Untitled design 20250128 140330 0000

വരുമാന സ്രോതസുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റോഡുകളുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. റോഡിന് മാത്രമായി പ്രത്യേകം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഇത്രയേറെ പണം എടുക്കുമ്പോള്‍ അതിന്റെ പലിശയും തിരിച്ചടവും ആവശ്യമാണ് അതിന് വേണ്ടിയുള്ള മോഡലുകള്‍ ഉണ്ട് എന്നാല്‍ അവയൊന്നും ഉടന്‍ നടപ്പിലാക്കുന്ന സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.

 

 

 

കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കിയെന്നും കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരുഹമാണെന്നും കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കമെന്നും കെ.സുധാകരൻ പറഞ്ഞു.

 

 

 

 

സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട് ഓഫീസര്‍ ചുമതലയിൽ നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി. പകരം എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല. കണ്ണൂര്‍ സ്വദേശിയായ വോളിബോള്‍ താരത്തെ സിവിൽ പൊലീസ് ഓഫീസര്‍ തസ്തികയിൽ ചട്ടവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചുമതല മാറ്റത്തിൽ കലാശിച്ചത്.

 

 

 

 

കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകർക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും പിന്നാക്കാവസ്ഥയുണ്ടെങ്കിൽ ഫിനാൻസ് കമ്മീഷനെയാണ് സമീപിക്കേണ്ടത് അതാണ് താൻ ഉദ്ദേശിച്ചത്. മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

 

 

 

കേന്ദ്ര ബജറ്റിനു ശേഷം കേരളത്തോട് കേന്ദ്ര അവഗണനയെന്ന് വ്യാപക രീതിയിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കേന്ദ്രം കേരളത്തെ ബജറ്റിൽ കൈയ്യയച്ച് സഹായിച്ചിട്ടുണ്ട് എന്നാൽ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവമെന്നും കേന്ദ്ര അവഗണനയല്ല കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

 

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

 

 

 

 

കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ദില്ലിയിൽ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതിൽ സങ്കടം ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ടെന്നും ഒരു പദവി കിട്ടണം എന്ന ഒരാഗ്രഹവും ഇല്ല കോൺഗ്രസിൽ എല്ലാം ഭദ്രമാക്കി കൊണ്ടുപോവുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നു ജില്ലാ ഭരണകൂടം അടുത്ത നടപടികളിലേക്ക് കടന്നേക്കും. കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കും. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവർ അടങ്ങുന്നതായിരിക്കും കമ്മിറ്റി. ബലക്ഷയത്തെത്തുടർന്ന് താമസക്കാർ തന്നെ നൽകിയ ഹ‍ർജിയിലായിരുന്നു ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

 

 

 

മുൻ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയിൽ അധിക വേതനം കൈപ്പറ്റുന്നുവെന്ന് അക്കൗണ്ട് ജനറൽ ഓഫീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. പൊതുഭരണവകുപ്പിൽ എജി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് 2024 ജൂൺ വരെയുള്ള ഒരു വർഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്.

 

 

 

 

 

 

 

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക് നടത്തുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

 

 

 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ആശുപത്രി മാലിന്യ സംസ്കരണ ഏജൻസിയായ ഇമേജിന്‍റെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കി. ക്രമവിരുദ്ധമായാണ് രജിസ്ട്രേഷൻ നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നടപടി. സംസ്ഥാനത്തെ 20,000ൽ അധികം ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ബയോമാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള കരാർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ്. ഇമേജ് എന്ന പേരിൽ ഒരു ഏജൻസി രൂപീകരിച്ചായിരുന്നു ഐഎംഎ മാലിന്യ സംസ്കരണം നടത്തിയിരുന്നത്.

 

 

 

 

പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപക പരാതി. ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതിൽ, സൊസൈറ്റി ഉടമസ്ഥൻ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

 

 

 

 

സ്‌കൂൾ വിട്ടാൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയ പത്തിലധികം വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. കുറ്റിപ്പുറം ഗവ. ഹയർ സെക്കഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന പത്തിലധികം കുട്ടികളെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കുറ്റിപ്പുറം ഗവ. ഹയർസെക്കഡറി സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികൾ കുറ്റിപ്പുറം ബസ്റ്റാൻഡിൽ വെച്ച് ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

 

 

 

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

 

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

 

മുക്കത്ത് പീഡനശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്. മുക്കം പൊലീസ് പ്രതിചേർത്ത ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ ഒളിവിലാണ്.

 

 

തിരുവനന്തപുരം മണക്കാട് 13 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ശ്രീവരാഹം സ്വദേശികളായ മധുവും, സതിയുമാണ് പിടിയിലായത്. മധുവാണ് ബംഗളൂരിൽ നിന്നും കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

 

 

 

തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കറങ്ങവെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷാണ് മരിച്ചത്.അരുവിക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

 

 

 

തമിഴ്നാട് തേനി ജില്ലയിലെ ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂർ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. തേനി ജില്ലയിലെ ലോവര്‍ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം തോട്ടത്തിൽ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.

 

 

 

 

തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 3 നാണ് സുങ്കര കൃഷ്ണ പ്രസാദ് ചൗധരി എന്നറിയപ്പെടുന്ന കെ പി ചൗധരിയെ (44) ഗോവയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാതാവ് ആത്മഹത്യ ചെയ്താണെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെങ്കിലും, ചൗധരി കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലായിരുന്നു എന്നാണ് റിപ്പോർട്ട്.

 

 

 

കേരളത്തിൽ നിന്ന് കന്യാകുമാരിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ ലോറി തിരികെ നൽകാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ലോറി വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. ലോറികൾ ലേലം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ബയോമെഡിക്കൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കേവലം പരിസ്ഥിതി പ്രശ്‌നമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

 

 

എയ്റോ ഷോ നടക്കുന്നതിനാൽ ബെംഗളൂരു വിമാനത്താവളത്തിൽ വിമാന സർവ്വീസുകളിൽ തടസ്സം നേരിടുമെന്ന് അറിയിപ്പ്. വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ഫെബ്രുവരി 5 നും 14 നും ഇടയിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവ്വീസുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അറിയിപ്പ്.

 

 

 

 

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ദില്ലിയിൽ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും.

 

 

 

 

കുവൈത്തിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തികളല്ലാത്ത വലിയ വിഭാഗം ആളുകളുടെ സേവനം അവസാനിപ്പിച്ചതായി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. എന്നാൽ, സർക്കാർ ഏജൻസികളിലെ റീപ്ലേസ്‌മെൻ്റ് പോളിസിയിൽ കുവൈത്തി സ്ത്രീകളുടെ മക്കളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബ്യൂറോ വ്യക്തമാക്കി.

 

 

 

അമേരിക്കയിൽ മിക്ക സർക്കാർ വെബ്സൈറ്റുകളും തിങ്കളാഴ്ച പ്രവർത്തനരഹിതമായിരുന്നെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അടച്ചുപൂട്ടുന്ന മാനുഷിക ഏജൻസിയായ യുഎസ്എഐഡിയുടേതുൾപ്പെടെ നൂറുകണക്കിന് യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളാണ് ഓഫ് ലൈനിലായതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു

 

 

 

 

 

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ചൈന ശക്തമായ മറുപടി നൽകി. ഗൂഗിളിന്‍റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചൈന നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനും തീരുമാനിച്ചു.

 

 

 

 

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം. 205 ഇന്ത്യൻ പൗരന്മാരുമായി ടെക്സാസിൽ നിന്ന് വിമാനം പറന്നുയർന്നെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ ഇന്ത്യൻ പൗരനെയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്നും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്ന ഇത്തരത്തിലുള്ള നിരവധി വിമാനങ്ങളിൽ ആദ്യത്തേതാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

 

 

 

 

അടുത്ത സീസൺ മുതൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി. എല്ലാ ടീമുകൾക്കും തുല്യ അവസരം കിട്ടുന്ന രീതിയിലേക്ക് ചാമ്പ്യൻഷിപ്പ് മാറ്റുകയാണ് ഐസിസിയുടെ ലക്ഷ്യം. ജൂൺ പതിനൊന്നിന് ലോർഡ്സിൽ തുടങ്ങുന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനലിന് ശേഷം ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ മുതൽ മാറ്റം വരുത്താനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ശ്രമം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *