വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. വയനാട് ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ രാജൻ. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ദൗത്യസംഘവുമായുള്ള വ്യോമസേനയുടെ ഹെലികോപ്റ്റർ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വനമേഖലയിലേക്ക് പുറപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൽപറ്റയിലെ എസ്.കെ.എം.ജെ സ്കൂൾ ഗ്രണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയർന്നത്. രാവിലെ ഒൻപതോടെ ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്റ്ററിന് പ്രയാസമായതിനാലാണ് വൈകിയത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിലമ്പൂരിലെ പോത്തുകല്ല് മുണ്ടേരി ഭാഗത്തുനിന്ന് രണ്ടു ശരീര ഭാഗങ്ങൾ ചൊവ്വാഴ്ച കണ്ടെത്തി. ദുരന്തത്തിൽ ഇതുവരെ 402 പേർ മരിച്ചെന്നാണ് ഒനൗദ്യോഗിക കണക്ക്.227 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ രാജൻ. ദുരിത ബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും. തകർന്ന സ്കൂളുകളിലെ കുട്ടികളുടെ തുടർ പഠനത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടക ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അര്‍ജുന്‍റെ വീട്ടിലെത്തി കെ കെ രമ എംഎല്‍എ. കേരളം മുഴുവൻ ഏറെ പ്രതീക്ഷയോടെയായിരുന്നു ഷിരൂർ ഗംഗാവലിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുന്‍റെ തിരിച്ചു വരവ് കാത്തിരുന്നതെന്ന് കെ കെ രമ പറഞ്ഞു. ചെയ്യാൻ കഴിയാവുന്നതെല്ലാം ഇനിയും ചെയ്യേണ്ടതുണ്ടെന്നും കെ കെ രമ പറഞ്ഞു.
അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല് പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ട്.
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്‍റെ ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു.
എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശo നൽകി ഖാദർ കമ്മിറ്റി റിപ്പോർട്ട്. നിയമനത്തിന് പ്രത്യേക ബോർഡ് വേണമെന്നും നിർദേശമുണ്ട്. അതേ സമയം റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിർദേശങ്ങളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിൻ്റെ വീഴ്ച പറയാത്തത് കോൺഗ്രസിൻ്റെ രാഷ്ട്രീയ മൂല്യം കൊണ്ടെന്ന് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകണം. ദുരന്ത മുഖത്ത് പോലും കൊടിയുടെ നിറം നോക്കിയാണ് സിപിഎം പ്രവർത്തിക്കുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലാഭത്തെ കുറിച്ചാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
കെ സുധാകരനെ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വയനാടിനായി ചെലവഴിക്കുന്ന ഫണ്ടിന്‍റെ കാര്യത്തില്‍ സുതാര്യത വേണം. ഇക്കാര്യത്തില്‍ കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു.
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്ര അധികൃതർ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനുപുറമേ, കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് ഈ നിർദേശം.നിശ്ചിതശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകൾക്കേ അംഗീകാരം നൽകാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാർശ.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി. ശിവൻകുട്ടി. എയ്‍ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‍സി ക്ക് വിടുന്നത് ചർച്ചചെയ്തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെറെയിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി.റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കുമെന്ന്സമര സമിതി രക്ഷധികാരി ജോസഫ് എം പുതുശ്ശേരി പറഞ്ഞു.കേരളത്തിന്‍റെ സർവ്വ നാശത്തിന് പദ്ധതി കാരണമാകും.നിയമം അനുശാസിക്കുന്ന ഒരു പഠനവും കേരളം നടത്തിയിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന് എയിംസ് വർഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടും കേരളത്തോട് വിവേചനം കാണിക്കുകയാണ് കേന്ദ്രം. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം കേരളം ആരോഗ്യ സംവിധാനത്തിൽ ഒന്നാമതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് എടച്ചേരിയിൽ സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് 6 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.
ജലവൈദ്യുത പദ്ധതികൾക്കും മറ്റു വികസന പദ്ധതികൾക്കുമുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി വനഭൂമിയിൽ ചെറിയ രീതിയിൽ മാറ്റം വരുത്തുന്നതിന് പരിസ്ഥിതി അനുമതി വേണ്ടെന്നു വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വനോപദേശക സമിതി . സർവേ നടത്താനായി വനഭൂമി ചെറിയ തോതിൽ തുരക്കുന്നതിനോ നൂറിൽ താഴെ മരങ്ങൾ മുറിക്കുന്നതിനോ അനുമതിയുടെ ആവശ്യമില്ല. ഇത്തരം ചെറിയ ഇടപെടൽ വനഭൂമിയുടെ സ്വാഭാവികതയിൽ മാറ്റം വരുത്തില്ലെന്നും ഉപദേശക സമിതി അറിയിച്ചു.
വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിചച്ചിരുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതിയുത്തരവ്.
വന്ദേ ഭാരത് എക്‌സ്പ്രസിൽ അനധികൃത യാത്ര ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനറെ, ചുമതലയിൽ നിന്ന് നീക്കി. അപമര്യാദയായി പെരുമാറിയെന്ന സ്പീക്കർ എഎൻ ഷംസീറിൻ്റെ പരാതിയിലാണ് നടപടി. തിരുവനനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജരാണ് ടിടിഇക്കെതിരെ നടപടിയെടുത്തത്.
ബംഗ്ളാദേശ് കലാപത്തെത്തുടര്‍ന്ന് രാജ്യം വിട്ട ഷെയഖ് ഹസിന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാർ. സര്‍വ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയോ എന്ന്സർക്കാർ വ്യക്തമാക്കിയില്ല.ബംഗ്ളാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.കേന്ദ്ര സർക്കാരിന്‍റെ നടപടികൾക്ക് യോഗത്തില്‍ പങ്കെടുത്തരാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു.
ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്കും കാരണമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിയാണ് ബംഗ്ലാദേശ് സംഘർഷത്തിൻ്റെ സാഹചര്യം സംബന്ധിച്ച് യോഗത്തിൽ വിദേശകാര്യ മന്ത്രിയോട് ചോദിച്ചത്. ബംഗ്ളാദേശ് സേനയുമായി ഇന്ത്യ നിരന്തര സമ്പർക്കത്തിലാണെന്നും കലാപത്തിൽ വിദേശ ഇടപെടലുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്ക് എന്നാണ് വിലയിരുത്തൽ. അഫ്ഗാനിസ്ഥാന് പിന്നാലെ ബംഗ്ളാദേശിലും പാക് സ്വാധീനം വളരുന്നത് മന്ത്രിസഭ ചർച്ച ചെയ്തു.ബംഗ്ളാദേശിൽ ഇടക്കാല സർക്കാരിന് നൊബെൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്കണമെന്ന് വിദ്യാർത്ഥി നേതാക്കൾ ആവശ്യപ്പെട്ടു.
ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താജ്മഹലിൽ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്തു. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്മഹലിൽ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്തതിനാണ് വലതുപക്ഷ സംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി ബന്ധമുള്ള മീരാ റാത്തോഡിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്തത്.
താൻ മകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സസ്യാഹാരിയായെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രൂരത രഹിതമായി ജീവിക്കാൻ മകൾ തന്നോട് ആവശ്യപ്പെട്ടതോടെയാണ് മാംസാഹാരം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനോ ഭാര്യയോ പട്ട്, തുകൽ ഉൽപ്പന്നങ്ങൾ ഇപ്പോൾ വാങ്ങാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടതിനേത്തുടര്‍ന്നുള്ള ബംഗ്ലാദേശിലെ സാഹചര്യം സംബന്ധിച്ച് അന്വേഷിക്കണമെന്ന് യു.കെ. ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുള്ളതായും സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് എല്ലാവരും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മി പറഞ്ഞു.
ഏഷ്യന്‍ സൂചികകളോടൊപ്പം കുതിച്ച് രാജ്യത്തെ വിപണി. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 300 പോയന്റും സെന്‍സെക്‌സ് 1000 പോയന്റും നേട്ടമുണ്ടാക്കി. വാഹനം, ലോഹം, ഊര്‍ജം, ഐടി ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ നേട്ടമാക്കിയത്.
ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തി 2024ന് തുടക്കം. തമിഴ്നാട്ടിലെ സൂലൂരിലാണ് ആദ്യ ഘട്ടം നടക്കുക. 12 ലധികം രാജ്യങ്ങൾ ഇവിടുത്തെ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമാകും. വ്യോമാഭ്യാസത്തിന്‍റെ ഭാഗമാകാൻ ക്ഷണിച്ചത് 51 രാജ്യങ്ങളെയാണ്. 30 രാജ്യങ്ങൾ പങ്കെടുക്കും. തമിഴ്നാട്ടിലെ സുലൂരിലും രാജസ്ഥാനിലെ ജോധ്പൂരിലുമാണ് പരിപാടി നടക്കുക.
കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.