സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി മുന്നണികൾ. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് ആണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് സ്ഥാനാർത്ഥികൾ. വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും.ഇടതുമുന്നണി സ്ഥാനാർത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. തങ്ങളുടെ സ്ഥാനാർത്ഥികളും വൈകില്ലെന്നാണ് ബിജെപി നേതൃത്വവും വ്യക്തമാക്കുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ്കൽപ്പാത്തി രഥോത്സവ സമയത്ത് നിശ്ചയിച്ചത് മാറ്റേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം . രഥോത്സവ സമയത്ത് പുറത്ത് നിന്നുള്ള വോട്ടർമാർ നാട്ടിലെത്തുന്ന സമയമാണെന്നും കൽപ്പാത്തിയിൽ ഏറെയും ബിജെപി വോട്ടുകളായതിനാൽ ഇത് ഗുണം ചെയ്യുമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ അധ്യക്ഷൻ കത്ത് കൊടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് – യു.ഡി.എഫ് നേർക്കുനേർ മത്സരമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. സംസ്ഥാന സർക്കാരിനെ കേന്ദ്ര സർക്കാർ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്നത് ബിജെപിക്കെതിരെ മുഖ്യ പ്രചാരണമാക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ചേലക്കരയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത അതൃപ്തിയിലാണ്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് അദ്ദേഹം.
ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച കോൺഗ്രസിന് തിരിച്ചടിയായി പി സരിൻ്റെ അമർഷം. പത്തനംതിട്ട ജില്ലക്കാരനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം സരിൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്നലെ രാത്രി സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത് വരെ പ്രതീക്ഷയിലായിരുന്നു സരിൻ.എഐസിസി നിർദ്ദേശപ്രകാരം നടത്തിയ സർവേയിൽ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനാണ് ജയസാധ്യത പ്രവചിക്കപ്പെട്ടത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണം അല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ, പി സരിന്റെ വിമർശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെപിസിസി. സരിൻ ചോദ്യം ചെയ്തത് എഐസിസി തീരുമാനമാണ്. സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയേണ്ടിയിരുന്നു എന്നാണ് കെപിസിസി വിലയിരുത്തുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദര്‍ശിച്ചു. 12.30 ഓടെയാണ് വീട്ടിലെത്തിയത്.
തിരഞ്ഞെടുപ്പ് കാലത്തുയരുന്ന സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള പരിഭവങ്ങള്‍ താല്‍ക്കാലികം മാത്രമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വിജയസാധ്യതയുള്ള സീറ്റാണ് പാലക്കാട്, ഈ സീറ്റിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആളുകളുണ്ട്, യോഗ്യതയുള്ള ആളുകളുണ്ട്.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചുനില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു.
എഡിഎം നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി.ഔദ്യോഗിക ജീവിതത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള, പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത്. എഡിഎമ്മിൻ്റെ മരണത്തിൽ പാർട്ടിയും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച എഡിഎം നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം. ബി.ജെ.പി.യും യൂത്ത് കോണ്‍ഗ്രസും പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. സ്വന്തം പാർട്ടിയിലെ ഏതൊക്കെ അഴിമതിക്കെതിരെ പി.പി. ദിവ്യ ഇതുപോലെ ധാർമികരോഷം കൊണ്ടിട്ടുണ്ടെന്ന് ശാരദക്കുട്ടി ചോദിച്ചു.അനവസരത്തിൽ കാണിക്കുന്ന അതിസാമർഥ്യത്തെ അശ്ലീലമെന്നേ പറയാനാകൂ എന്നും വിമർശിച്ചു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്നും പരാതിക്കാരനായ പ്രശാന്ത് ബിനാമിയാണെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. എ.ഡി.എമ്മിന്റെ ആത്മഹത്യ അങ്ങേയറ്റം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് പറഞ്ഞ അവര്‍ ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തനിക്കെന്നും വ്യക്തമാക്കി.ക്ഷണിക്കപ്പെടാത്ത വേദിയില്‍ പി.പി ദിവ്യ പോകേണ്ടിയിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വേണ്ടിയിരുന്നില്ലെന്നും ശ്രീമതി പറഞ്ഞു.
പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു.ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും.
അധികൃതരുടെ കെടുകാര്യസ്ഥത മൂലമുണ്ടായ ലക്ഷങ്ങളുടെ കടബാധ്യതയെ തുടർന്ന് ഇടുക്കിയിലെ കുടുംബശ്രീ സംരംഭമായിരുന്ന ബൈസൺവാലിയിലെ ഫേമസ് ബേക്കറി അടച്ചുപൂട്ടി. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭാവവും, മാനേജർക്ക് തൊഴിൽ പരിചയം ഇല്ലാതിരുന്നതുമാണ് സംരംഭം തകരാൻ കാരണമായതെന്ന് കുടുംബശ്രീ അംഗങ്ങൾ ആരോപിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തീരദേശ മേഖലകളില്‍ ശക്തമായ കടലാക്രമണം. പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ നിരവധി വീടുകളിലേക്ക് കടല്‍ കയറി. പൊഴിയൂരില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വേലിയേറ്റം രൂക്ഷമായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാര്‍ ചെറിയ കുട്ടികളുമായി ബന്ധുവീടുകളില്‍ മാറിതാമസിക്കുകയാണ്.
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ .വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് വീണ്ടും വീണ്ടും ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുന്നുവെന്നതിന് തെളിവാണ്.എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ഇവിടത്തെ നിയമങ്ങൾ എല്ലാവരേയുംപോലെ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്.തന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ് അന്ന് ഒപ്പമുണ്ടായിരുന്നതെന്നും ബൈജു വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും. സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴ. തമിഴ്നാട്ടിൽ ഇരുപതോളം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി. ഇന്ന് പുലർച്ചയായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.ബോംബ് ഭീഷണിയില്‍ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തിൽ പതിനഞ്ച് വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. മൂംബൈയിലും ഛത്തീസ്ഗഡിലായി മൂന്ന് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തു. അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടക്കം ഇത്തരം ഭീഷണിസന്ദേശം എത്തുന്നതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് സംശയം.
ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയിലൂടെ ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകള്‍ ബോംബിട്ട് തകര്‍ത്തതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിടലെന്നാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം.
ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചതെന്ന് ആരോപിക്കപ്പെടുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സൈന്യം ബുധനാഴ്ച പങ്കുവെച്ചത്.വ്യാഴാഴ്ച ഇസ്രയേല്‍ ലെബനോനില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണമെന്നാണ് ഹിസ്ബുള്ള അറിയിച്ചത്.
മുസ്ലീം പള്ളിയില്‍ കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷന്‍ പരിധിയിലെപള്ളിയില്‍ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്.
വ്യവസായി രത്തൻ ടാറ്റ മുന്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന് എഴുതിയ കത്ത് പുറത്തുവിട്ട് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. ഇന്ത്യയിൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കിയതിൽ റാവുവിനോടുള്ള ബഹുമാനം പ്രകടിപ്പിച്ചാണ് കത്തെഴുതിയത്. ഇന്ത്യയുടെ ധീരവും ദീർഘവീക്ഷണമുള്ളതുമായ തീരുമാനത്തിന് ഓരോ ഇന്ത്യക്കാരനും നിങ്ങളോട് കടപ്പെട്ടിരിക്കണമെന്നും കത്തിൽ പറയുന്നു.