മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ച ഊർജിതമാക്കി എൻഡിഎ. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകും . ഇന്നലെ രാത്രി ജെപി നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടു എന്നാണ് സൂചന. സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. എന്നാൽ സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ.

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേരുമെന്ന് സൂചന. യോ​ഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. 99 സീറ്റ് നേടിയ കോൺഗ്രസ് പത്ത് വർഷത്തിന് ശേഷമാണ് പാർലമെൻ്റിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുൽ ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച നടത്തും.

എൻഡിഎ സർക്കാരിന്റെ ഞാറാഴ്ച്ചത്തെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്തും. യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികൾ സമീപിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാ​ഗമായി എൻടിഎയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടി. എന്നാൽ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എൻടിഎ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിൽ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇന്നലെ തമ്മിൽ തല്ലിയ കെ മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്.

അങ്കമാലിയിൽ വീടിന് തീ പിടിച്ചു അച്ഛനും അമ്മയും 2കുട്ടികളുമടക്കം നാല് പേർ മരിച്ചു. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.

തൃശൂരിൽ വോട്ട്  മറിച്ചതല്ലെന്നും പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടായെന്നും കെ മുരളീധരൻ. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉണ്ടാകും.തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. തോൽവിയുടെ പേരിൽ സംഘർഷമുണ്ടാവരുതെന്ന് തൃശൂർ ഡിസിസിയിലെ കൂട്ടയടിയെ കുറിച്ച് മുരളീധരൻ പറഞ്ഞു.

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ച നടപടിയോട് വിയോജിച്ച് സിപിഎം നേതാവ് കെ പ്രകാശ് ബാബു . വിമർശകരെല്ലാം ശത്രുക്കൾ അല്ലെന്ന് കെ പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഉറച്ച നിലപാട് ഉറക്കെ പറയുന്നതാണ് നല്ലതെന്നും അതുകൊണ്ട് ആര്‍ക്കും ദോഷം ഉണ്ടാകില്ല. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടകനായ പരിപാടിയിലായിരുന്നു പ്രകാശ് ബാബുവിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ നടത്തിയbവ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കുന്നില്ല, ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്നും മാർ കൂറിലോസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.സർക്കാരിനെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സിപിഎമ്മിനെ വിമർശിച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ അങ്ങനെ തന്നെ കിടപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വലിയ വിവരമുള്ളയാളെന്നും കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബിഷപ്പ് എന്നയാൾക്ക് സമൂഹത്തിൽ മാന്യതയുണ്ട് . ഇത്തരം പ്രസ്താവനങ്ങളിലൂടെ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികൾ എന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്പിണറായി പുതിയ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്യുന്നുവെന്നും വി ഡി സതീശൻ പരിഹസിച്ചു. ഒരു തിരുത്തലുകൾക്കും വിധേയനാകില്ലെന്ന പിണറായിയുടെ പ്രഖ്യാപനമാണിതെന്നും സതീശൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഗീവർഗീസ് കൂറിലോസിനെതിരായ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നു. ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ട. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വെക്കാൻ പറ്റാത്ത പദമാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ഇല്ലെന്നും സീറ്റ് ഒരു കാരണവശാലും വിട്ടുതരില്ലെന്നും സിപിഐ .അത്പാർട്ടിക്ക് അർഹമായ സീറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭാ സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫിൽ ധാരണ ആയിട്ടില്ല, ആശയപരമായ ചർച്ച പൂർത്തിയായി. സീറ്റ് കിട്ടിയേ മതിയാകൂ, കേരള കോൺഗ്രസിന്റെ കാര്യം തനിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃശ്ശൂർ ഡിസിസി ഓഫീസിലെ കൂട്ടയടിക്ക് പിന്നാലെ എം.പി വിൻസന്റിനെതിരെ തൃശ്ശൂർ പ്രസ് ക്ലബ്ബിന് മുന്നിൽ വീണ്ടും പോസ്റ്റർ . തുടർച്ചയായ നാലാം ദിവസമാണ് തൃശ്ശൂരിൽ കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് പോസ്റ്റർ പതിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് ചെയർമാൻ എംപി വിൻസന്റിനും അനിൽ അക്കരയ്ക്കും എതിരെ പോസ്റ്ററുകൾ വന്നിരുന്നു.

കോൺഗ്രസ് നേതൃത്വത്തിന് തൃശൂർ സിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കടുത്ത അതൃപ്തി. കർശന നടപടി വേണമെന്ന് നേതാക്കൾ. വൈകിട്ട് കെ സി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ദില്ലിയിൽ യോഗം ചേരും. തൃശൂരിലെ കെ മുരളീധരന്‍റെ തോൽവി, തല്ല് എന്നിവ യോഗത്തില്‍ ചർച്ച ചെയ്യും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുക്കും.

കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയ ശേഷമാണ് എൽഡിഎഫിൽ ചേർന്നത്, ജയ പരാജയങ്ങൾ വരുന്നതിന് അനുസരിച്ച്മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടന്നു. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പത്തനംതിട്ട അടവിയില്‍ വനം വകുപ്പ് ഉദ്യോ​ഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് മുമ്പും കയ്യേറ്റത്തിന് ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ. വനത്തിൽ മാലിന്യം തള്ളിയത് അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് കയ്യേറ്റത്തിന് ശ്രമിച്ചത്. ബാർബർ ഷോപ്പിലെ മുടി ചാക്കിൽ കെട്ടി വനത്തിൽ തള്ളുകയും ഈ മുടി ആനകൾ തിന്നുന്ന ഗുരുതര സാഹചര്യം ഉണ്ടായതോടെയുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്.

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതി പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പൊലീസ് പറഞ്ഞു.

സിപിഎം നേതാവിന്റെ ഭീഷണിയെ തുടർന്ന് അടച്ചുപൂട്ടിയ അടവി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തീരുമാനം. ഉന്നതതല നിർദേശത്തിനു വഴങ്ങിയാണ് ജീവനക്കാർ നിലപാട് മാറ്റിയത്. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും എന്ന് ജീവനക്കാർക്ക് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് എതിരായ ആക്രമണം, ഭീഷണി എന്നിവയിൽ  പോലീസ് ഇനിയും കേസ് എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് വനംവകുപ്പ് ജീവനക്കാരുടെ സംഘടന അറിയിച്ചു.

ദുബായിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ എത്തിയ വിമാനം കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കി. പുലർച്ചെ 2.15ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും.. സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട്. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിന് വയനാട് മൂലങ്കാവ് സ്കൂളിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ സ്മിത. മകന് നല്ല പരിക്കുണ്ട്, മെച്ചപ്പെട്ട ചികിത്സയ്ക്കായി ശബരിനാഥനെ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അധ്യാപകർ എന്തോ ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശബരിനാഥനെ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും അമ്മ വെളിപ്പെടുത്തി.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന്ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശമുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ സ്വന്തന്ത്രനായി വിജയിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറെ അക്രമിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കിയതായി പരാതി. മലപ്പുറം പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജ് വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്‍റ് എ.എൽ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് എന്നയാൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു രോഗിയെ മർ‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാരുടെ തമ്മിലടിക്ക് കാരണം.

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ. തൃശൂരിൽ പോസ്റ്ററിൽ വന്നവർ മാത്രമല്ല വില്ലന്മാർ, അവരുടെ ശിങ്കിടികളും വില്ലന്മാരായുണ്ടെന്നും പത്മജ പറഞ്ഞു. നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും. പറഞ്ഞത് കേട്ടില്ലെങ്കിൽ ദില്ലിയിലെ വലിയ നേതാവിന്റെ പേരും സംസ്ഥാനത്തെ ഒരു നേതാവിന്റെ പേരും പറയും. നേതാക്കൾ വന്നാൽ ‍ഡിസിസി പ്രസിഡന്റിനെ വരെ കാറിൽ കയറ്റാതെ ഇടിച്ചു കയറുമെന്നും പത്മജ പറഞ്ഞു.

കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി. മുരളീധരൻ. യാതൊരു ജാള്യതയുമില്ലാതെ ജനങ്ങൾക്കു മുമ്പിൽ സർക്കാറിന്റെ പ്രോ​ഗസ് റിപ്പോർട്ട് അവതരിപ്പിക്കാനും ഭരണ പരാജയത്തിന്റെ കുറ്റം മുഴുവൻ കേന്ദ്ര സർക്കാരിന്റെ ചുമലിൽ ഇടാനും നല്ല തൊലിക്കട്ടി വേണം. സർക്കാർ ജീവനക്കാർക്ക് പോലും നേരാംവണ്ണം പെൻഷൻ നൽകാൻ പറ്റിയില്ല. വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി അന്നും ഇന്നും പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വടകര മണിയൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരേ ബോംബേറ്. കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മുതുവീട്ടില്‍ ബാബുവിന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുകള്‍നിലയിലെ ടൈലുകള്‍ക്ക് കേടുപാട് സംഭവിച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കേന്ദ്രമന്ത്രി പദവികളിൽ ആരൊക്കെയെന്നതിൽ ചർച്ച തുടരുന്നു. ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് പട്ടിക തയ്യാറാക്കാനാണ് ടിഡിപി ശ്രമിക്കുന്നത്. അവസാന നിമിഷം വരെയും ആറ് മന്ത്രി പദവികൾക്കായി വില പേശാനാണ് ടിഡിപിയുടെ തീരുമാനം.ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന.

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ  ഇന്നലെ വൈകീട്ട് കോപ്പൻഹേഗനിലെ നഗരമധ്യത്തിൽ ആക്രമണം ഉണ്ടായി. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.  അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു,ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 8,000 വിശിഷ്ടാതിഥികളിൽ ദക്ഷിണ റെയിൽവേയിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ക്ഷണം. വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്‌സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്-സോലാപൂരിൽ നിന്ന് വന്ദേ ഭാരത് ട്രെയിലാണ് അവർ ജോലി ചെയ്യുന്നത്.

എംപി കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡിജിപിയെ കണ്ടു. സംഭവത്തിൽ പക്ഷപാതപരമായി അന്വേഷണം പാടില്ല. കുൽ വീദർ കൗറിനെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് അവർ ആവശ്യമുവായി ഡിജിപിയെ കണ്ടത്.

പുതിയ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻറാം മാഞ്ചി. സഹമന്ത്രി സ്ഥാനം നൽകാമെന്ന ബിജെപി നിലപാടിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദൾ എംപി അനുപ്രിയ പട്ടേലും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം പോരെന്നും സ്വതന്ത്ര ചുമതല വേണമെന്നുമാണ് അനുപ്രിയയുടെ ആവശ്യം.

180 കോടിയിലധികം വരുന്ന പ്രഫുൽ പട്ടേലിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉത്തരവ് മുംബൈ കോടതി റദ്ദാക്കി.  SAFEMA യുമായി ബന്ധപ്പെട്ട ഒരു അപ്പലേറ്റ് ട്രൈബ്യൂണലാണ് ഈ ഉത്തരവ് പാസാക്കിയത്. പട്ടേലിൻ്റെയും കുടുംബത്തിൻ്റെയും ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ വർളിയിലെ സീജെ ഹൗസിൻ്റെ 12, 15 നിലകൾ ഇഡി പിടിച്ചെടുത്തിരുന്നു.

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *