഗതി ഒറിജിനല്‍ അല്ലെങ്കിലും ചിത്രം കണ്ടാല്‍ ആരും ഒന്നു നോക്കി നിന്നുപോകും. ജിംനി ഡാക്കര്‍ റാലി എഡിഷന് എന്ന പേരില്‍ ബിമ്പിള് ഡിസൈന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വെള്ള നിറത്തിലുള്ള ഈ ജിംനിയുടെ ചിത്രങ്ങള്‍ വന്നത്. വളരെ പെട്ടെന്നു തന്നെ ഈ 3ഡി ഡിസൈന്‍ ആരാധകര്‍ ഏറ്റെടുത്തത്. മാരുതി സുസുക്കി ജിപ്സിയുടെ തീമിലാണ് ഈ വാഹനം ഡിസൈന്‍ ചെയ്തത് എന്നാണ് പേജില്‍ പറയുന്നത്. ലിഫ്റ്റ് ചെയ്ത് സസ്പെന്‍ഷനാണ്. മുന്നില്‍ ഡബിള്വിഷ്ബോണും പിന്നില്‍ സോളിഡ് റിയര്‍ ആക്സിലും ഉപയോഗിച്ചിരിക്കുന്നു. 17 ഇഞ്ച് മഡ് ടെറൈന്‍ വീലുകളും വെള്ള നിറത്തിലുള്ള അലോയ്യുമുണ്ട്. മുന്നിലും വാഹനത്തിന് മുകളിലുമായി 14 ലൈറ്റ് പോഡുകള്‍ നല്‍കിയിട്ടുണ്ട്. ഡാക്കര്‍ റാലിയില്‍ മുരുഭൂമിയിലെ ഇരുട്ടിലൂടെ പോകാന്‍ ഇത് സഹായിക്കും എന്നാണ് ബിമ്പിള് ഡിസൈന്‍സിന്റെ അവകാശവാദം. കൂടാതെ സ്നോര്‍ക്കല്‍, ഹുഡ് വെന്റ്, കസ്റ്റം മെയ്ഡ് ബംബര്‍, സ്കിഡ് ബാര്‍, റൂഫ് റാക്, സ്പെയര്‍വീല്‍ എന്നിവയെല്ലാമുണ്ട് ഈ ജിംനിക്ക്.