Untitled design 20241121 135223 0000

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചതിന് പിന്നാലെയാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത്. പക്ഷേ നിയമം 2034 ൽ മാത്രമേ നടപ്പാക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ല് പ്രകാരം ആദ്യ വിജ്ഞാപനം 2029 ലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ബില്ല് പാസാക്കിയ ശേഷം 4 വർഷം തയ്യാറെടുപ്പിന് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ അറിയിച്ചു.

 

 

ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ നടന്നത് ഒത്തുകളിയാണെന്നും അവസാന ഗെയിമില്‍ ചൈനയുടെ ഡിംഗ് ലിറന്‍ ഇന്ത്യൻ താരം ഡി ഗുകേഷിന് മുന്നില്‍ മന:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നുവെന്നും റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രെ ഫിലാത്തോവ് ആരോപിച്ചു. സിംഗപ്പൂരിലെ സെന്‍റോസയില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പില്‍ പതിനാലാം ഗെയിമില്‍ ഡിംഗ് ലിറന്‍റെ വലിയ അബദ്ധമാണ് ഗുകേഷിനെ ലോക ചാമ്പ്യനാക്കിയത്. ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടവും ഇതോടെ ഗുകേഷ് സ്വന്തമാക്കിയിരുന്നു.

 

 

 

 

പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെൺകുട്ടികളെ ഖബറടക്കിയത്. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്.

 

 

 

പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. കോഴിക്കോട് റീൽ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.

 

 

 

തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരനായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നൽകി. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്ന നാസർ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരിക്കുകയായിരുന്നു ഏറെക്കാലത്തെ തെരച്ചതിന് ശേഷമാണ് പിടികൂടിയത്.

 

 

 

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയിൽ കണ്ണൂരിൽ ഓൺലൈൻ പേജായ ന്യൂസ്‌ ഓഫ് മലയാളം എന്ന പേജിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ടൗൺ എസ് ഐ ആണ് ഇൻക്വസ്റ്റ് റിപ്പോർട്ടിനെ കുറിച്ചുള്ള പ്രചാരണത്തിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈനിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയായിരുന്നു.

 

 

 

ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ മറികടക്കാൻ എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും കോടതി തള്ളി.

 

 

 

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച കോഴിക്കോട് ഗവ. ലോ കോളേജില്‍ രാത്രിയില്‍ ഡി ജെ പരിപാടിക്ക് അനുമതി നല്‍കി പ്രിന്‍സിപ്പല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിപാടിക്ക് അനുമതി നല്‍കരുതെന്ന പോലീസ് നിര്‍ദേശം അവഗണിച്ചാണ് പ്രിന്‍സിപ്പലിന്‍റെ നടപടി. പ്രിന്‍സിപ്പലിന്‍റെ അനുമതി കിട്ടിയതിനെത്തുടര്‍ന്ന് യൂണിയന്‍ ഇന്നലെ രാത്രി പരിപാടി സംഘടിപ്പിച്ചു.

 

 

 

ആലപ്പുഴയില്‍ ആറ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായ അപകടത്തിന് പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം. ഒന്നാം വർഷ വിദ്യാർത്ഥികൾ രാത്രി 7.30 ക്കുള്ളില്‍ ഹോസ്റ്റലിൽ കയറണമെന്നും താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താനും മെഡിക്കൽ കോളേജ് പിടിഎ യോഗത്തിൽ ധാരണയായി.

 

 

 

യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസിൽ കയ്പമംഗലം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. കയ്പമംഗലം കാക്കാത്തിരുത്തി സ്വദേശി ആനക്കോട്ട് വീട്ടിൽ താജുദ്ധീൻ (52), കയ്പമംഗലം സ്വദേശി കാക്കശ്ശേരി റെമീസ് (26), ചളിങ്ങാട് ചമ്മിണിയിൽ വീട്ടിൽ അബ്ദുൾ മാലിക്ക് (54) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

 

പൊലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടയിൽ വർക്കലയിൽ 16കാരന് ഇരുചക്രവാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്ക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

 

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ശുചിമുറിയുടെ സ്ലാബിനടിയിൽ ഒളിപ്പിച്ച ഫോണാണ് ജയില്‍ അധികൃതര്‍ പിടികൂടിയത്. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കുമ്പോഴാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

 

 

 

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ തിരിച്ചറിയൽ രേഖകളും വിവരങ്ങളും നൽകാൻ റഷ്യൻ എംബസി നിർദേശം നൽകി. ജെയിൻ, ബിനിൽ എന്നിവരുടെ വിവരങ്ങൾ തേടി എംബസി അധികൃതർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ബന്ധപ്പെട്ടു. പാസ്പോർട്ട് വിശദാംശങ്ങളും, രേഖകളും വീട്ടുകാർ അയച്ചു നൽകി. റഷ്യൻ സർക്കാരിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏറ്റുവാങ്ങിയ ചടങ്ങിൽ കാതോലിക്കബാവ റഷ്യൻ അംബാസിഡറോട് സഹായം അഭ്യർത്ഥിച്ചിരുന്നു.

 

 

 

 

അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. പുഷ്പ 2 വിൻ്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരിച്ചത്.

 

 

 

ദില്ലി ആര്‍എംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്ക് നിയമനം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ദില്ലി ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. 42 പേരെ തിരികെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

 

 

 

തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ട്വിറ്ററില്‍ പരസ്പരം തങ്ങളുടെ സംസ്ഥാനക്കാരനാണ് ഗുകേഷെന്ന് അഭിസംബോധന ചെയ്തു. “ശ്രദ്ധേയമായ നേട്ടം മറ്റൊരു ചാമ്പ്യനെക്കൂടി സൃഷ്ടിച്ച് ആഗോള ചെസ്സ് തലസ്ഥാനമെന്ന സ്ഥാനം വീണ്ടുമുറപ്പിക്കാൻ ചെന്നൈ” എന്ന് സ്റ്റാലിൻ കുറിപ്പിട്ട് രണ്ട് മിനിറ്റിന് ശേഷം “നമ്മുടെ സ്വന്തം തെലുങ്ക് ഭാഷക്കാരന ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ” എന്ന് ചന്ദ്രബാബു നായിഡുവും ട്വീറ്റ് ചെയ്തു.

 

 

 

തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ദില്ലിയിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങൾ വൈകുന്നതിനാൽ ഇസ്താംബൂൾ വിമാനത്താവളത്തിൽ നാനൂറോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരാണ് 24 മണിക്കൂറിലേറെയായി കുടുങ്ങിയത്. ഇവർക്ക് മതിയായ ഭക്ഷണമോ താമസ സൗകര്യമോ ഒരുക്കി നൽകിയില്ലെന്നും ആരോപണമുണ്ട്.

 

 

രാജസ്ഥാനിലെ ധൗസയിൽ കുഴൽ കിണറിൽ വീണു 5 വയസുകാരന്റെ മരണകാരണം ശ്വാസനാളിയിൽ വെള്ളം കയറിയതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്. 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.

 

 

 

റിസർവ് ബാങ്കിന് ബോംബ് ഭീഷണി. മുംബൈയിലെ റിസർവ് ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ആർബിഐക്ക് ലഭിച്ച ഇമെയിൽ. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് റഷ്യൻ ഭാഷയിൽ എഴുതിയ സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

 

 

ദില്ലിയിലെ ആറോളം സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രാവിലെ വന്ന ബോംബ് ഭീഷണിയെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കി. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സഹായിക്കാനും ഫയർ ടെൻഡറുകൾ അയച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് ദില്ലിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.

 

 

 

ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

 

 

 

വിവാഹ വാഗ്ദാനം നൽകി ഐഐടി ഗവേഷക വിദ്യാർത്ഥിയെ പൊലീസ് കമ്മീഷണർ പീഡിപ്പിച്ചതായി ആരോപണം. കാൻപൂർ എസിപി മൊഹമ്മദ് മൊഹ്സിൻ ഖാനെ ആരോപണം ഉയർന്നതിന് പിന്നാലെ ചുമതലകളിൽ നിന്ന് മാറ്റി. ഐഐടി കാൺപൂരിലെ 26 വയസ് പ്രായമുള്ള ഗവേഷക വിദ്യാർത്ഥിനിയാണ് എസിപിക്കെതിരെ പരാതിയുമായി എത്തിയത്.

 

 

 

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഗ്രാന്‍ഡ് ഫിനാലെ ആഘോഷമാക്കി ടെക് ഭീമനായ ഗൂഗിളും. സെര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ പ്രത്യേക ഡൂഡില്‍ പ്രദര്‍ശിപ്പിച്ചാണ് ഇന്ത്യന്‍ താരം ഡി. ഗുകേഷ് വിജയിയായ ചെസ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെ ഗൂഗിള്‍ ആഘോഷമാക്കിയത്.

 

 

വനിതാ പ്രീമിയര്‍ ലീഗിലെ മിനി താരലേലം ശനിയാഴ്ച നടക്കും. ഞായറാഴ്ച വൈകിട്ട് മൂന്നിന് ബെംഗളൂരുവിലാണ് ലേലം നടക്കുക.120 താരങ്ങളാണ് താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 91 പേര്‍ ഇന്ത്യൻ താരങ്ങളാണ്. 29 വിദേശതാരങ്ങളും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *