Screenshot 20241026 141546 1

ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുതെന്നും ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല അങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.

 

 

 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വിലക്കി വരണാധികാരി കൂടിയായ ജില്ലാ കളക്ടർ. പി പി ദിവ്യ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കുകയും മാധ്യമ പ്രവർത്തകരെ തടയാൻ നിർദേശമുണ്ടെന്നും പൊലീസ് അറിയിച്ചു.

 

 

 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനങ്ങളുമായി പിപി ദിവ്യ . ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,ജീവനക്കാരുടെയും ,നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ വിജയമെന്നും കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ നിരവധിയാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നാടിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണമെന്നും അവരുടെ പോസ്റ്റില്‍ പറയുന്നു.

 

 

 

വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞത് പരിശോധിക്കാന്‍ എഐസിസി. പ്രിയങ്ക ഗാന്ധിയുടെ കന്നിമത്സരത്തില്‍ മികച്ച പോളിംഗ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നു എന്നാൽ പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

 

 

 

വയനാട് ചേലക്കര പോളിംഗ് ശതമാന കണക്കുകൾ എൽഡിഎഫിനോടും യുഡിഎഫിനോടും സാധാരണ ജനങ്ങൾക്കുള്ള അതൃപ്ത്തിയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍. യുഡിഎഫിന്‍റെ ജന പിന്തുണ വയനാട്ടിൽ അടക്കം കുറഞ്ഞുവെന്നും മൂന്നാം ബദലിന് ജനം ആഗ്രഹിക്കുന്നു യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ അപ്രസക്തമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. അതോടൊപ്പം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ സിപിഎം ചിന്നഭിന്നമാകുമെന്നും കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

 

 

കണക്ക് കൂട്ടലുകൾക്ക് ഒടുവിലും ചേലക്കരയിൽ ജയം അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും. 18,000 വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. 3000ലേറെ വോട്ടിന്‍റെ ജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ട് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും.

 

 

 

പാലക്കാട്ടെ ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ പി സരിൻ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണെന്ന് ഇപി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർഥിയാണെന്നും ജന സേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെ കുറിച്ച് മോശം പരാമർശമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തെത്തിയത്. പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദം ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം പരിശോധിച്ചേക്കുമെന്ന് വിവരം. പുസ്തകത്തിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. വിഷയത്തിൽ ഇ പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും.

 

 

 

പാലക്കാട് മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയി. എന്നാൽ കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രതികരിച്ചു. ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നും ജില്ലാ പ്രസിഡൻ്റ് വ്യക്തമാക്കി.

 

 

 

 

 

 

 

 

 

ഇടുക്കി മാട്ടുപ്പെട്ടിയിൽ ജലവിമാനം പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്നും ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും വനംവകുപ്പിൻ്റെ റിപ്പോർട്ട്. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും റിപ്പോർട്ടിലുണ്ട്. സർവ്വീസിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ.

 

 

 

മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. വിഎസ് സർക്കാർ നിയമിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നതെന്ന് അദ്ദേഹം പറഞ്ഞു. നിസാർ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നുവെന്നും കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് പരിഗണിക്കേണ്ടി വന്നതെന്നും മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാൻ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

സംസ്ഥാനത്തെ ആദ്യ വനിത ഡഫേദാറായി ചേർത്തലക്കാരി സിജി. വെളള ചുരിദാറും ഔദ്യോഗിക ക്രോസ്ബെൽറ്റും ധരിച്ച വനിത ഡഫേദാറെ ഇനി ആലപ്പുഴ കളക്ടറേറ്റിൽ കാണാം. നിലവിലെ ഡഫേദാർക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് സിജിക്ക് ജോലി ലഭിച്ചത് . 2005ൽ സ്പോർട്സ് ക്വോട്ടയിൽ റെവന്യൂ ഡിപ്പാർട്ട്മെന്റിലാണ് സിജി ജോലിയിൽ പ്രവേശിച്ചത്.

 

 

നയതന്ത്ര ബാഗേജുവഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിൻ്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

 

 

 

തേക്കടിയിലെത്തിയ ഇസ്രായേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ കടയിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടതായി പരാതി. ആനവച്ചാലിന് സമീപത്തെ കടയിൽ കരകൗശല വസ്തുക്കൾ കാണിക്കുന്നതിനിടെ സഞ്ചാരികൾ ഇസ്രായേൽ സ്വദേശികളാണെന്ന് കടയിലുള്ളവർ മനസ്സിലാക്കുകയും ഇതോടെ കടയിലെ ലൈറ്റ് അണച്ച് ഇവരോട് കടയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ മറ്റ് വ്യാപാരികൾ പ്രശ്‌നത്തിൽ ഇടപെട്ടതോട സ്ഥാപനം നടത്തിപ്പുകാർ സഞ്ചാരികളോട് മാപ്പ് പറഞ്ഞു.

 

 

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവമേറിയതെന്ന് ആരോഗ്യ വിദഗ്ധര്‍. ഒരു മാസത്തിനിടെ മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മാറിമാറി മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടാനിടയുണ്ടെന്നും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

 

 

 

മലപ്പുറം പാണ്ടിക്കാട് കാൽനട യാത്രക്കാർക്ക് നേരെ ടിപ്പർ പാഞ്ഞുകയറി ഒരാൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂർ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ എപ്പിക്കാട് സ്വദേശി സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

കോഴിക്കോട് താമരശ്ശേരിയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ഒറ്റയക്ക ലോട്ടറി ചൂതാട്ട മാഫിയയുടെ ഭീഷണി കൊണ്ടാണെന്ന് കുടുംബം വ്യക്തമാക്കി. താമരശ്ശേരി കെടവൂര്‍ അനന്തുകൃഷ്ണയെയാണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

ഇന്ത്യൻ ബഹിരാകാശ ഏജൻസി (ഐഎസ്ആർഒ) ചെലവാക്കുന്ന ഓരോ രൂപക്കും പകരം രണ്ടര രൂപയായി തിരികെ ലഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഐഎസ്ആർഒയിൽ സർക്കാർ മുടക്കുന്ന പണം സമൂഹത്തിന് ഗുണം ചെയ്‌തിട്ടുണ്ടോ എന്നതിനെക്കുറിച്ച് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ. വിപണിയിൽ പൊതുവെ കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന ഇത്തരം മരുന്നുകൾക്ക് ഇനി 50% അധിക വില നൽകേണ്ടി വരും.മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻപിപിഎയുടെ നടപടി.

 

 

 

മണിപ്പൂരിലെ അക്രമം വർധിച്ചതിനെത്തുടർന്ന് 2,500-ഓളം അധിക അർധസൈനികരെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണം വർധിക്കുന്ന ജിരിബാമിലാണ് സൈനികരെ വിന്യസിക്കുക. നവംബർ 7 മുതൽ 13 മരണങ്ങളാണ് മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോൾ 29,000-ത്തിലധികം പേർ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്.

 

 

 

ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്തെ സേവനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോദിക്ക് ബഹുമതി നല്‍കിയിരിക്കുന്നത്. ഗയാനയിൽ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും. കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.

 

 

തെലുങ്ക് ജനതയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നടിയും തമിഴ്നാട്ടിലെ

ബിജെപി നേതാവുമായ കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. 300 വർഷങ്ങൾക്ക് മുൻപ് രാജാവിന്റെ അന്തപുരത്തിൽ സേവ ചെയ്യാനായി എത്തിയ സ്ത്രീകളുടെ പിന്തുടർച്ചക്കാരാണ് തമിഴ്നാട്ടിൽ തെലുങ്ക് സംസാരിക്കുന്ന ആളുകൾ എന്നായിരുന്നു പരാമർശം.

 

 

 

ഗ്രേറ്റർ നോയിഡയിലെ സെക്ടർ ഗാമ 1 ലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരനായ യുധിഷ്ഠിർന് വലതു കണ്ണിന് ശസ്ത്രക്രിയ ചെയ്തെന്ന് പരാതി. ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകി.

 

 

 

യുഎഇയില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലൈറ്റ് ഇന്‍സ്ട്രക്ടറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഒരു ട്രെയിനിയും വിമാനത്തിലുണ്ടായിരുന്നു. ഫുജൈറ തീരത്ത് നിന്നാണ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിങ് വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ തുടരുകയാണ്.

 

 

ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ച ക്രിപ്‌റ്റോ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് ചൂതാട്ടം നടത്തുന്ന പോളിമാർക്കറ്റ് വെബ്സൈറ്റിന്റെ സ്ഥാപകനും സിഇഒയുമായ ഷെയ്ൻ കോപ്ലൻ്റെ ന്യൂയോർക്ക് സിറ്റി അപ്പാർട്ട്‌മെൻ്റിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റെയ്ഡ് നടത്തി. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ ട്രംപ് അനായാസ വിജയം നേടുമെന്ന് പോളിമാർക്കറ്റ് കൃത്യമായി പ്രവചിച്ചതിന് പിന്നാലെയാണ് റെയ്ഡ്.

 

 

 

പാകിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 മരണം. ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് സംഭവം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

 

 

 

സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിൽ പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയർന്ന ആംബർ അലർട്ടാണ് കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആൻഡലൂസിയയിലെ മലാഗയിലും നൽകിയിട്ടുള്ളത്. ആൻഡലൂസിയയിലെ സർക്കാർ സ്കൂളുകൾക്കടക്കം അവധി നൽകിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *