വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ പണി ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ 670 മീറ്ററോളം പണി പൂര്‍ത്തിയായിട്ടുണ്ട്
ബാക്കി 130 മീറ്റര്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഒരേസമയം 350 മീറ്ററില്‍ കൂടുതല്‍ നീളമുള്ള രണ്ട് മദര്‍ വെസ്സലുകള്‍ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകള്‍ കൈമാറ്റം നടത്താനും സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. തുറമുഖത്തേക്ക് വരുന്ന കപ്പലുകള്‍ ചേര്‍ത്തുനിര്‍ത്തി കണ്ടെയിനറുകള്‍ ഇറക്കാന്‍ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോമിനെയാണ് കണ്ടെയ്‌നര്‍ ബര്‍ത്ത് എന്ന് പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ നീളം 800 മീറ്ററാണ്.