തൃശൂർ പൂരത്തിനു മുന്നോടിയായി ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്നസ് പുന:പരിശോധന അപ്രായോഗികമാണെന്നും, ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ടെന്നും, കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും, പൂരം നല്ല രീതിയിൽ നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.