വിവിധ ഭാഷകളെ വിവര്‍ത്തനം ചെയ്യുന്ന ആപ്പുകള്‍ ഓണ്‍ലൈനിലും പ്ലേസ്റ്റോറിലും ലഭ്യമാണ്. ഇത്തരം വിവര്ത്ത ആപ് ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്യാന്‍ ഭാഷ അറിയാത്ത അന്യദേശങ്ങളിലേക്കു പോകുന്നവര്‍ക്കു വലിയ സഹായമാണ്. ഇങ്ങനെയൊരു ആപ് ഒരാള്‍ക്കു മുട്ടന്‍ പണി കൊടുത്ത വിശേഷമാണിത്. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണു സംഭവം. റഷ്യന്‍ ഭാഷ സംസാരിക്കുന്ന അസര്ബൈജാന് സ്വദേശിയായ 36 കാരന് വിനോദസഞ്ചാരിയായി എത്തിയതാണ്. ഒരു റെസ്റ്റോറന്റില്‍ കയറി. മാതളനാരങ്ങ ജ്യൂസ് കഴിക്കാന്‍ ഓര്‍ഡര്‍ ചെയ്യണം. ഭാഷ അറിയില്ല. ഇംഗ്ളീഷില്‍ പോമെഗ്രാനേറ്റ് ജൂസ് എന്നു പറഞ്ഞാല്‍ മനസിലായില്ലെങ്കിലോ. ട്രാന്‍സലേറ്റര്‍ ആപിലൂടെ പേരു തേടി. അപ് പരിഭാഷയായി നല്‍കിയത് ഗ്രനേഡ് എന്ന പേരാണ്. ഒട്ടും സംശയിക്കാതെ അദ്ദേഹം ഗ്രനേഡ് എന്ന് ഓര്‍ഡര്‍ നല്കി. ഓര്‍ഡര്‍ എടുക്കാന്‍ വന്ന ബെയറര്‍ ഒന്ന് അമ്പരന്നു. ഒരു തുണ്ടു കടലാസില്‍ ആ പേര് എഴുതി ബെയറര്‍ക്കു നല്കി. ബെയറര്‍ ആ തുണ്ടുകടലാസുമായി അകത്തുപോയി പോലീസില്‍ വിവരം അറിയിച്ചു. ഗ്രനേഡുമായി ഒരു വിദേശി എന്നായിരുന്നു ബെയറര്‍ വിളിച്ചു പറഞ്ഞത്. പോലീസ് പാഞ്ഞെത്തി. സ്ഫോടക വസ്തുവായ ഗ്രനേഡുമായാണ് ഇയാള്‍ എത്തിയതെന്നു തെറ്റിദ്ധരിച്ച പോലീസ് തോക്കു ചൂണ്ടി ഇയാളെ വളഞ്ഞു. ഹോട്ടലില്‍നിന്നു പുറത്തിറങ്ങാനും നിലത്തു കമിഴ്ന്നു കിടന്നു കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. അയാള്‍ പുറത്തിറങ്ങി നിലത്തു കിടന്നു. അയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ആപ് ആപ്പിലാക്കിയതാണെന്നു പോലീസിനും ആപ്പിലായ വിനോദസഞ്ചാരിക്കും മനസിലായത്.
ആപ്പിലാക്കുന്ന ആപുകള്‍
